nirmala-seetharaman

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ ധനമന്ത്രി മൗനം വെടിയണമെന്നും പ്രതിസന്ധി നേരിടാൻ എന്ത് ചെയ്യണമെന്ന് സർക്കാരിന് അറിയില്ലെന്നും കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ കപിൽ സിബൽ. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് നീതി ആയോഗ് സി.ഇ.ഒ തന്നെ സമ്മതിക്കുന്നുണ്ടെന്നും എന്നാൽ ധനമന്ത്രി ഇപ്പോഴും മൗനത്തിലാണെന്നും സിബൽ പറഞ്ഞു. പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടി യാതൊരു പദ്ധതികളും കേന്ദ്ര സർക്കാർ ആവിഷ്‌ക്കരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബഡ്ജറ്റിലും ഇക്കാര്യങ്ങളെ കുറിച്ച് പരാമർശമില്ല. അദ്ദേഹം പറഞ്ഞു.

രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് വാണിജ്യ സംഘടനകൾ അടക്കമുള്ള സാമ്പത്തിക മേഖലയിലെ നിരവധി പ്രമുഖർ ഏറെ നാളുകളായി പറയുന്നുണ്ടായിരുന്നു. പക്ഷെ ഇതാദ്യമായാണ് സർക്കാരിന്റെ തന്നെ സാമ്പത്തിക നയരൂപീകരണ സമിതിയുടെ ഭാഗമായ നീതി ആയോഗിന്റെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ഇത്തരത്തിൽ പ്രതികരിച്ചിരിക്കുന്നത്. നിലവിൽ രാജ്യത്തെ എല്ലാ മേഖലകളിലും ഇപ്പോൾ സാമ്പത്തിക തിരിച്ചടി നേരിടുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഇത്തരം മേഖലകളെ രക്ഷപ്പെടുത്താൻ ബഡ്ജറ്റിൽ 'സ്റ്റിമുലസ്' പാക്കേജുകൾ സാമ്പത്തിക വിദഗ്ദർ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അങ്ങനെയൊരു പ്രഖ്യാപനം ബഡ്ജറ്റിൽ ഉണ്ടായില്ല.

ഒട്ടും പ്രതീക്ഷിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രജീവ് കുമാർ പറഞ്ഞിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് തൊട്ടുള്ള എഴുപത് വർഷ കാലയളവിൽ രാജ്യം ഇത്തരത്തിലൊരു പ്രതിസന്ധിയെ അഭിമുഖീകരിച്ചിട്ടില്ലെന്നും രജീവ് കുമാർ പറഞ്ഞിരുന്നു. രാജ്യത്തെ സാമ്പത്തിക രംഗം പൂർണമായും ഇത്തരത്തിൽ ഒരു പ്രതിസന്ധിയിലാണെന്നും പണലഭ്യത കുറയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വകാര്യ സാമ്പത്തിക രംഗത്തെ കുറിച്ചുള്ള മുൻധാരണകൾ സർക്കാർ മാറ്റി വെയ്‌ക്കേണ്ടതുണ്ടെന്നും രജീവ് കുമാർ ചൂണ്ടിക്കാട്ടി.