-terrorist

കൊയമ്പത്തൂർ: മലയാളി ഉൾപ്പെടയുള്ള ആറംഗ ലഷ്കർ ഭീകര സംഘം തമിഴ്നാട്ടിലെത്തിയതായി രഹസ്യാന്വേഷണ സംഘം മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ചെന്നൈ അടക്കമുള്ള ദക്ഷിണേന്ത്യൻ നഗരങ്ങളിൽ കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ശ്രീലങ്കയിൽ നിന്ന് തമിഴ്നാട്ടിലേക്ക് എത്തിയെന്ന് സംശയിക്കുന്ന സംഘത്തിൽ തൃശൂർ സ്വദേശി അബ്ദുൾ ഖാദർ എന്നയാളുമുണ്ടെന്ന് അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചു.


ഇയാളുടെ സഹായത്തോടെയാണ് ശ്രീലങ്കയിൽ നിന്ന് സംഘം തമിഴ്നാട്ടിലെത്തിയത്. സംഘത്തിൽ ഒരാൾ പാക് പൗരനാണെന്നും സൂചനയുണ്ട്. നെറ്റിയിൽ കുറിയും ഭസ്മവും അണി​ഞ്ഞ് വേഷം മാറിയായിരിക്കും ഇവരെത്തുകയെന്നും റിപ്പോർട്ടിൽ പറയുന്നു. വിമാനത്താവളം, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. കൂടുതൽ നുഴഞ്ഞുകയറ്റം ഒഴിവാക്കുന്നതിനായി തീരദേശ ഗ്രാമങ്ങളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. കോയമ്പത്തൂരിൽ വാഹനപരിശോധനയടക്കമുള്ള കാര്യങ്ങൾ കൂടുതൽ ശക്തമാക്കി. 1500 പൊലീസ് ഉദ്യോഗസ്ഥരെയാണ് ഇത്തരത്തിൽ നിയോഗിച്ചിരിക്കുന്നത്.

മുന്നറിയിപ്പിനെ തുടർന്ന് വേണ്ടത്ര മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ പരിസരത്തും പ്രദേശത്തും വിന്യസിച്ചിട്ടുണ്ടെന്ന് ചെന്നെെ പൊലീസ് കമ്മിഷണർ പറഞ്ഞു. അഫ്ഗാൻ തീവ്രവാദികളെ കാശ്മീരിൽ വിന്യസിക്കാൻ പാകിസ്ഥാൻ പദ്ധതിയിടുന്നതായി നേരത്തെ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ജമ്മുകാശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ പാക് അധിനിവേശ കാശ്മീരിൽ തീവ്രവാദികൾ നുഴഞ്ഞുകയറാൻ തയ്യാറെടുക്കുന്നതായിരുന്നു റിപ്പോർട്ട്.