ഇസ്ലാമബാദ്: അന്താരാഷ്ട്ര രംഗത്ത് വീണ്ടും തിരിച്ചടി നേരിട്ട് പാകിസ്ഥാൻ. ആഗോളതലത്തിൽ കള്ളപ്പണ ഇടപാടുകൾ നിരീക്ഷിക്കുന്ന സംഘടനായ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക്ക് ഫോഴ്‌സാണ് പാകിസ്ഥാനെ തരംതാഴ്ത്തി അനധികൃത ഇടപാടിന് കരിമ്പട്ടികയിലുള രാജ്യങ്ങളുടെ കൂട്ടത്തിൽ പെടുത്തിയത്. ടാസ്ക്ക് ഫോഴ്‌സിന്റെ ഒൻപത് പ്രാദേശിക ശാഖകളിലൊന്നായ ഏഷ്യ പസിഫിക് ഗ്രൂപ്പാണ് തങ്ങൾ നിഷ്കർഷിക്കുന്ന നിലവാരത്തിൽ എത്താത്തത് കാരണം പാകിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്തിയത്.
ഭീകരവാദം പ്രതിരോധിക്കുന്നതിലും, കള്ളപ്പണം നിയന്ത്രിക്കുന്നതിലും പാകിസ്ഥാൻ നിരന്തരം വീഴ്ചകൾ വരുത്തിയിട്ടുണ്ടെന്നും ഏഷ്യ-പസിഫിക് ഗ്രൂപ്പ് കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിലും പാകിസ്ഥാൻ മുന്നിൽ തന്നെയാണ്. ഏഷ്യ പസിഫിക് ഗ്രൂപ്പ് നിർദ്ദേശിക്കുന്ന 40 നടപടികളിൽ 32 എണ്ണത്തിലും പാകിസ്ഥാൻ വീഴ്ച്ച വരുത്തിയിട്ടുണ്ടെന്നും ഈ ഗ്രൂപ്പ് കണ്ടെത്തി. ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകുന്നത് നിർത്തണമെന്ന് പാകിസ്ഥാന് നേരത്തെ തന്നെ ടാസ്ക്ക് ഫോഴ്സ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇത് നടപ്പിലാക്കാൻ ഒക്ടോബർ വരെയാണ് പാകിസ്ഥാന് സമയമുണ്ടായിരുന്നത്. ഭീകരവാദ പ്രചാരണത്തിനും ഭീകരവാദികൾക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ആക്‌ഷൻ ടാസ്ക്ക് ഫോഴ്സ് പാകിസ്ഥാനെതിരെ നടപടിയെടുത്തത്. ഇതിന്റെ തുടക്കമെന്നോണം പാകിസ്താനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. കരിമ്പട്ടികയിൽ അകപെട്ടതോടെ ആഗോളതലത്തിൽ സഹായം ലഭ്യമാക്കുന്നതിന് നിരവധി കടമ്പകൾ കടക്കേണ്ടി വരും.