modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആവശ്യമില്ലാതെ വിമർശിക്കുന്നത് എപ്പോഴും ഗുണം ചെയ്യില്ലെന്നും മോദി ചെയ്ത് കാര്യങ്ങൾ അംഗീകരിക്കാനുള്ള സമയമായെന്നും കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ജയറാം രമേഷ് പറഞ്ഞത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ സമാനമായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി. മോദിയെ എന്തിനും ഏതിനും വിമർശിക്കുന്നത് ശരിയല്ലെന്നാണ് മനു അഭിഷേക് സിംഗ്‌വിയുടെ അഭിപ്രായം.

"മോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത് തെറ്റാണെന്ന് ഇപ്പോഴും പറയുന്നു. മോദി രാജ്യത്തിന്റെ പ്രധാനമന്ത്രി ആയതു കൊണ്ടു മാത്രമല്ല ഇതു പറയുന്നത്. യഥാർത്ഥത്തിൽ പ്രതിപക്ഷത്തിന്റെ ഏകപക്ഷീയ നിലപാടുകൾ മോദിയെ സഹായിക്കുകയാണ് ചെയ്യുന്നത്. പ്രവൃത്തികൾ എപ്പോഴും നല്ലതോ മോശമോ വ്യത്യസ്തമോ ആയിരിക്കാം. അവ വിലയിരുത്തപ്പെടേണ്ടത് വിഷയങ്ങൾ അനുസരിച്ചാകണം, അല്ലാതെ വ്യക്തിപരമായിട്ടല്ല. മറ്റു പല പദ്ധതികളെപ്പോലെ 'ഉജ്വല'യും തീർച്ചയായും നല്ലതാണ്"- മനു അഭിഷേക് സിംഗ്‌വി പറഞ്ഞു.

മോദിയുടെ ഭരണമാതൃക പൂർണമായും തെറ്റല്ലെന്നും അദ്ദേഹത്തിന്റെ നേട്ടങ്ങളെ അംഗീകരിക്കാത്തതും എപ്പോഴും കുറ്റപ്പെടുത്തുന്നതും ഗുണം ചെയ്യില്ലെന്നുമാണ് ജയറാം രമേഷ് പറഞ്ഞത്. ജനങ്ങളെ ചേർത്തുനിർത്തുന്ന ഭാഷയിലാണ് മോദി സംസാരിക്കുന്നതെന്നും മോദി ഭരണത്തിൽ സാമൂഹികമായും സാമ്പത്തികമായും തിരിച്ചടിയേറ്റുവെന്ന് പറയുന്നത് പൂർണമായും ശരിയല്ലെന്നും ജയറാം രമേഷ് പറഞ്ഞിരുന്നു.

അതേസമയം,​ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ നരേന്ദ്ര മോദിയേയും കേന്ദ്ര സർക്കാരിനെയും പിന്തുണയ്ക്കുന്നതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമാകാതെ തലപുകഞ്ഞിരിക്കുകയാണ് ബി.ജെ.പി നേതാക്കൾ. ഇരുനേതാക്കളും പാർട്ടിവിട്ടേക്കുമെന്ന സംശയമാണ് ചില ബി.ജെ.പി നേതാക്കൾ പങ്കുവയ്ക്കുന്നത്.

രാഷ്ട്രീയ എതിരാളിയെ പുകഴ്‌ത്തി ഉന്നത നേതാക്കൾ രംഗത്തുവന്നത് കോൺഗ്രസിന് സംബന്ധിച്ച് വലിയ തിരിച്ചടിയായിരിക്കുകയാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏറ്റ ക്ഷീണത്തിൽ നിന്നും ഇതുവരെ പാർട്ടി മോചനം നേടിയിട്ടില്ല. കൂടാതെ കേന്ദ്ര നേതൃസ്ഥാനത്ത് നിന്നും രാഹുൽ ഗാന്ധിയും പിൻവാങ്ങിയിരിക്കുകയാണ്. ഈ സന്ദർഭത്തിൽ തങ്ങളുടെ നേതാക്കൾ തന്നെ ഇങ്ങനെയൊരു പ്രസ്താവന നടത്തിയത് ആകാഷയോടെയാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.