ഇണക്കുരുവികളിൽ ഒരാൾ പിരിഞ്ഞുപോകുമ്പോഴുള്ള ഹൃദയ വേദനയിലൂടെയാണ് കടന്നുപോകുന്നത്. " ഉൺമയിൽ കെട്ടിപ്പടുത്ത ഒരു ബന്ധമായിരുന്നു ഞങ്ങളുടേത്,"" തുടരാനാവാതെ നീനാപ്രസാദിന്റെ ഭാവസാന്ദ്രമായ വലിയ കണ്ണുകൾ ഒരു നിമിഷം നിറഞ്ഞൊഴുകി. ഓർമ്മകളുടെ സമുദ്രത്തിലേക്ക് അവർ തനിയെ ഇറങ്ങി നടന്നു. കർമമണ്ഡലത്തിലും സ്വഭാവസവിശേഷതകളിലും വിശ്വാസത്തിലും തുടങ്ങി ഉയരത്തിൽ വരെ ഏറെ വ്യത്യസ്തരായ രണ്ടുപേർ. ആ വ്യത്യസ്തത തന്നെയായിരുന്നു സുനിൽ സി. കുര്യന്റെയും നീനാ പ്രസാദിന്റെയും ജീവിതത്തിന്റെ താളലയം. സുനിൽ കടന്നുപോയിട്ട് രണ്ടാഴ്ചയായിട്ടേ ഉള്ളൂ. ഓരോ അണുവിലും അദ്ദേഹത്തിന്റെ ഓർമ്മകളും ശ്വാസം പോലും നിറയുന്ന വീട്ടിലിരുന്ന് നീന പറഞ്ഞുതുടങ്ങി.
? രാഷ്ട്രീയക്കാരനും നർത്തകിയും. ഏറെ വ്യത്യസ്തരായ രണ്ട് വ്യക്തികൾ എങ്ങനെയാണ് ഒരുമിച്ചത്
വിജാതീയധ്രുവങ്ങൾ ആകർഷിക്കും എന്ന് പറയുന്നതു പോലെയായിരുന്നു ഞങ്ങളുടെ കാര്യം. കോളേജിൽ പഠിക്കുമ്പോൾ ഈ വ്യത്യാസം പറഞ്ഞാണ് എല്ലാവരും കളിയാക്കിയിരുന്നത്. അന്നേ വളരെ ആത്മീയമായ ഒരു ബന്ധമായിരുന്നു. അതുകൊണ്ടാണ് വർഷങ്ങൾക്ക് ശേഷം പുള്ളി കഷ്ടപ്പെടുന്നെന്ന് അറിഞ്ഞപ്പോൾ എനിക്ക് ഉറങ്ങാൻ കഴിയാതിരുന്നത്. അങ്ങനെ വിവാഹത്തിലെത്തുകയായിരുന്നു. അഭിരുചികളിലെല്ലാം തീർത്തും വിഭിന്നരായിട്ടും പരസ്പരം മനസ് വായിക്കാൻ കഴിഞ്ഞു. പുള്ളി വൃത്തിയുടെ ആളായിരുന്നു. കൈ കഴുകി കഴിഞ്ഞാൽ എവിടെയും തൊടാതെ വന്ന് ഭക്ഷണം കഴിക്കുക, എന്തെങ്കിലും ശരീരത്തിലേക്ക് വീണാൽ ആ ഉടുപ്പ് തന്നെ മാറ്റുക... ഇങ്ങയൊക്കെയായിരുന്നു ശീലം.
ഒരു ആർട്ടിസ്റ്റ് എന്ന രീതിയിൽ ഞാൻ ഏത് സാഹചര്യവുമായി പൊരുത്തപ്പെടും. ഇന്ന് ഫൈവ് സ്റ്റാർ ഹോട്ടലെങ്കിൽ നാളെ ഒരു സാധാരണ സ്ഥലത്ത്. പുള്ളിക്ക് അത്തരം അഡാപ്റ്റബിലിറ്റി ഉണ്ടായിരുന്നില്ല. പള്ളിയിലും അമ്പലങ്ങളിലുമെല്ലാം ഞാനാണ് പോകുന്നത്. അദ്ദേഹത്തിന് വിശ്വാസമില്ലെന്ന് ഞാൻ പറയില്ല. ഉള്ളിലൊരു ചിന്തയുണ്ട്. അത് പ്രകടനപരമായിരുന്നില്ല. ആനയെ മേയ്ക്കുന്നത് പാപ്പാനാണെന്ന് ഞാൻ പറയാറുണ്ടായിരുന്നു. ആന പാപ്പാനെ തൂക്കി തറയിലടിക്കാറുമുണ്ട് എന്നപ്പോൾ തമാശ പറയും. ഞങ്ങൾ രണ്ടുപേരുടെയും ഉള്ളിൽ ഒരു കൊച്ചുകുട്ടിയുണ്ടായിരുന്നു. അതാണ് സാമ്യതയുള്ള കാര്യം. രണ്ടുപേരും ലാളന കിട്ടി വളർന്നവരാണ്. ജീവിതം പഠിപ്പിച്ച പക്വതകളും ഞങ്ങളോടൊപ്പമുണ്ടായിരുന്നു.
? ക്ളാസ്മേറ്റ്സ് സിനിമയ്ക്ക് നിങ്ങളുടെ ജീവിതവുമായി സാമ്യമുണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്
അതെ. രസമെന്താണെന്നു വച്ചാൽ ആ സിനിമ ഇറങ്ങിയ ശേഷമാണ് ഞങ്ങൾ കല്യാണം കഴിക്കുന്നത്. സിനിമ കണ്ട ശേഷം സുനിൽ എന്നെ വിളിച്ച് കഥ പറഞ്ഞു. എസ്.എഫ്.ഐ ഉള്ളൊരു കോളേജ്. അവിടുത്തെ കലാതിലകമായ നർത്തകി എസ്.എഫ്.ഐ നേതാവുമായി പ്രണയത്തിലാകുന്നു. ഇതു കേട്ടപ്പോൾ തമാശ പറയുകയാണെന്നാണ് ഞാൻ കരുതിയത്. എന്നാൽ ഇയാള് പോയി സിനിമ കാണൂ എന്നായി സുനിൽ. ഞാനാ സിനിമ കണ്ടില്ല, എങ്കിലും പലരോടും ചോദിച്ചപ്പോൾ അവരെല്ലാം ഇതു തന്നെയാണ് പറഞ്ഞത്.
? അന്നത്തെ തീപ്പൊരി വിദ്യാർത്ഥി നേതാവിനോട് ആരാധനയായിരുന്നോ
അന്നദ്ദേഹം യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ, കോളേജ് യൂണിയൻ ചെയർമാൻ, യൂണിവേഴ്സിറ്റി കൗൺസിലർ ഒക്കെയായിരുന്നു. കോർപ്പറേഷൻ ഇലക്ഷന് മത്സരിച്ചിട്ടുമുണ്ട്. കൂട്ടുകാർ രണ്ടുപേരെയും ചേർത്ത് കളിയാക്കാറുണ്ടായിരുന്നെങ്കിലും ഞങ്ങൾക്ക് അത്തരം ചിന്തയൊന്നുമുണ്ടായിരുന്നില്ല. ഒരു ദിവസം ഇംഗ്ളീഷ് ഡിപ്പാർട്ട്മെന്റിന് അരികിലൂടെ ഞാൻ വരുമ്പോൾ അദ്ദേഹം എതിരെ വന്നു. ഞങ്ങളെ എപ്പോഴും കളിയാക്കുന്നത് കൊണ്ട് എന്നെ മറികടന്ന് മുന്നോട്ട് പോകാനുള്ള ധൈര്യമില്ലാതെ പുള്ളി തിരിച്ചു പോയി. ഇതെന്തു നേതാവാണ്... പുറത്ത് ഇത്രയും പടപൊരുതിയിട്ട് ഇത്രയേയുള്ളോ എന്നാണ് അന്ന് മനസിൽ തോന്നിയത്. വീണ്ടും കാണണമെന്നൊക്കെയുള്ള ആഗ്രഹം രണ്ടുപേരിലും വളർന്നുകൊണ്ടിരുന്നു. ആയിടയ്ക്ക് മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ ഞങ്ങളെയൊക്കെ ആദരിക്കുന്ന ഒരു പരിപാടി നടന്നു. അതിനായി ഇവിടെ നിന്നൊരു ബസിലാണ് പോയത്. ആ ബസിൽ എന്നെയും സുനിലിനെയും കളിയാക്കിയുള്ള പാട്ടുകളൊക്കെ ഇടുന്നുണ്ടായിരുന്നു.
ഞങ്ങൾ ബലം പിടിച്ചിരുന്നത് ഓർമ്മയുണ്ട്. വാക്കുകൾ കൊണ്ട് പറയേണ്ടതില്ലാത്ത ഇഷ്ടം പതുക്കെ രൂപപ്പെട്ടു. ഏതോ ഒരു ഹംസവും ഇതിനിടയിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ആ സമയത്താണ് വീട്ടിൽ ഫോൺ കണക്ഷൻ കിട്ടുന്നത്. ഞാൻ നമ്പർ കൊടുത്തിട്ട് പോയി. തിരികെ വന്നപ്പോൾ വീട്ടിൽ ഫോൺ റിംഗ് ചെയ്യുന്നു. എനിക്കറിയാമായിരുന്നു അത് സുനിലാണെന്ന്. ഞാൻ ഓടി വന്ന് ഫോൺ എടുത്തു. അതാണ് ആദ്യത്തെ സംസാരം. 1992 കാലത്ത്. പല കാരണങ്ങൾ കൊണ്ട് പ്രണയം വിവാഹത്തിലേക്ക് എത്തിയില്ല. അതിന് പിന്നെയും വർഷങ്ങളെടുത്തു.
? കോളേജുകാലത്തെ പ്രണയം പലർക്കും വർഷങ്ങൾക്ക് ശേഷം തമാശയായി തോന്നും. ആ ഒരു സമയത്താണ് നിങ്ങൾ രണ്ടുപേരും വിവാഹം കഴിക്കാൻ തീരുമാനിച്ചത്
നമ്മുടെ ഹൃദയവും മനസും രണ്ടാണെന്ന് വിവാഹം കഴിച്ചപ്പോഴാണ് എനിക്ക് മനസിലായത്. വിവാഹവേളയിലെ ടെൻഷനിടയിലും എന്റെ മനസ് വല്ലാതെ ആനന്ദിക്കുന്നുണ്ടായിരുന്നു. ചില കാര്യങ്ങൾ 90 ശതമാനവും നമുക്ക് വേണ്ടെന്ന് തോന്നും. പക്ഷേ പത്തു ശതമാനം ചിന്തകൾ മനസിനെ കുത്തിക്കുത്തി വേണമെന്ന തീരുമാനമെടുപ്പിക്കും. അതിനുശേഷമാണ് ഇതുതന്നെയായിരുന്നു വേണ്ടതെന്ന് മനസിലാകുക. അത്തരത്തിലൊരു തീരുമാനമായിരുന്നു വിവാഹം. അസാധാരണമായി ചിന്തിക്കാനുള്ള കഴിവ് ഒരു ആർട്ടിസ്റ്റിനും ഒരു രാഷ്ട്രീയ നേതാവിനുമുണ്ടാവും. സുനിൽ എന്റെ ജീവിതത്തിൽ ഒരുപാട് നന്മകൾ സംഭാവന ചെയ്തിട്ടുണ്ട്. കഷ്ടപ്പെടുന്നവരെ കുറിച്ചൊന്നും ഞാനധികം ചിന്തിച്ചിരുന്നില്ല. ആശുപത്രിയിൽ പോയി ഒരാളെ കാണലില്ല. എന്റെ ലോകം മറ്റൊന്നായിരുന്നു. അതിൽ നിന്ന് എന്നെ താഴേക്ക് കൊണ്ടുവരുകയും കല എങ്ങനെ സമൂഹത്തിന് വേണ്ടി ഉപയോഗിക്കാം എന്ന് പഠിപ്പിക്കുകയും ചെയ്തു.
? നൃത്തത്തിലെ പുതിയ പരീക്ഷണങ്ങൾ ആദ്യം കണ്ടിരുന്നത് അദ്ദേഹമായിരുന്നോ
അങ്ങനെയില്ല. അവസാനം റോസാ ലക്സംബർഗിനെ അടിസ്ഥാനമാക്കി നൃത്തം ചിട്ടപ്പെടുത്തിയപ്പോൾ അദ്ദേഹം വന്ന് കണ്ടിരുന്നു. സാമൂഹിക പ്രസക്തമായ കാര്യങ്ങളോടായിരുന്നു താത്പര്യം.
? നൃത്തത്തിന് പ്രാധാന്യം കൊടുത്ത ഒരു ജീവിതത്തിൽ ഒരു സാമ്പ്രദായിക ഭാര്യയാകാൻ ബുദ്ധിമുട്ടാണെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്
സാമ്പ്രദായിക ഭാര്യയാകുക എന്ന ലക്ഷ്യത്തോടെ ഉരുവപ്പെട്ട ഒരു പെൺകുട്ടിയായിരുന്നില്ല ഞാൻ. സുനിൽ അതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഉച്ചയ്ക്ക് വരുമ്പോൾ ഞാൻ വീട്ടിലുണ്ടാവുന്നത് ഇഷ്ടമായിരുന്നു. പക്ഷേ, വീട്ടുകാര്യങ്ങൾ തനിയെ ചെയ്യാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. യാത്ര പോകുമ്പോൾ പെട്ടിയൊക്കെ എടുത്തുവച്ചാൽ കുറ്റമറ്റതായിരിക്കണം. അക്കാര്യത്തിലൊക്കെ അദ്ദേഹത്തിന്റെ അമ്മയുടെ റിഫ്ളക്ഷൻ ആകണം ഭാര്യ എന്നാഗ്രഹിച്ചിരുന്നു.
? ഇതിനിടയിലായിരുന്നല്ലോ രോഗം കടന്നുവരുന്നത്
എട്ട് വർഷം മുമ്പ് കരൾ മാറ്റിവച്ചു. പൊതുവേ ആരോഗ്യവാനായിരുന്നു. ഇടയ്ക്ക് ചില ഇൻഫെക്ഷൻസ് വരും. അപ്പോഴൊക്കെ പ്രതിസന്ധികളുണ്ടാവും. അതെല്ലാം അതിജീവിച്ച് തിരിച്ചുവരും. ഞാനാണ് അതേക്കുറിച്ചൊക്കെ ആലോചിച്ച് വിഷമിച്ചത്, അദ്ദേഹം ആശങ്കപ്പെട്ടിരുന്നില്ല. ഞാൻ വലിയ ഈശ്വരവിശ്വാസിയാണ്. പ്രാർത്ഥനകൾ വലിയൊരു ധൈര്യമായിരുന്നു.
? രോഗകാലത്തെ നേരിട്ടത് എങ്ങനെയാണ്
പ്രയാസം നിറഞ്ഞ കാലമായിരുന്നു. ചിലപ്പോൾ പെട്ടെന്ന് സോഡിയം കുറയും. പുള്ളിയെ അതിലൂടെ കൊണ്ടുപോകാനൊക്കെ ഞാൻ കഷ്ടപ്പെട്ടിട്ടുണ്ട്. ജീവിതത്തിലേക്ക് വരുമ്പോൾ രണ്ടും രണ്ടുവ്യക്തികളാണല്ലോ. ഓപ്പറേഷൻ നടന്ന സമയത്ത് ഞങ്ങൾ അദ്ദേഹത്തിന്റെ സ്ഥലമായ പേരൂരിൽ വീടുവച്ചു. രണ്ടും ഒരുമിച്ച് നടന്നെങ്കിലും ആ സമയത്ത് ഒരുപാട് പ്രയാസമുണ്ടായിട്ടുണ്ട്. സ്നേഹത്തിന്റെ അടിത്തറയിൽ കെട്ടിപ്പടുത്ത ഒരു ബന്ധമായതുകൊണ്ടാണ് അതു നിലനിന്നത്.
? അന്നൊക്കെ നൃത്തം ചെയ്യാൻ എങ്ങനെയാണ് സമയം കണ്ടെത്തിയത്
എല്ലാത്തിനും അദ്ദേഹമെന്നെ വിട്ടിരുന്നു. പരിപാടികൾ ഒരെണ്ണം പോലും കുറയ്ക്കരുത് എന്ന നിർബന്ധമുണ്ടായിരുന്നു. ''നീ മരിച്ചു കിടക്കുമ്പോൾ എന്തെങ്കിലും അത്യാവശ്യക്കാര്യം വന്നാൽ അഞ്ച് മിനിട്ടിനുള്ളിൽ ചെയ്തിട്ടു വരാം എന്നു പറഞ്ഞ് ഞാൻ പോകും... അതുകൊണ്ട് നീയും ഒന്നും മാറ്റിവയ്ക്കരുത്""... എന്നായിരുന്നു സുനിൽ എപ്പോഴും പറയാറുള്ളത്. ഒരു തവണ അദ്ദേഹത്തിന് ഇന്റേണൽ ബ്ളീഡിംഗ് ഉണ്ടായപ്പോൾ ഞാൻ ചെന്നൈയിലേക്ക് തിരിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നെ അറിയിക്കേണ്ട എന്ന് കൂടെയുള്ളവരോട് പറഞ്ഞു. പക്ഷേ അവരെന്നെ വിളിച്ചു. അങ്ങനെ വർക്കലയിലിറങ്ങി തിരികെ വരികയായിരുന്നു.
? ഇത്തരം സമയങ്ങളിൽ സ്ത്രീകൾക്കായിരിക്കും കൂടുതൽ ധൈര്യമെന്ന് കേട്ടിട്ടുണ്ട്
ഞങ്ങളുടെ കാര്യത്തിൽ സുനിലിനായിരുന്നു ധൈര്യം. സമചിത്തതയോടെ എല്ലാം നേരിട്ടു. ഓരോ റിസൾട്ട് വരുമ്പോഴും എനിക്ക് പേടിയാണ്. അവസാനമായപ്പോഴേക്കും ചിലതൊന്നും തുറക്കുകയേ ഇല്ല, അതിനുള്ള ധൈര്യമില്ലായിരുന്നു.
? സുനിൽ സി. കുര്യൻ എന്ന സഖാവിനെ എങ്ങനെയാണ് കാണുന്നത്
സി.പി.എമ്മിൽ നിന്ന് വെളിയിലായ ശേഷവും അദ്ദേഹം ഒരു ഇടതുപക്ഷക്കാരനായിരുന്നു. ഞങ്ങൾ രണ്ടുപേരും മതവിശ്വാസികളല്ല, മതം മാറിയിട്ടുമില്ല. എനിക്ക് ഈശ്വരവിശ്വാസമുണ്ട്. വളരെ ആഴത്തിൽ മനുഷ്യ മനസുകളെ അറിയാൻ സുനിലിന് സാധിച്ചിരുന്നു. മനുഷ്യത്വമെന്നത് പറച്ചിലിൽ ഒതുങ്ങിയില്ല. ഒരു ക്രിസ്മസ് കേക്കുമായി മണിക്കൂറുകളോളം യാത്ര ചെയ്ത് അത് അർഹതപ്പെട്ടയാളിന് എത്തിക്കുന്നത് കണ്ടിട്ടുണ്ട്. അദ്ദേഹം ചെയ്ത സഹായങ്ങൾ കൊണ്ട് എത്രയോ പേർ ഉയരങ്ങളിലെത്തിയിരിക്കുന്നു. ചുറ്റുമുണ്ടായിരുന്ന മിക്കവരും അദ്ദേഹം സഹായിക്കുകയോ അദ്ദേഹത്തിന്റെ കൈയിൽ നിന്ന് സഹായം പറ്റുകയോ ചെയ്തിട്ടുള്ളവരാണ്.
? സഹായിച്ചവർ കൂടെ നിന്നില്ല എന്ന് തോന്നിയിരുന്നോ
തീർച്ചയായും. അതാണ് അദ്ദേഹത്തിന് വിഷമമായത്. കുടുംബത്തിലുള്ള ചിലരുൾപ്പെടെ പിന്നിൽ നിന്ന് കുത്തിയവരുണ്ട്. റെഡ്ക്രോസിലും ചില വിഷമകരമായ കാര്യങ്ങളുണ്ടായി. എല്ലാം മാനസികമായി തളർത്തി. ചെമ്പഴന്തി അനിൽ എപ്പോഴുമുണ്ടായിരുന്നു. റെഡ്ക്രോസിലെ സഹപ്രവർത്തകയായ നാൻസി ഒരു മകളെപ്പോലെ ഞങ്ങൾക്കൊപ്പം നിന്നു. നാൻസിയോട് തിരിച്ചും ആ കരുതലുണ്ടായിരുന്നു. അച്ഛനെയും മകളെയും പോലെയായിരുന്നു അവരുടെ സ്നേഹം. മിടുക്കരായ ചെറുപ്പക്കാരെ കണ്ടെത്തി വളർത്തിക്കൊണ്ടു വരാൻ സുനിലിന് കഴിഞ്ഞിരുന്നു.
? മരണാനന്തരചടങ്ങുകൾ മതപരമായിരുന്നല്ലോ. എങ്ങനെയാണ് ആ തീരുമാനത്തിലേക്ക് എത്തിയത്
അതേ കുറിച്ച് ഞങ്ങൾ തമ്മിൽ ഒരുപാട് ചർച്ചകൾ നടന്നിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിന് കൊടുക്കണം അല്ലെങ്കിൽ ചടങ്ങുകൾ ഒന്നുമില്ലാതെ ദഹിപ്പിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ദഹനം ഇക്കോ ഫ്രണ്ട്ലിയാണെന്നായിരുന്നു അഭിപ്രായം. എന്റെ സമ്മതമുണ്ടെങ്കിൽ ഇപ്പോൾ സഹോദരിയോട് വിളിച്ചു പറയാം എന്നൊക്കെ പറയും. മര്യാദയ്ക്ക് യാക്കോബായ പള്ളിയിൽ കിടന്നാൽ മതിയെന്ന് ഞാനും പറയും. അതിൽ ഞാൻ ഉറച്ചു നിൽക്കാൻ പല കാരണങ്ങളുണ്ട്. ജീവിച്ചിരിക്കുമ്പോൾ നമുക്ക് പല ആഗ്രഹങ്ങളും കാണും. പക്ഷേ, സുനിലിനെ പോലെയൊരാളുടെ കാര്യത്തിൽ ഞാൻ അങ്ങനെയൊരു തീരുമാനമെടുത്താൽ കുടുംബത്തിൽ നിന്നോ സമൂഹത്തിൽ നിന്നോ ചോദ്യങ്ങളുയരാം. സുനിലിന്റെ ആഗ്രഹം അതായിരുന്നു എന്നു ഞാൻ പറഞ്ഞാൽ ആരും വിശ്വസിക്കണമെന്നില്ല. ഇനി അഥവാ വിശ്വസിച്ചാലും എനിക്കൊരു സ്വസ്ഥതക്കുറവാണ്. മകൻ ബെവൻ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. ശോശാപ് പുതപ്പിച്ചതും ബെവനാണ്. സന്തോഷമായുള്ള മടക്കമായിരുന്നു.
? സി.പി.എമ്മിലേക്ക് തിരിച്ചുവരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നോ
എന്നൊക്കെ എല്ലാവരും പറയുന്നു. എനിക്കത് അറിയില്ല.
? നൃത്തം കൂടെയുള്ളത് കൊണ്ട് ജീവിതത്തിൽ ഒറ്റയ്ക്കാവില്ലെന്നറിയാം. എങ്കിലും ഇപ്പോൾ എന്താണ് മനസിൽ
ഇത്രയും വർഷം ഞങ്ങൾ രണ്ടുപേരുമാണ് ഈ വീട്ടിലുണ്ടായിരുന്നത്. അതിലൊരാൾ വിട്ടുപോകുമ്പോൾ.... സുനിൽ എല്ലാം ഉൾക്കൊള്ളുന്ന വ്യക്തിയായിരുന്നു. ചെറിയ കാര്യങ്ങളിൽ പോലും കരുതലുള്ളയാൾ. അദ്ദേഹത്തിന്റെ അഭാവം എന്നെ മാനസികമായി വളരെ ബാധിക്കുന്ന ഒന്നു തന്നെയാണ്. ചിലപ്പോൾ എങ്ങും പോയിട്ടില്ല ഇവിടെ തന്നെയുണ്ടെന്ന് തോന്നാറുണ്ട്. ചില സമയത്ത് എങ്ങനെ ഞാനിനി മുന്നോട്ട് വരും എന്നു തോന്നും. അപ്പോൾ അദ്ദേഹം പറഞ്ഞിട്ടുള്ള കാര്യങ്ങൾ മനസിൽ മുഴങ്ങും. സങ്കടപ്പെട്ട മുഖം ആരെയും കാണിക്കരുത്, ജീവിതത്തെ ധൈര്യമായി നേരിടണമെന്ന് പറയുമായിരുന്നു. നൃത്തം തന്നെയാണ് എപ്പോഴും എന്നോടൊപ്പമുണ്ടായിരുന്നത്. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചതും നൃത്തത്തിലൂടെയാണ്. അതിലേക്ക് കൂടുതൽ ഇഴുകി ജീവിക്കണം. അദ്ദേഹത്തിന് വേണ്ടി കൂടുതലായി എന്തെങ്കിലും ചെയ്യണമായിരുന്നോ, അറിയില്ല. കുറച്ച് കൂടി സമയം കൂടെയിരിക്കാമായിരുന്നു.
? നീനയുടെ തുടർന്നുള്ള ജീവിതം എങ്ങനെയായിരിക്കും
ഡാൻസിനായി ഒരു എതിനിക് ഹെറിറ്റേജ് സ്പേസ്. അതാണ് സ്വപ്നം. മോഹിനിയാട്ടത്തെ കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്യണം.
? ഒരു കുഞ്ഞു വേണമെന്ന് തോന്നിയിട്ടുണ്ടോ
ഒരു കുഞ്ഞിനെ സറോഗേറ്റ് (വാടക ഗർഭധാരണം) ചെയ്യണമെന്ന് ഇടയ്ക്ക് കരുതിയിരുന്നു. കരൾ രോഗമുള്ളതു കാരണം സുനിലിന് പേടിയായിരുന്നു. കുഞ്ഞു വേണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എങ്കിലും അതിനു പിറകേ പോയില്ല.