ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തികരംഗം ആറ് മുതൽ ഏഴ് ശതമാനം വരെ വളർച്ചാ നിരക്ക് കൈവരിച്ചുവെന്നും നിക്ഷേപകരുടെ ആത്മവിശ്വാസം മുൻപെങ്ങും ഇല്ലാത്ത വിധം വർദ്ധിച്ചുവെന്നും ഇൻഫോസിസ് സോഫ്റ്റ്‌വെയർ കമ്പനിയുടെ സഹസ്ഥാപകൻ എൻ.ആർ നാരായണമൂർത്തി. സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നതിന്റെ കാര്യത്തിൽ ലോകത്തിൽ നയിക്കുന്നത് ഇന്ത്യയാണെന്നും ഇന്ത്യയുടെ വിദേശനിക്ഷേപം 400 ബില്ല്യൺ ഡോളർ കടന്നുവെന്നും നാരായണമൂർത്തി പറഞ്ഞു. കേന്ദ്ര സർക്കാർ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും തടസങ്ങൾ നീക്കി സംരംഭകർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ അവസരമൊരുക്കുകയാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സാമ്പത്തിക രംഗം ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന വേളയിലാണ് നാരായണമൂർത്തിയുടെ പ്രസ്താവന വരുന്നത്.
രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് വാണിജ്യ സംഘടനകൾ അടക്കമുള്ള സാമ്പത്തിക മേഖലയിലെ നിരവധി പ്രമുഖർ ഏറെ നാളുകളായി പറയുന്നുണ്ടായിരുന്നു. പക്ഷെ ഇതാദ്യമായി സർക്കാരിന്റെ തന്നെ സാമ്പത്തിക നയരൂപീകരണ സമിതിയുടെ ഭാഗമായ നീതി ആയോഗിന്റെ വൈസ് ചെയർമാൻ രജീവ് കുമാർ രാജ്യത്തിൻറെ സാമ്പത്തിക രംഗം തകരുകയാണ് എന്ന പ്രസ്താവനയുമായി രംഗത്തെത്തി. നിലവിൽ രാജ്യത്തെ എല്ലാ മേഖലകളിലും ഇപ്പോൾ സാമ്പത്തിക തിരിച്ചടി നേരിടുന്നുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഇത്തരം മേഖലകളെ രക്ഷപ്പെടുത്താൻ ബഡ്ജറ്റിൽ 'സ്റ്റിമുലസ്' പാക്കേജുകൾ സാമ്പത്തിക വിദഗ്ദർ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അങ്ങനെയൊരു പ്രഖ്യാപനം ബഡ്ജറ്റിൽ ഉണ്ടായില്ല.