helicopter

ശ്രീനഗർ: ഫെബ്രുവരി 27ന് കാശ്മീരിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്ന് വീണ സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് ഇന്ത്യൻ വ്യോമസേന നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഒരു ഗ്രൂപ്പ് ക്യാപ്റ്റൻ, രണ്ട് വിംഗ് കമാൻഡർമാർ, രണ്ട് ഫ്ലൈറ്റ് ലെഫ്റ്റനന്റ്മാർ എന്നിവരെയാണ് കുറ്റവാളികളായി കണ്ടെത്തിയത്.

'അഞ്ച് ഉദ്യോഗസ്ഥരെ കുറ്റക്കാരാണെന്ന് കണ്ടെത്തി, തുടർനടപടികൾക്കായി റിപ്പോർട്ട് വ്യോമസേന ആസ്ഥാനത്തേക്ക് അയച്ചിട്ടുണ്ട്'-സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഫെബ്രുവരി 27 ന് പാകിസ്ഥാൻ വിമാനമാണെന്ന് തെറ്റിദ്ധരിച്ച് വ്യോമസേന ഇന്ത്യൻ ഹെലികോപ്റ്ററിനെ വെടിവെച്ചിടുകയായിരുന്നു.

ഫെബ്രുവരി 26 ന് നടന്ന ബാലകോട്ട് വ്യോമാക്രമണത്തെത്തുടർന്ന് കനത്ത ജാഗ്രത പാലിക്കുന്നതിനിടെയാണ് ഹെലികോപ്റ്റർ വെടിവച്ചിട്ടത്. ബഡ്ഗാമിന് സമീപമാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. വിമാനത്തിലുണ്ടായിരുന്ന ആറ് വൈമാനികർ കൊല്ലപ്പെട്ടിരുന്നു.

ഇന്ത്യ​​-പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ ജമ്മു കശ്മീരിൽ വ്യോമാക്രമണത്തിൽ ഏർപ്പെട്ട ഏകദേശം അതേ സമയത്താണ് ഹെലികോപ്റ്റർ വെടിവച്ചിട്ടത്. കൃത്യമായ വിവരം കൈമാറുന്നതിലും നടപടികൾ ഏകോപിപ്പിക്കുന്നതിലും മുതിർന്ന ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായെന്ന് നേരത്തേ ആരോപണമുണ്ടായിരുന്നു.