ഒരു എന്റെർറ്റെയിനർ കാണാൻ പോകുന്ന മലയാളിയുടെ പ്രതീക്ഷകൾ എന്തൊക്കെയാകും? ത്രില്ലടിപ്പിക്കുന്ന കഥ, സംഘട്ടനം, പാട്ട്, പ്രേമം, പിന്നെ കുറച്ച് സെന്റിമൻസും ഡ്രാമയും കൂടിയാകാം. സംവിധാനം ജോഷിയാണെങ്കിൽ പിന്നെ പ്രതീക്ഷകൾക്ക് കുറവുണ്ടാകില്ല. ജോജു ജോർജും നൈല ഉഷയും ചെമ്പൻ വിനോദും കേന്ദ്രകഥാപാത്രങ്ങളായ 'പൊറിഞ്ചു മറിയം ജോസ്' ഒരു ജോഷി സ്റ്റൈൽ ചിത്രം തന്നെയാണ്. എൺപതുകളുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സൗഹൃദവും പ്രേമവും പ്രതികാരവുമാണ് ഇതിവൃത്തമാകുന്നത്.
പൊറിഞ്ചുവും ജോസും കുട്ടിക്കാലം തൊട്ട് ഉറ്റ സുഹൃത്തുക്കളാണ്. ഇവരുടെ കൂട്ടത്തിൽ മറിയവുമുണ്ട്-പൊറിഞ്ചുവിന്റെ പ്രണയിനി. സ്കൂളിൽ പഠിക്കുന്ന കാലം മുതൽക്കേ ഇവർക്കിടയിലെ ബന്ധത്തെക്കുറിച്ച് പറഞ്ഞു തുടങ്ങിയ ചിത്രം പിന്നീട് ഏറെ വർഷങ്ങൾക്കിപ്പുറത്തെ കഥ പറയുന്നു. ജോസ് അടിപ്പാടി ഡിസ്കോ ഡാൻസും കളിച്ച് നടപ്പാണ്. ആലപ്പാട്ട് വീട്ടിലെ മറിയം നല്ല ഉശിരുള്ള പെണ്ണാണ്. പൊറിഞ്ചുവും ആയിട്ടുള്ള വിവാഹം വീട്ടിലെ എതിർപ്പു മൂലം നടക്കാതെ മറിയം ഇപ്പോഴും ഒറ്റയ്ക്കാണ്. പൊറിഞ്ചുവാകട്ടെ ഇപ്പോൾ അറിയപ്പെടുന്നത് കാട്ടാളൻ പൊറിഞ്ചു എന്നാണ്-തൃശൂരിലെ കുപ്രസിദ്ധനായ ഗുണ്ട. നാട്ടിലെ പ്രമാണിയായ ഐപ്പിന്റെ വലം കൈയുമാണ് പൊറിഞ്ചു. നാട്ടുകാർക്ക് വേണ്ടപ്പെട്ടവരാണ് ഇവരെല്ലാമെങ്കിലും ജോസിനെയും പൊറിഞ്ചുവിനെയും നശിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഐപ്പിന്റെ മക്കൾ തന്നെയാണ്.
ഒരു പള്ളി പെരുന്നാളിന് നടക്കുന്ന അടിപിടിയും തുടർന്നുണ്ടാകുന്ന ശത്രുതയും അടുത്ത പള്ളി പെരുന്നാളിന് അതിന്റെ പക പോക്കലുമാണ് ചിത്രത്തിലെ അടിസ്ഥാന കഥ. ചിത്രത്തിന്റെ ആദ്യ പകുതിയിൽ പ്രത്യേകതകൾ ഒന്നുമില്ലാതെയുള്ള കഥ പറച്ചിലാണ്. കഥാപാത്രങ്ങളെയും അവരുടെ സ്വഭാവത്തെയും പ്രേക്ഷകനും പരിചയപ്പെടുത്തുന്നതല്ലാതെ കാര്യമായ സംഭവ വികാസങ്ങൾ ഒന്നും ആദ്യ പകുതിയിലില്ല. മലയാള സിനിമാ പ്രേക്ഷകർ ഒരുപാട് കണ്ടിട്ടുള്ള പ്രതികാര കഥയാണ് രണ്ടാം പകുതി.
പൊറിഞ്ചുവായി ജോജു ജോർജും മറിയമായി നൈല ഉഷയും ജോസായി ചെമ്പൻ വിനോദും മികച്ച പ്രകടനമാണ് നടത്തിയത്. മറ്റു പ്രധാന കഥാപാത്രങ്ങളായി വിജയരാഘവൻ, രാഹുൽ മാധവ്, സുധി കോപ്പ, സ്വാസിക, സലിം കുമാർ, ടി.ജി. രവി എന്നിവരുമുണ്ട്.
കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതും അഭിനേതാക്കാളുടെ പ്രകടനവും മികച്ചതാണെങ്കിൽ കൂടി ശക്തമായ കഥയുടെ അഭാവം സിനിമയെ പിറകോട്ടടിക്കുന്നുണ്ട്. കാട്ടാളൻ പൊറിഞ്ചു എന്ന അതിമാനുഷനായ നായകന് ശ്കതനായ ഒരു വില്ലൻ പോലുമില്ല. നമ്മൾ ഏറെ കണ്ടിട്ടുള്ള പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ അവതരിപ്പിക്കാനുള്ള ശ്രമമാണ് 'പൊറിഞ്ചു മറിയം ജോസ്'.
ചിത്രത്തിന്റെ പശ്ചാത്തല സംഗീതം മികച്ചതാണ്. 'മനമറിയുന്നോള്' എന്ന് തുടങ്ങുന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചതാണ്. ജേക്സ് ബിജോയാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയുടെ ഛായാഗ്രഹണം ചിത്രത്തിന് മിഴിവേകുന്നുണ്ട്.
നാല് വർഷത്തിന് ശേഷം ജോഷി എന്ന അതികായനായ സംവിധായകന്റെ തിരിച്ചുവരവാണ് 'പൊറിഞ്ചു മറിയം ജോസ്'. കഥയിലും സന്ദർഭങ്ങളിലും കാലോചിതമായ മാറ്റങ്ങൾ ഒന്നും ചിത്രത്തിന് അവകാശപ്പെടാനില്ല. പ്രധാന കഥാപാത്രങ്ങളായ പൊറിഞ്ചുവും ജോസും പിന്നെ സംഘട്ടന രംഗളുമാണ് പിന്നെയും മികച്ച് നിൽക്കുന്നത്. വലിയ പ്രതീക്ഷകൾ വക്കാതെ കണ്ടാൽ ഒരു തവണ കണ്ടിരിക്കാം ഈ ചിത്രം.
വാൽക്കഷണം: മുൻപ് കണ്ടതാണ്, നിർബന്ധമാണെങ്കിൽ കണ്ടു നോക്കാം
റേറ്റിംഗ്: 2.5/5