പാരിസ്: പുതിയ ഇന്ത്യയിൽ അഴിമതിക്കാർക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച് ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി. സി.ബി.ഐ അറസ്റ്റിലായ കോൺഗ്രസ് നേതാവ് പി. ചിദംബരത്തെ സൂചിപ്പിച്ചാണ് മോദിയുടെ പ്രസ്താവനയെന്നാണ് കരുതപ്പെടുന്നത്. ബി.ജെ.പി സർക്കാർ നടപ്പിൽ വരുത്തിയ തീരുമാനങ്ങൾ ഒരിക്കലും നടക്കില്ല എന്നാണ് കരുതപ്പെട്ടിരുന്നതെന്നും ഒരു താത്കാലിക അനുച്ഛേദം എടുത്ത് മാറ്റാൻ ഇന്ത്യയ്ക്ക് എഴുപത് വർഷം വേണ്ടിവന്നുവെന്നും മോദി പറഞ്ഞു. അതിനെ കുറിച്ച് ആലോചിക്കുമ്പോൾ ചിരിക്കണോ കരയണോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിനെ പറ്റിയായിരുന്നു മോദിയുടെ പരാമർശം. ഇന്ത്യയും ഫ്രാൻസും തമ്മിൽ നിലനിൽക്കുന്നത് ശ്കതമായ സുഹൃത്ബന്ധമാണെന്നും മോദി പറഞ്ഞു. ഫ്രാൻസിൽ, പാരിസിലുള്ള യുനെസ്കോ ആസ്ഥാനത്ത് എത്തിയ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.