കൊച്ചി: ഓണക്കാലത്ത് കടലിലേക്ക് ഉല്ലാസയാത്ര നടത്താം. കേരള ഷിപ്പിംഗ് കോർപ്പറേഷന്റെ ക്രൂസ് ഷിപ്പായ നെഫർടിറ്റിയിലാണ് സ്പെഷ്യൽ കെയർ ഹോളിഡേയ്സ് കേരളതീരത്ത് വിനോദ യാത്ര ഒരുക്കുന്നത്. രാവിലെ പത്തിന് തുടങ്ങുന്ന യാത്ര വൈകിട്ട് ആറിന് സമാപിക്കും. തീരത്ത് നിന്ന് 22 കിലോമീറ്റർ ദൂരത്തേക്കാണ് സഞ്ചാരം. ആദ്യ ക്രൂസ് ട്രിപ്പിന്റെ ഉദ്‌ഘാടനം ശനിയാഴ്ച രാവിലെ 9.30 ന് എറണാകുളം ബോട്ട് ജെട്ടിയിൽ ഹൈബി ഈഡൻ എം.പി നിർവഹിക്കും.
നെഫർടിറ്റിയുടെ സവിശേഷതകൾ
കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ (കെ.എസ്.ഐ.എൻ.സി) ഉടമസ്ഥതയിലുള്ള നെഫർടിറ്റി കഴിഞ്ഞ ഡിസംബർ 16നാണ് കൊച്ചിയിലെത്തിയത്. 125 പേരടങ്ങുന്ന ഒരു സംഘത്തിന് 4.5 ലക്ഷം രൂപയാണ് നെഫർറ്റിറ്റിയുടെ ബുക്കിംഗ് നിരക്ക്. പിറന്നാൾ, വിവാഹാഘോഷങ്ങൾ, കോർപ്പറേറ്റ് ഇവന്റ്സ്, സ്കൂൾ, കോളേജ് അലുമ്നി യോഗങ്ങൾ, തുടങ്ങി വിവിധ പരിപാടികൾക്കായി ധാരാളം ബുക്കിംഗുകൾ ലഭിക്കുന്നുണ്ടെന്ന് നെഫർടിറ്റി ക്രൂസ് മാനേജർ ജോസഫ് ടിനു പറഞ്ഞു. ബി.സി 1350 കാലഘട്ടത്തിൽ ഈജിപ്ത് ഭരിച്ചിരുന്ന രാജ്ഞിയുടെ പേരാണ് ഈ ഉല്ലാസ നൗകയ്ക്ക് നൽകിയിരിക്കുന്നത്. കപ്പലിന്റെ രൂപ കല്പനയിലും ഡിസൈനുകളിലുമെല്ലാം നിറയുന്നതും ഈജിപ്ഷ്യൻ പ്രമേയമാണ്
കപ്പലിന്റെ നിർമ്മാണ ചെലവ് - 18 കോടി
ടണ്ണേജ്: 1119
സീറ്റിംഗ് കപ്പാസിറ്റി: 214
യാത്രാനിരക്ക്
ഒരാൾക്ക് - 6000 രൂപ
5-12 വയസുകാർക്ക് - 4500 രൂപ
5 വയസു വരെയുള്ളവർക്ക് യാത്ര സൗജന്യമാണ്
48.5 മീറ്റർ നീളവും 14.5 മീറ്റർ വീതിയുമുള്ള കപ്പലിന് മൂന്ന് നിലകളാണ് ഉള്ളത്. കുട്ടികൾക്കുള്ള കളിസ്ഥലം, ഓഡിറ്റോറിയം, സ്വീകരണ ഹാൾ, ഭക്ഷണശാല, ത്രീഡി തിയേറ്റർ എന്നിവയും കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്. 250 ലൈഫ് ജാക്കറ്റുകളും 400 പേർക്ക് കയറാവുന്ന ലൈഫ് ജാക്കറ്റുകളും രണ്ട് ലൈഫ് ബോട്ടുകളും നെഫർടിറ്റിയിൽ ഉണ്ട്. കടലിൽ 25 നോട്ടിക്കൽ മൈൽ വരെ പോകാൻ കഴിയുന്ന കപ്പലിന് മണിക്കൂറിൽ 16 കിലോമീറ്റർ വേഗമാണുള്ളത്.
ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് സ്പെഷ്യൽ കെയർ
ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ, രോഗികൾ, മുതിർന്ന പൗരൻമാർ എന്നിവർക്കും ടൂറിസ്റ്റ് കേന്ദ്രങ്ങൾ പ്രാപ്യമാക്കുകയാണ് സ്പെഷ്യൽ കെയർ ഹോളിഡേയ്‌സിന്റെ ലക്ഷ്യമെന്ന് സ്ഥാപകനും പ്രമോട്ടറുമായ സൈമൺ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൊച്ചിയിൽ നിന്ന് തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലേക്കും വൈകാതെ ജലയാത്ര സംഘടിപ്പിക്കും.