ന്യൂഡൽഹി: ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ സ്ഥാപനങ്ങളിലും വസതിയിലുമായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. ഡൽഹിയിലും മുംബയിലുമായി പന്ത്രണ്ടോളം ഇടങ്ങളിലാണ് പരിശോധന നടത്തിയത്. 2014ൽ ജെറ്റ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും എത്തിഹാദ് ഒാഹരികൾ ഏറ്റെടുത്തപ്പോൾ വിദേശ വിനിമയ ചട്ടലംഘനം നടന്നെന്ന ആരോപണമുയർന്നതിനെ തുടർന്നാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. ഭീമമായ കടബാദ്ധ്യത മൂലം ജെറ്റ് എയർവേയ്സ് സേവനങ്ങൾ അവസാനിപ്പിച്ചിരുന്നു.
കൂടാതെ, ഇക്കഴിഞ്ഞ മാർച്ചിൽ നരേഷ് ഗോയലും ഭാര്യയും കമ്പനിയിലെ സ്ഥാനമാനങ്ങൾ രാജിവച്ചൊഴിഞ്ഞിരുന്നു. ഏകദേശം 8000 കോടിയോളം രൂപയുടെ കടം ജെറ്റ് എയർവേയ്സിനുണ്ട്. ഗോയലിന് വിദേശ യാത്രയ്ക്കുള്ള അനുമതിയും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ മേയിൽ ഗോയലിനെയും ഭാര്യയെയും മുംബയ് വിമാനത്താവളത്തിൽ വച്ച് ഇമിഗ്രേഷൻ ഡിപ്പാർട്ട്മെന്റ് തടഞ്ഞിരുന്നു.