കോഴിക്കോട്: ഭഗവാൻ ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട ഇന്ത്യയിലെയും ശ്രീലങ്കയിലെയും സ്ഥലങ്ങൾ കോർത്തിണക്കി ഈ വർഷവും 'ശ്രീ രാമായണ എക്‌സ്‌പ്രസ് ' ട്രെയിൻ ഓടിക്കും. കഴിഞ്ഞ വർഷമാണ് ഇന്ത്യൻ റെയിൽവേയുടെ അനുബന്ധ സ്ഥാപനമായ ഐ. ആർ.സി.ടി.സി സർവീസ് ആരംഭിച്ചത്.
കഴിഞ്ഞ വർഷം ഓടിയ രണ്ട് ട്രെയിനുകളും ഹൗസ് ഫുൾ ആയിരുന്നു. ഈ വർഷവും രണ്ട് ട്രെയിൻ ഓടിക്കാനാണ് തീരുമാനം. റിസർവേഷൻ പരിധിയിലധികം ഉയരുകയാണെങ്കിൽ മൂന്നാമത്തെ ട്രെയിനിനും പദ്ധതിയുണ്ട്.
ആദ്യ 'ശ്രീ രാമായണ എക്‌സ്‌പ്രസ് ' നവംബർ മൂന്നിന് രാജസ്ഥാനിലെ ജയ്‌പൂരിൽ നിന്ന് യാത്രയാവും. രണ്ടാമത്തെ ട്രെയിൻ മദ്ധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് നവംബർ 18ന് പുറപ്പെടും.
കഴിഞ്ഞ വർഷം പോലെ തന്നെ രണ്ട് വിധത്തിലാണ് പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ സ്ഥലങ്ങൾ മാത്രമാണ് സന്ദർശിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ 16 പകലും 17 രാത്രിയും അടങ്ങുന്ന പാക്കേജിന് 16,065 രൂപയാണ് ചാർജ്. ശ്രീലങ്കയും ഉൾപ്പെടുന്നുണ്ടെങ്കിൽ 36,950 രൂപ നൽകണം. ചെന്നൈയിൽ നിന്ന് വിമാനം വഴിയാണ് ശ്രീലങ്കയിലേക്കുള്ള യാത്ര.
ട്രെയിൻ എത്തുന്ന
ഇന്ത്യയിലെ സ്ഥലങ്ങൾ
അയോദ്ധ്യയിലെ രാമജന്മഭൂമിയും ഹനുമാൻ ഗർഹിയും, നന്ദിഗ്രാമിലെ ഭാരത് മന്ദിർ, സീതാമർഹിയിലെ സീതാമാതാ ക്ഷേത്രം (ബീഹാർ), വാരാണസിയിലെ തുളസി മാനസ് ക്ഷേത്രവും സങ്കട് മോചൻ മന്ദിരവും, സീതാ മർഹിയിലെ സീതാ സമാഹിത് സ്ഥൽ (യു.പി), ത്രിവേണി സംഗമം, പ്രയാഗിലെ ഹനുമാൻ ക്ഷേത്രവും ഭരദ്വാജ് ആശ്രമവും, ചിത്രകൂടത്തെ രാംഘട്ടും സതി അനസൂയ മന്ദിരവും, നാസിക്കിലെ പഞ്ചവടി, ഹമ്പിയിലെ ആഞ്‌ജനാദ്രി ഹിൽസ്, ഹനുമാൻ ജന്മസ്ഥലം, രാമേശ്വരത്തെ ജ്യോതിർലിംഗ ശിവക്ഷേത്രം.
ശ്രീലങ്കയിലെ സ്ഥലങ്ങൾ
സീതാ ക്ഷേത്രം, അശോകവാടിക, വിഭീഷണ ക്ഷേത്രം, മുന്നേശ്വര ക്ഷേത്രം.