christ

കൊച്ചി : എറണാകുളം - അങ്കമാലി അതിരൂപതയിലെ വിവാദങ്ങൾ മുഖ്യ ചർച്ചാവിഷയമാക്കി സീറോ മലബാർ സഭയുടെ സിനഡ് പുരോഗമിക്കെ, വിശ്വാസികൾ തമ്മിലുള്ള ചേരിതിരിവ് തെരുവിലേക്ക്. സിനഡ് ചേരുന്ന കാക്കനാട്ടെ മൗണ്ട് സെന്റ് തോമസിന് മുമ്പിൽ ഉപരോധം പ്രഖ്യാപിച്ച കർദ്ദിനാൾ വിരുദ്ധരെ നേരിടാൻ അനുകൂലികൾ നീക്കം തുടങ്ങി. അതിരൂപതയ്ക്ക് ഭരണാധികാരമുള്ള പ്രത്യേക ബിഷപ്പിനെ നിയമിക്കുന്നതൊഴികെ കർദ്ദിനാൾ വിരുദ്ധരുടെ ആവശ്യങ്ങൾ സിനഡ് അംഗീകരിക്കില്ലെന്നാണ് സൂചന.

സഭയെയും അതിരൂപതയെയും സംബന്ധിച്ച് ഏറ്റവും നിർണായകമായ സിനഡ് യോഗമാണ് 19ന് ആരംഭിച്ചത്. സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട് അതിരൂപതയിൽ ഒരുവിഭാഗം വൈദികരും വിശ്വാസികളും തുടക്കമിട്ട വിവാദങ്ങളും തുടർന്നുണ്ടായ വ്യാജരേഖക്കേസ് ഉൾപ്പെടെ സംഭവങ്ങളുമാണ് സിനഡിലെ പ്രധാന ചർച്ചാവിഷയം. അവയ്ക്ക് അന്തിമതീർപ്പുണ്ടാക്കാനുള്ള ചർച്ചകളാണ് മുഴുവൻ ബിഷപ്പുമാരും പങ്കെടുക്കുന്ന സിനഡിൽ തുടരുന്നത്. അതിനിടെയാണ് കർദ്ദിനാൾ വിരുദ്ധരും അനുകൂലികളും തമ്മിലുള്ള ചേരിതിരിവ് അതിരൂക്ഷമായത്.

സിനഡിൽ നിന്ന് അനുകൂല നടപടി സ്വീകരിക്കാത്തതിനാൽ നാളെ സിനഡ് ഉപരോധിക്കുമെന്ന് അതിരൂപതാ അൽമായ മുന്നേറ്റം കൺവീനർ ബിനു ജോൺ മൂലൻ പറഞ്ഞു. ബിഷപ്പുമാരുമായി നടത്തിയ നിവേദനത്തിലും ചർച്ചയിലും ഉന്നയിച്ച ആവശ്യങ്ങളിൽ ഉറപ്പ് നൽകാൻ സിനഡ് പ്രതിനിധികൾ തയ്യാറായില്ല.

അൽമായ മുന്നേറ്റത്തിന്റെ

ആവശ്യങ്ങൾ

 സ്ഥലമിടപാടിൽ അതിരൂപതയ്ക്കുണ്ടായ 91 കോടി രൂപയുടെ നഷ്ടം ഉത്തരവാദികളിൽ നിന്ന് ഈടാക്കുക.

 സ്വതന്ത്ര ചുമതലയുള്ള അഡ്മിനിസ്ട്രേറ്റീവ് ആർച്ച് ബിഷപ്പിനെ നിയമിക്കുക. ബിഷപ്പ് സെബാസ്റ്റ്യൻ എടയന്ത്രത്തിന് ചുമതല നൽകുക

 സസ്പെൻഡ് ചെയ്യപ്പെട്ട രണ്ടു സഹായ മെത്രാന്മാരെയും തിരിച്ചെടുക്കുക

 വിശ്വാസികൾക്ക് തുല്യപ്രധാന്യം ലഭിക്കുന്ന വിധത്തിൽ ഭരണ സമിതികൾ രൂപീകരിക്കുക

ചെറുക്കാൻ കർദ്ദിനാൾ അനുകൂലികൾ

സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ലെയ്റ്റി മൂവ്മെന്റ്, കാത്തലിക് ഫോറം, കാത്തലിക് ഫെഡറേഷൻ തുടങ്ങിയ സംഘടനകളും രംഗത്തുണ്ട്. കർദ്ദിനാളിനെ അനുകൂലിക്കുന്ന സംഘടനകളാണിവ.

ബിഷപ്പുമാരെയും സിനഡിനെയും ഭീഷണിപ്പെടുത്തുന്നവർക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കാത്തലിക് ഫോറം ഭാരവാഹികൾ ആരോപിച്ചു. സന്ന്യസ്ത പൗരോഹിത്യ ജീവിതത്തെ വികലമായി ചിത്രീകരിച്ചും അവഹേളിച്ചും സഭയെ ദുർബലമാക്കാനുള്ള ഗൂഢാലോചനയെ ചെറുത്തുതോല്പിക്കുമെന്ന് പ്രസിഡന്റ് ബിനു ചാക്കോ പഴയച്ചിറ പറഞ്ഞു.