priyanka-chopra

ജനീവ: നടി പ്രിയങ്ക ചോപ്ര വ്യക്തിപരമായ അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ തെറ്റില്ലെന്ന് യു.എൻ വക്താവ് വ്യക്തമാക്കി. നേരത്തെ ഇന്ത്യൻ സെെന്യത്തിന് പിന്തുണ പ്രഖ്യാപിച്ച് നടി അഭിപ്രായ പ്രകടനം നടത്തിയിരുന്നു. തുടർന്ന് പ്രിയങ്ക ചോപ്രയെ യൂനിസെഫിന്റെ ഗുഡ്‌വിൽ ബ്രാൻഡ് അംബാസഡർ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് പാകിസ്ഥാൻ ആരോപിച്ചിരുന്നു. എന്നാൽ,​ ഏതു വ്യക്തിക്കും വിഷയത്തിലുള്ള അവരുടെ കഴിവിനനുസരിച്ച് സംസാരിക്കാനും അഭിപ്രായ പ്രകടനം നടത്താനും അവകാശമുണ്ടെന്ന്​ യു.എൻ വക്താവ്​ സ്​റ്റീഫൻ ഡുജാറിക്​ പറഞ്ഞു.

യുനിസെഫി​ന്റെ ഗുഡ്​വിൽ അംബാസിഡർമാർ കുട്ടികളുടെ അവകാശങ്ങൾ പ്രചരിപ്പിക്കുന്നതിനായി അവരുടെ വ്യക്തിപ്രഭാവവും പ്രശ്സതിയും സമയവും ചെലവഴിക്കാൻ സ്വമേധയാ മുന്നോട്ടു വരുന്ന വളണ്ടിയർമാരാണെന്നും സ്​റ്റീഫൻ ഡുജാറിക്​ വ്യക്തമാക്കി. പ്രിയങ്ക ചോപ്ര ഇന്ത്യൻ പതാകയുടെ ഇമോജിയോടൊപ്പം ‘‘ജയ്​ ഹിന്ദ്,​ ഇന്ത്യൻ സായുധ സേന’’ എന്ന ട്വീറ്റ്​ ചെയ്​തിനെതിരെ സോഷ്യൽ മീഡയയിൽ വൻ പ്രതിഷേധമാണ്​ ഉയർന്നത്​.

പാകിസ്ഥാനെതിരേ ഇന്ത്യൻ പ്രതിരോധമന്ത്രി ഉയർത്തിയ ആണവ ഭീഷണിയെയും പ്രിയങ്ക അനുകൂലിച്ചിരുന്നു. ഈ നീക്കങ്ങളെല്ലാം തന്നെ സമാധാനത്തിനും സദ്മൂല്യങ്ങൾക്കും എതിരാണെന്നും യു.എൻ ഗുഡ്‌വിൽ അംബാസിഡറാകാനുള്ള നിബന്ധനകൾക്കെതിരെയാണെന്നും പാക് മന്ത്രി പ്രിയങ്കയ്ക്ക് എതിരെ യു.എന്നിന് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.