ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തിരിച്ചടികൾക്ക് നടുവിലാണ്. പണലഭ്യതക്കുറവാണ് പ്രധാന കാരണം. തൊഴിൽ മേഖലയിൽ പുതിയ ജോലികൾ ഉണ്ടാകുന്നില്ല. നിരവധി ജോലികൾ ഇല്ലാതാവുന്നുമുണ്ട്. വ്യവസായ, സേവന മേഖലകളിലെ മുരടിപ്പാണ് ഇതിന് കാരണം.
വാഹന നിർമ്മാണ മേഖല 10,000ലേറെ പേരെ പിരിച്ചുവിട്ടു. വാഹന വില്‌പന കുറഞ്ഞതോടെ ഉത്‌പാദനവും കുറഞ്ഞു. അനുബന്ധ മേഖലകളും തിരിച്ചടി നേരിടുന്നതാണ് തൊഴിൽ നഷ്‌ടത്തിന് കാരണം.
ബാങ്കിംഗ് മേഖലയും തളർച്ചയിലാണ്. ബാങ്കുകളുടെ കിട്ടാക്കടം (നിഷ്‌ക്രിയ ആസ്‌തി) വലിയ വെല്ലുവിളിയായിരുന്നു. അതിൽ നിന്ന് രക്ഷപ്പെടും മുമ്പേ, നിർമ്മാണ മേഖലയിൽ നൽകിയ ഒരുലക്ഷം കോടിയോളം രൂപയുടെ വായ്‌പയും ആറുമാസത്തിനകം കിട്ടാക്കടം ആകും. റിയൽ എസ്‌റ്രേറ്ര് രംഗം കൂപ്പുകുത്തി. പുതിയ നിർമ്മാണ പദ്ധതികളില്ല. നിലവിലുള്ള പദ്ധതികൾ വിറ്റ് പോകുന്നില്ല.
വിപണിയിൽ പണമൊഴുക്ക് കുറയുമ്പോൾ ആദ്യം ബാധിക്കുന്നത് ഉപഭോക്തൃ ഉത്‌പന്ന വിപണിയെയാണ്. കൂടുതൽ ചെലവുള്ള ഉൽപ്പന്നങ്ങളുടെ പോലും വില്‌പന കുത്തനെ ഇടിഞ്ഞു. ആദ്യം ആഡംബര ഉത്‌പന്നങ്ങളെയും പിന്നീട് സാധാരണക്കാർ വാങ്ങുന്ന ഉത്‌പന്നങ്ങളെയും മാന്ദ്യം ബാധിക്കും. അമേരിക്ക-ചൈന വ്യാപാരയുദ്ധം ലോകത്തെ എല്ലാ സമ്പദ്‌മേഖലയെയും തളർത്തി. അടിസ്ഥാന മേഖലകളിൽ കേന്ദ്രസർക്കാർ ചെലവ് കൂട്ടുന്നത് ഉൾപ്പെടെയുള്ള ഉത്തേജക നടപടികൾ എടുത്താലേ തിരിച്ചടിയിൽ നിന്ന് കരകയറാനാകൂ.
ബാബു എബ്രഹാം കള്ളിവയലിൽ
(ഇൻസ്റ്റിസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ
നാഷണൽ കൗൺസിൽ അംഗം)