ബ്രസീൽ: കത്തിയമരുന്നത് ഭൂമിയുടെ ശ്വാസകോശങ്ങളാണ്! ആമസോണിൽ ഭൂമിയിലെ ഏറ്റവും വിസ്തൃതമായ മഴക്കാടുകൾ കത്തിനശിക്കുമ്പോൾ ലോകരാജ്യങ്ങളുടെ ഉത്കണ്ഠയ്‌ക്ക് കാരണമുണ്ട്- ഭൂമിയിലെ ജീവജാലങ്ങൾക്കു വേണ്ടുന്ന ശ്വാസവായുവിന്റെ ഇരുപത് ശതമാനവും പിറക്കുന്നത് ഇവിടെയാണ്.
ആമസോൺ കാടുകളിലെ അഗ്നിതാണ്ഡവത്തിന്റെ ഭയാനകമായ ഉപഗ്രഹദൃശ്യങ്ങൾ ബ്രസീൽ ബഹിരാകാശ ഗവേഷണ കേന്ദ്രമായ ദ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്പേസ് റിസർച്ച് കഴിഞ്ഞ ദിവസം പുറത്തുവിട്ടു. കഴിഞ്ഞ വർഷത്തേക്കാൾ 80 ശതമാനം അധികം വനമേഖല ഇത്തവണത്തെ കാട്ടുതീയിൽ നശിച്ചതായാണ് റിപ്പോർട്ട്.
ബ്രസീലിലുണ്ടായ കാട്ടുതീകളിൽ 99 ശതമാനവും മനുഷ്യനിർമിതമാണെന്നാണ് ഐ.എൻ.പി.ഇയിലെ ശാസ്ത്രജ്‍ഞൻ ആൽബർട്ടോ സെറ്റ്സർ പറയുന്നത്. കൃഷിഭൂമിയൊരുക്കാനും മൃഗങ്ങളെ വളർത്താനും ചെറിയ വനഭാഗങ്ങൾക്കു തീയിടുന്നതാണ് തുടക്കം. അതു പിന്നീട് വൻ കാട്ടുതീയായി മാറുകയാണെന്നും ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്ത് സെറ്റ്സർ പറഞ്ഞു. ഇതിനു പുറമേയാണ് ഭൂമാഫിയകളുടെ തീക്കളി.
ബ്രസീലിന്റെ വടക്കൻ സംസ്ഥാനമായ റൊറൈമ കനത്ത പുകയിൽ മൂടിനിൽക്കുന്നതിന്റെ ദൃശ്യങ്ങളുമുണ്ട് ഉപഗ്രഹചിത്രങ്ങളിൽ. സാവോ പോളോ അടക്കമുള്ള നഗരങ്ങളിൽ ഇപ്പോൾ നട്ടുച്ചയ്ക്കുപോലും രാത്രിയുടെ പ്രതീതി. കാട്ടിലെ പതിനായിരക്കണക്കിന് ജന്തുജാലങ്ങൾ വെന്തുമരിച്ചു. മഴവെള്ളത്തിനു പോലും കറുപ്പുനിറമായി.
അതേസമയം, ആമസോൺ കാടുകളുടെ നാശത്തിന് പരിഹാരം കാണുന്നതിനു പകരം പരസ്പരമുള്ള പഴിചാരലുകളാണ് അധികം. സർക്കാരിതര സംഘടനകളാണ് കാട്ടുതീക്കു പിന്നിലെന്നാണ് ബ്രസീൽ പ്രസിഡന്റ് ജെർ ബൊൽസനാരോ കുറ്റപ്പെടുത്തുന്നത്. ഉത്തരവാദി ബ്രസീൽ സർക്കാരാണെന്ന് പരിസ്ഥിതിപ്രവർത്തകർ തിരിച്ചും വാദിക്കുന്നു. പോപ്പ് ഗായിക മഡോണ, ഹോളിവുഡ് നടൻ ഡികാപ്രിയോ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തുടങ്ങിയവരും വിഷയത്തിൽ പ്രതികണങ്ങളുമായെത്തി. പ്രേ ഫോർ ആമസോണിയ, ആക്ട് ഫോർ ദി ആമസോൺ എന്നീ ഹാഷ് ടാഗുകളോടെ സമൂഹ മാദ്ധ്യമങ്ങളിലും ആമസോൺ കത്തിപ്പടരുകയാണ്.
നമ്മുടെ വീട് കത്തുകയാണ്. ഇതൊരു അന്താരാഷ്ട്ര പ്രശ്നമാണ്. ജി 7 അംഗങ്ങളേ, ഈ പ്രശ്നം അടിയന്തരമായി നമുക്ക് ചർച്ച ചെയ്തേ മതിയാകൂ.
- ഇമ്മാനുവേൽ മാക്രോൺ
ഭൂമിയുടെ ശ്വാസകോശം കഴിത്ത 16 ദിവസമായി കത്തിയമരുകയാണ്. ഒറ്റ മാദ്ധ്യമംപോലും അതേക്കുറിച്ച് മിണ്ടാത്തത് എന്തുകൊണ്ടാണ്?
- ഡികാപ്രിയോ
ഈ വർഷം ഇതുവരെ ബ്രസീലിലുണ്ടായത് - 72,000 കാട്ടുതീകൾ (84ശതമാനം വർദ്ധന)
കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം - 9500 ലേറെ കാട്ടുതീകൾ
ആമസോൺ
ഭൂമിയിലെ ഏറ്റവും ജൈവസമ്പന്നമായ മേഖലയാണ് ആമസോൺ മഴക്കാടുകൾ. 55 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതി. 60 ശതമാനവും ബ്രസീലിൽ. ആമസോൺ കാടുകളിൽ കാട്ടുതീ വ്യാപകമാകുന്നതോടെ ഓക്സിജനു പകരം കാർബൺ ഡൈ ഓക്‌സൈഡ് കൂടുതൽ പുറന്തള്ളപ്പെടുന്നത് കടുത്ത ആഗോളതാപനത്തിന് വഴിയൊരുക്കും.
കണക്ക് പറയും കഥ