new-implementations-for-e

ന്യൂഡൽഹി:ലക്ഷക്കണക്കിന് തൊഴിലുകൾ നഷ്‌ടപ്പെടുകയും നിക്ഷേപങ്ങൾ വൻതോതിൽ ഇടിയുകയും വ്യവസായം ഉൾപ്പെടെയുള്ള മേഖലകൾ തളരുകയും ചെയ്‌തതോടെ മാന്ദ്യത്തിലേക്ക് കൂപ്പു കുത്തിയ സമ്പദ്‌വ്യവസ്ഥയെ കരകയറ്റാൻ ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ ഇന്നലെ നിരവധി ഉത്തേജക പദ്ധതികൾ പ്രഖ്യാപിച്ചു.

വൻകിട വിദേശ, ആഭ്യന്തര നിക്ഷേപകർക്ക് ബഡ്‌ജറ്റിൽ ചുമത്തിയ സൂപ്പർ റിച്ച് ടാക്സ് പിൻവലിച്ചതുൾപ്പെടെയുള്ള കോർപ്പറേറ്റ് സൗഹൃദ നടപടികൾ ഇതിൽ ഉൾപ്പെടുന്നു. പൊതുമേഖലാ ബാങ്കുകളുടെ മൂലധന പുനരുജ്ജീവനത്തിന് 70,000 കോടി രൂപ അനുവദിച്ചതും ഭവന, വാഹന, ഉപഭോക്തൃ സാധനങ്ങളുടെ വായ്പകളുടെ പലിശ കുറച്ചതും തളച്ചർയിലേക്കു നീങ്ങിയ വാഹന നിർമ്മാണ മേഖലയ്‌ക്കുള്ള ഇളവുകളും സുപ്രധാന തീരുമാനങ്ങളാണ്. പതിനാറ് വകുപ്പുകളിൽ പ്രോസിക്യൂഷനു പകരം ശിക്ഷ പിഴയായി കുറച്ചു.

രണ്ട് മുതൽ 5 കോടി വരെ വാർഷിക നികുതി നൽകുന്നവർക്ക് മൂന്നു ശതമാനവും, അഞ്ചു കോടി മുതൽ ഏഴു ശതമാനവും സൂപ്പർ റിച്ച് ടാക്സ് ആണ് ആദായനികുതിക്കു പുറമെ ബജറ്റിൽ ഏർപ്പെടുത്തിയിരുന്നത്. തുടർന്ന് നിക്ഷേപകർ രണ്ട് മാസത്തിനുള്ളിൽ 25,000 കോടി രൂപ വിപണിയിൽ നിന്ന് പിൻവലിച്ചത് തിരിടിയായി. ഇനി ബജറ്റിനു മുമ്പത്തെ നില തുടരുമെന്നും ധനമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.

നോട്ട് നിരോധനവും ജി.എസ്.ടിയും സൃഷ്‌ടിച്ച സാമ്പത്തിക ഞെരുക്കം ഒഴിവാക്കാൻ ബാങ്കുകൾ വഴി പണലഭ്യത വർദ്ധിപ്പിക്കാനാണ് 70,000 കോടി നൽകുന്നത്. ഇതുവഴി വിപണിയിൽ അഞ്ചു ലക്ഷം കോടി രൂപ ലഭ്യമാക്കാമെന്നാണ് കണക്കുകൂട്ടൽ.
യു.എസ്-ചൈന വ്യാപാര നിയന്ത്രണം അന്താരാഷ്‌ട്ര തലത്തിൽ സാമ്പത്തിക മാന്ദ്യത്തിന് കാരണമായിട്ടുണ്ടെന്നും അത് രാജ്യത്തും പ്രകടമാണെന്നും ധനമന്ത്രി പറഞ്ഞു.

സമ്പദ്‌വ്യവസ്ഥ എഴുപത് വർഷത്തെ ഏറ്റവും വലിയ തളർച്ചയിലാണെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞതിന് പിന്നാലെയാണ് സാമ്പത്തിക പരിഷ്‌കാര പ്രഖ്യാപനങ്ങളുമായി നിർമ്മല സീതാരാമൻ രംഗത്തെത്തിയത്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മെച്ചമാണെന്നും സാമ്പത്തിക പുനരുജ്ജീവന നടപടികളുമായി മുന്നോട്ടു പോകുമെന്നും നിർമ്മല പറഞ്ഞു.