ഇസ്ലാമാബാദ്: പാകിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്(എഫ്. എ.ടി.എഫ്). ഭീകരസംഘടനകൾക്ക് സാമ്പത്തികസഹായം നൽകുന്നതിന്റെ പേരിലാണ് നടപടി. എഫ്. എ.ടി.എഫിന്റെ നിരീക്ഷണ ഏജൻസികളിലൊന്നായ ഏഷ്യാ പസഫിക് ഗ്രൂപ്പാണ് ആസ്ട്രേലിയയിലെ കാൻബറയിൽ നടന്ന സമ്മേളനത്തിൽ വെച്ച് പാകിസ്ഥാനെ കരിമ്പട്ടികയിൽ ചേർത്തത്.
രാജ്യത്തെ ഭീകരസംഘടനകൾക്ക് സാമ്പത്തികസഹായം നൽകുന്നത് അവസാനിപ്പിക്കാൻ ഈ വർഷം മെയ് വരെ പാകിസ്ഥാന് എഫ്.എ.ടി.എഫ് സമയം നൽകിയിരുന്നു. എന്നാൽ, ഇത് നടപ്പായിട്ടില്ലെന്ന് എഫ്.എ.ടി.എഫ് കണ്ടെത്തി. മുന്നോട്ടുവച്ച 40 മാനദണ്ഡങ്ങളിൽ 38ഉം പാലിക്കാൻ പാകിസ്ഥാൻ തയാറാകാത്ത സാഹചര്യത്തിലാണ് കടുത്ത തീരുമാനം. എഫ്.എ.ടി.എഫിന്റെ നിർദ്ദേശപ്രകാരം സർക്കാർ നടപ്പാക്കിയ കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ച് 450 പേജുള്ള റിപ്പോർട്ട് പാകിസ്ഥാൻ കഴിഞ്ഞയാഴ്ച സമർപ്പിച്ചിരുന്നു. എന്നാൽ, ഇത് തൃപ്തികരമല്ലെന്നാണ് ഏഷ്യാ പസഫിക് ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. രണ്ട് ദിവസമായി ഏഴ് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് പാകിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്താൻ എഫ്.എ.ടി.എഫ് തീരുമാനിച്ചത്.
മുമ്പ്, പാരിസിൽ നടന്ന സമ്മേളനത്തിൽ പാകിസ്ഥാനെ എഫ്.എ.ടി.എഫ് ഗ്രേലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഭീകരവാദ സംഘടനകൾക്ക് അനധികൃതമായി സാമ്പത്തിക സഹായം നൽകുന്നതിനെപ്പറ്റി എ.പി.ജി നടത്തിയ മൂന്നാം വിലയിരുത്തലും ആഗസ്റ്റ് 18ന് നടത്തിയ യോഗത്തിൽ പൂർത്തീയായിരുന്നു. അവസാന ഘട്ട കൂടിക്കാഴ്ച്ചയ്ക്ക് ശേഷം റിപ്പോർട്ട് പൂർണമായും പുറത്തുവിടും. നിയപരമായും സാമ്പത്തികരപമായും പാകിസ്ഥാൻ പൂർണ പരാജയമാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം പാകിസ്ഥാനെ കരിമ്പട്ടികയിൽപ്പെടുത്താന്‍ ഇന്ത്യ ഗൂഢാലോചന നടത്തുന്നതായി നേരത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രൻ ഖാൻ ആരോപിച്ചിരുന്നു. അതേസമയം, സാമ്പത്തികപ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാകിസ്ഥാന് എഫ്.എ.ടി.എഫിന്റെ തീരുമാനം കടുത്ത പ്രതിസന്ധിയാകുമെന്നാണ് വിലയിരുത്തൽ.
ലഷ്‍കറെ തൊയ്ബ, ജെയ്ഷെ മുഹമ്മദ്, ലഷ്‍കറെയുടെ സഹസംഘടനകളായ ജമാഅത്തുദ്ദവ, ഫലാ ഇ ഇൻസാനിയത് എന്നിവയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കാണ് പാകിസ്ഥാൻ പണമനുവദിച്ചതായി കണ്ടെത്തിയിട്ടുള്ളത്.
എഫ്. എ.ടി.എഫ്
ഭീകരസംഘടനകൾക്കുള്ള സാമ്പത്തികസഹായം തടയാനും കള്ളപ്പണം വെളുപ്പിക്കുന്നത് അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് രൂപീകരിച്ച രാജ്യാന്തര കൂട്ടായ്മയാണ് എഫ്.എ.ടി.എഫ്. ഇതിന്റെ ഒമ്പത് പ്രാദേശിക ശാഖകളിലൊന്നാണ് ഏഷ്യാ പസഫിക് ഗ്രൂപ്പ് (എ.പി.ജി)കരിമ്പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങൾക്ക് വിദേശരാജ്യങ്ങളിൽ നിന്നോ ഐ.എം.എഫ് ഉൾപ്പടെയുള്ള അന്താരാഷ്ട്ര സാമ്പത്തിക സംവിധാനങ്ങളിൽ നിന്നോ ധനസഹായം ലഭിക്കില്ല.