janmashtami

കോഴിക്കോട്: അധർമ്മത്തെ ഇല്ലാതാക്കി ധർമ്മം സംസ്ഥാപിക്കുകയും നീതി നടപ്പാക്കി സാമൂഹ്യ പരിവർത്തനത്തിന് തുടക്കം കുറിക്കുകയുമാണ് ഭഗവാൻ ശ്രീകൃഷ്ണൻ ചെയ്തതെന്ന് ആർ.എസ്.എസ് സർ സംഘചാലക് മോഹൻ ഭാഗവത് പറഞ്ഞു.

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ശ്രീനാരായണ സെന്ററിനറി ഹാളിൽ ബാലഗോകുലം മഹാശോഭായാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാത്വികമായ വിശ്വസ്നേഹത്തിന്റെ പ്രതീകമാണ് ഭഗവാൻ.പരിശുദ്ധവും സാത്വികവുമായ സ്നേഹമായിരുന്നു ശ്രീകൃഷ്ണനെ നയിച്ചിരുന്നത്. ആർക്കും അപ്രാപ്യനല്ല. എല്ലാവരുടെ ഉള്ളിലും കൃഷ്ണനുണ്ട്. അത് തിരിച്ചറിയാനാണ് പരിശ്രമിക്കേണ്ടത്. ശരിയായ പാതയിലൂടെ ഒരുമിച്ച് സ്വകർമ്മം നിർവഹിക്കുക എന്നതാണ് ശ്രീകൃഷ്ണന്റെ ജീവിതം നൽകുന്ന സന്ദേശം. ഭയമില്ലാതെയും ഫലം പ്രതീക്ഷിക്കാതെയും കർമം ചെയ്യണമെന്നാണ് കൃഷ്ണൻ ഭഗവത് ഗീതയിലൂടെ ഉദ്ഘോഷിച്ചത്. സമത്വത്തോടെയും സമദൃഷ്ടിയോടെയും ജീവിക്കണം- മോഹൻ ഭാഗവത് പറഞ്ഞു. ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ ദർശനവും നടത്തി

ക്ഷേത്ര യോഗം പ്രസിഡന്റ് പി.വി. ചന്ദ്രൻ മോഹൻ ഭാഗവതിനെ ഹാരമണിയിച്ച് സ്വീകരിച്ചു.സ്വാഗതസംഘം അദ്ധ്യക്ഷൻ ഡോ. കെ.വി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ.പ്രസന്നകുമാർ ജന്മാഷ്ടമി സന്ദേശം നൽകി. രാഷ്ട്രീയ സ്വയം സേവക് സംഘം പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ. ബാലറാം, സ്വാഗതസംഘം പൊതുകാര്യദർശി അലി അക്ബർ, ബാലഗോകുലം സംസ്ഥാന കാര്യദർശി കെ.എൻ. സജികുമാർ, ജില്ലാ അദ്ധ്യക്ഷൻ എ.കെ. പത്മനാഭൻ, ജില്ലാ ഭഗിനി പ്രമുഖ് ജയശ്രീ ഗോപീകൃഷ്ണൻ, ജില്ലാ കാര്യദർശി കെ.കെ. കൈലാസ് എന്നിവർ സംസാരിച്ചു.ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, ജനറൽ സെക്രട്ടറിമാരായ കെ.സുരേന്ദ്രൻ, എം.ടി. രമേശ്, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.