തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കെെപൊള്ളിയത് കണക്കിലെടുത്ത് നിലപാട് മയപ്പെടുത്തി സി.പി.എം.
ശബരിമല വിഷയത്തിൽ കോൺഗ്രസും ബി.ജെ.പിയും തെറ്റിദ്ധരിപ്പിച്ച് അകറ്റിയ വിശ്വാസികളെ
തിരിച്ചെത്തിക്കാൻ തുടർപ്രവർത്തനം നടത്തുമെന്ന് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താലേഖകരോട് പറഞ്ഞു. കോൺഗ്രസും ബി.ജെ.പിയും വിശ്വാസികളെ കബളിപ്പിച്ചെന്ന് ബോദ്ധ്യപ്പെടുത്താൻ പ്രവർത്തിക്കും. ശബരിമലയിൽ സി.പി.എം ഒരു സ്ത്രീയെയും കൊണ്ടുപോയിട്ടില്ല. ആരെങ്കിലും കയറിയാൽ തടയാനും ശ്രമിക്കാറില്ല. അത് കോടതിയലക്ഷ്യമാകും. സുപ്രീംകോടതി വിധിക്കുമേൽ നിയമനിർമ്മാണം പറ്റില്ലെന്ന് കേന്ദ്രമന്ത്രി പാർലമെന്റിൽ പറഞ്ഞതോടെ ഇടതുപക്ഷം പറഞ്ഞതു ശരിയെന്ന് ബോദ്ധ്യമായെന്നും കോടിയേരി പറഞ്ഞു.
ക്ഷേത്രങ്ങളിലെയും കാവുകളിലെയും മറ്റ് ആരാധനാലയങ്ങളിലെയും പരിപാടികളിൽ നിന്ന് പാർട്ടിയംഗങ്ങൾ മാറിനിൽക്കരുത്. എന്നാൽ പാർട്ടി അംഗങ്ങളും വിവിധ തലങ്ങളിലെ നേതാക്കളും പാർട്ടി പെരുമാറ്റച്ചട്ടമനുസരിച്ച് പ്രവർത്തിക്കണം. പാർട്ടിപ്രവർത്തനത്തിൽ ശ്രദ്ധയൂന്നണം. ഉദാഹരണത്തിന് സംസ്ഥാനസെക്രട്ടറിയായ താൻ ക്ഷേത്രത്തിന്റെ ഭാരവാഹിയായാൽ പാർട്ടികാര്യങ്ങൾ ആര് നോക്കും? പെരുമാറ്റച്ചട്ടമൊന്നും ജനങ്ങൾക്ക് മേൽ അടിച്ചേല്പിക്കില്ല. പാർട്ടി അനുഭാവികൾക്ക് ആരാധനാലയങ്ങളിലെ ഉത്തരവാദിത്വവും ഭാരവാഹിത്വവുമൊക്കെ വഹിക്കാം. പാർട്ടിയിൽ അഞ്ച്ലക്ഷത്തിൽ പരം അംഗങ്ങളേയുള്ളൂ. പാർട്ടി വിശ്വാസികൾക്കെതിരാണെങ്കിൽ എങ്ങനെ 71ലക്ഷം വോട്ടുകൾ കിട്ടുന്നു?
ഇടതുപക്ഷ അനുഭാവികൾ മാറിനിന്നപ്പോൾ വർഗീയശക്തികൾ ക്ഷേത്രങ്ങൾ കൈയടക്കാൻ നോക്കി. അതിൽ നിന്ന് ക്ഷേത്രങ്ങളെ സംരക്ഷിക്കണം. പാർട്ടിയംഗങ്ങളുടെ മുഖ്യപണി പാർട്ടി പ്രവർത്തനമാണെന്നും കോടിയേരിപറഞ്ഞു.