സൂപ്പർഹിറ്റ് തിരക്കഥാകൃത്തായ ഡെന്നിസ് ജോസഫ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്‌ത ചിത്രമായിരുന്നു അഥർവം. 1989ൽ പുറത്തിറങ്ങിയ ചിത്രം ദുർമന്ത്രവാദത്തിന്റെയും പകയുടെയും കഥയാണ് പറഞ്ഞത്. ഷിബു ചക്രവർത്തിയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തിയത് സിൽക് സ്‌മിതയായിരുന്നു. പ്രേക്ഷകർക്ക് മുന്നിൽ അന്നുവരെ സ്മിതയ്‌ക്കുണ്ടായിരുന്ന പരിവേഷങ്ങളെല്ലാം കാറ്റിൽ പറത്തുന്നതായിരുന്നു അഥർവത്തിലെ നായികാ വേഷം.
കഥയെകുറിച്ച് നേരത്തെ പറഞ്ഞിരുന്നെങ്കിലും തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ചോ, മമ്മൂട്ടിയുടെ നായികയാണെന്നോ ഉള്ള കാര്യം അവർ വിശ്വസിച്ചിരുന്നില്ലെന്ന് ഡെന്നിസ് ജോസഫ് പറയുന്നു. തൊട്ടുമുമ്പു വരെ അഭിനയിച്ച സിനിമകളെ പോലെ എന്നു മാത്രമേ അവർ കരുതിയിരുന്നുള്ളുവത്രേ.
ഡെന്നിസ് ജോസഫിന്റെ വാക്കുകൾ-
'സിൽക് സ്‌മിത അഥർവത്തിൽ അഭിനയിക്കാൻ വരുമ്പോൾ തൊട്ടുമുമ്പ് അഭിനയിച്ച സിനിമകളെ പോലെ എന്നുമാത്രമേ കരുതിയിട്ടുള്ളു. അതിനപ്പുറത്തൊന്നും അവർക്ക് അറിയില്ലായിരുന്നു. കഥയും കാര്യങ്ങളും പറഞ്ഞെങ്കിലും അതൊന്നും കാര്യമായി എടുത്തില്ല. മമ്മൂട്ടിയുടെ നായികയാണെന്നോ ഇറോട്ടിക് സീനുകളില്ലെന്നോ അവർ വിശ്വസിച്ചില്ല. അവർ അവരുടെ ഒരു സാധാ സിനിമയിൽ അഭിനയിക്കാൻ വരുന്ന മട്ടിൽ ഓവർ മേക്കപ്പിൽ എത്തി.
ഞാൻ ആകെ വല്ലാതായി. ഞാൻ പറഞ്ഞു, ഈ മേക്കപ്പ് പറ്റില്ല. ഇതി തുടച്ചു കളയ്. നമ്മുടെ മേക്കപ്പ്മാൻ എം.ഒ ദേവസ്യ ചേട്ടൻ തന്നെ ചെയ്യും. അവർ സമ്മതിച്ചു. ആദ്യ രണ്ടു ദിവസം കൊണ്ടുതന്നെ സിനിമയോടും അതിന്റെ രീതിയോടും വേഷത്തോടും അവർ പെട്ടെന്ന് ഇണങ്ങി. ഞാൻ സിനിമയിൽ കണ്ട ഏറ്റവും ബുദ്ധിമതികളായ നടികളിൽ ഒരാളാണ് സിൽക് സ്‌മിത.സെറ്റിലുള്ള എല്ലാവരോടും അങ്ങേയറ്റം മാന്യമായി പെരുമാറുന്ന നിഷ്‌കളങ്കയായ സ്‌നേഹവതി'- ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഡെന്നിസ് ജോസഫ് മനസു തുറന്നത്.