puthumala

വയനാട്: പുത്തുമലയിൽ ഉരുൾപൊട്ടൽ നടന്ന പ്രദേശത്തെ തെരച്ചിൽ ദുരന്തനിവാരണ സേന അവസാനിപ്പിക്കുന്നു. എന്നാൽ അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുമെന്നും അറിയിച്ചിട്ടുണ്ട്. അഞ്ചുപേരെ കൂടിയാണ് ഇനി പുത്തുമലയിൽ കണ്ടെത്താനുള്ളത്. അതിൽ നാലുപേരുടെ ബന്ധുക്കൾ തെരച്ചിൽ നിർത്തുന്നതിന് സമ്മതം അറിയിച്ചിട്ടുണ്ട്. ഒരു കുടുംബം ആവശ്യപ്പെട്ടത് കൊണ്ടാണ് അഗ്നിശമനസേനയും നാട്ടുകാരും നടത്തുന്നത്. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടെത്തിയ മ‌ൃതദേഹങ്ങളുടെ ഡി.എൻ.എ ഫലം പുറത്ത് വന്നിട്ടില്ല.

കാണാതായവർക്ക് വേണ്ടി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തിവന്ന തെരച്ചിൽ പ്രവർത്തനങ്ങളിൽ കാണാതായവരുടെ ബന്ധുക്കളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും തൃപ്തി പ്രകടിപ്പിച്ചു. കാണാതായവരുടെ ബന്ധുക്കൾ പങ്കെടുത്ത യോഗത്തിൽ യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തെരച്ചിലിൽ ഫലമുണ്ടായില്ല. ഇതിന്റെ അടിസ്ഥാനത്തിൽ മേപ്പാടി പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ സ്ഥിതിഗതികൾ ചർച്ച ചെയ്തു.

ദുരന്തത്തിൽ കാണാതായ അഞ്ചുപേരിൽ നാലുപേരുടെ കുടുംബങ്ങൾ തെരച്ചിൽ അവസാനിപ്പിക്കാമെന്ന അഭിപ്രായം യോഗത്തിൽ മുന്നോട്ട് വച്ചു. എന്നാൽ ഒരിടത്ത് കൂടി തിരച്ചിൽ നടത്തണമെന്നാണ് പുത്തുമല സ്വദേശി ഹംസയുടെ മകൻ ആവശ്യപ്പെട്ടത്. തിങ്കളാഴ്ച പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി പച്ചക്കാട് ഭാഗത്ത് തെരച്ചിൽ നടത്തും.