sindhu-sai

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: പി.വി.സിന്ധുവും സായ് പ്രണീതും സെമിയിൽ, മെഡൽ ഉറപ്പിച്ചു

ബാസൽ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങളായ പി.വി. സിന്ധുവും സായ് പ്രണീതും തകർപ്പൻ പ്രകടനത്തോടെ സെമിയിലെത്തി മെഡൽ ഉറപ്പിച്ചു. 36 വർഷങ്ങൾക്ക് മുമ്പ് പ്രകാശ് പാദുകോൺ വെങ്കലം സ്വന്തമാക്കിയ ശേഷം ആദ്യമായാണ് ലോക ബാഡ്മിന്റണിൽ പുരുഷ സിംഗിൾസിൽ ഒരു ഇന്ത്യൻ താരം മെഡൽ ഉറപ്പിക്കുന്നത്.

അട്ടിമറി സായ്

ക്വാർട്ടറിൽ ലോക നാലാം റാങ്കുകാരൻ ഇന്തോനേഷ്യയുടെ ജോനാഥാൻ ക്രിസ്റ്റിയെ അട്ടിമറിച്ചാണ് പതിനാറാം സീഡ് സായ് സെമി ഫൈനലിൽ എത്തിയത്. നേരിട്ടുള്ള ഗെയിമുകളിൽ 24-22, 21-14നായിരുന്നു സായ്‌യുടെ ജയം. 51 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സായ്‌യുടെ ജയം. സെമിയിൽ ജപ്പാന്റെ ലോക ഒന്നാം നമ്പർ താരം കെന്റോ മൊമൊട്ടയാണ് സായ്‌യുടെ എതിരാളി. മലയാളി താരം എച്ച്.എസ്. പ്രണോയ്‌യെ വീഴ്ത്തിയാണ് മൊമൊട്ട അവസാന നാലിൽ ഇടം നേടിയത്. ആദ്യ ഗെയിമിൽ ജസ്റ്റിയുടെ കനത്ത വെല്ലുവിളി നേരിടേണ്ടി വന്നെങ്കിലും രണ്ടാം ഗെയിമിൽ തുടക്കത്തിൽ തന്നെ 7-1ന്റെ ലീഡ് നേടിയ സായ് എതിരാളിക്ക് ഒരവസരവും നൽകാതെ വിജയം സ്വന്തമാക്കുകയായിരുന്നു.

തിരിച്ചുവന്ന് സിന്ധു

വനിതാ സിംഗിൾസ് ക്വാർട്ടിൽ ലോക രണ്ടാം നമ്പർ താരം ചൈനീസ് തായ്പേയുടെ തായ് സൂ യിംഗിനെ പൊരിഞ്ഞ പോരാട്ടത്തിനൊടുവിലാണ് സിന്ധു വീഴ്ത്തിയത്. ആദ്യ ഗെയിം 12 -21ന് നഷ്ടപ്പെടുത്തിയ സിന്ധു പിന്നീട് തകർപ്പൻ തിരിച്ചുവരവ് നടത്തി രണ്ടും മൂന്നും ഗെയിമുകൾ യഥാക്രമം 23-21, 21-9ന് നേടിയാണ് സെമിയിലെത്തിയത്. ഒരു മണിക്കൂർ പതിനൊന്ന് മിനിറ്റ് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് സിന്ധുവിന്റെ ജയം. ലോക ചാമ്പ്യൻഷിപ്പിൽ സിന്ധുവിന്റെ തുടർച്ചയായ മൂന്നാം മെഡൽ നേട്ടമാണിത്.