കൊച്ചി: ചീറിപ്പാഞ്ഞെത്തിയ കാർ ഇടിച്ച് ബോണറ്റിലേക്കു വീണ യുവാവുമായി കാർ അര കിലോമീറ്ററോളം ഓടി. പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് തെറിച്ചുവീണ യുവാവിന്റെ വലതുകാലിലൂടെ കാറിന്റെ മുൻ ചക്രം കയറിയിറങ്ങി. പരിക്കേറ്റയാളെ ഉപേക്ഷിച്ച് കാർ നിർത്താതെ പാഞ്ഞു പോയി.
നട്ടെല്ലിനും ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ എളമക്കര പേരണ്ടൂർ കവുങ്ങുംകൂട്ടത്തിൽ നിശാന്തിനെ (32) ഇടപ്പള്ളിയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്ന പള്ളുരുത്തി കച്ചേരിപ്പടി കാട്ടുമ്മേൽപറമ്പ് നഹാസിനെ ( 25 ) എളമക്കര പൊലീസ് അറസ്റ്റുചെയ്തു.
ദേശീയപാതയിൽ ഇടപ്പള്ളിക്കു സമീപം മരോട്ടിച്ചുവടിലെ സർവീസ് റോഡിൽ തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് നഗരത്തെ ഞെട്ടിച്ച സംഭവം. നിശാന്തിന്റെ വലതുകാൽ അഞ്ചിടത്തായി ഒടിഞ്ഞു. ഓട്ടോറിക്ഷ ഡ്രൈവറായ നിശാന്ത് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അമിത വേഗത്തിൽ വന്ന കാർ ഇടിച്ചു തെറിപ്പിച്ചത്.
സി.സി.ടി.വി ദൃശ്യങ്ങൾ ഇന്നലെ വൈറലായതോടെയാണ് അപകടത്തിന്റെ ഗൗരവം പൊലീസിന് ബോദ്ധ്യമായത് തുടർന്നു നടത്തിയ തിരച്ചിലിൽ രാത്രിയോടെ നഹാസ് അറസ്റ്റിലായി. പിതാവിന്റെ കാർ ടാക്സിയായി ഓടിക്കുകയായിരുന്നു നഹാസെന്ന് പൊലീസ് പറഞ്ഞു. പെട്ടെന്ന് അപകടമുണ്ടായപ്പോഴുള്ള പരിഭ്രാന്തി മൂലമാണ് കാർ നിറുത്താതിരുന്നതെന്ന് പ്രതി മൊഴി നൽകിയെങ്കിലും പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല.