ആന്റിഗ്വ: വെസ്റ്രിൻഡീസിനെതിരായ ടെസ്റ്ര് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 297 റൺസിന് ആൾഔട്ടായി. രണ്ടാം ദിനമായ ഇന്നലെ 203/6 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യ വാലറ്റത്ത് രവീന്ദ്ര ജഡേജയുടെ (58) അർദ്ധ സെഞ്ച്വറിയുടെ പിൻബലത്തിലാണ് 297 വരെയെത്തിയത്.
47 പന്തിൽ 4 ഫോറുൾപ്പെടെ 24 റൺസ് നേടിയ റിഷഭ് പന്തിന്റെ വിക്കറ്രാണ് ഇന്നലെ ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പന്തിനെ റോച്ച് ഹോൾഡറുടെ കൈയിൽ എത്തിക്കുകയായിരുന്നു. തുടർന്നെത്തിയ ഇഷാന്ത് ശർമ്മ ജഡേജയ്ക്കൊപ്പം കുറച്ച് നേരം ക്രീസിൽ പിടിച്ചു നിന്നു. 62 പന്തിൽ 1 ഫോറുൾപ്പെടെ 19 റൺസ് നേടിയ ഇഷാന്തിനെ ഗബ്രിയേൽ ക്ലീൻബൗൾഡാക്കി പുറത്താക്കുകയായിരുന്നു.
പകരമെത്തിയ മുഹമ്മദ് ഷമിയെ (0) നേരിട്ട ആദ്യ പന്തിൽ തന്നെ ചേസ് സ്വന്തം ബൗളിംഗിൽ പിടികൂടി. തകർപ്പൻ ഇന്നിംഗ്സ് പുറത്തെടുത്ത ജഡേജയെ വിക്കറ്റ് കീപ്പർ ഹോപ്പിന്റെ കൈയിൽ എത്തിച്ച് വിൻഡീസ് നായകൻ ഹോൾഡറാണ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സിന് തിരശീലയിട്ടത്. 112 പന്ത് നേരിട്ട് 6 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് ജഡേജയുടെ ഇന്നിംഗ്സ്. ബുംര (4) പുറത്താകാതെ നിന്നു.
163 പന്തിൽ 10 ഫോറുൾപ്പെടെ 81 റൺസെടുത്ത അജിങ്ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. കെ.എൽ. രാഹുൽ 44 റൺസ് നേടി.
വിൻഡീസിനായി റോച്ച് 4ഉം ഗബ്രിയേൽ 3 വിക്കറ്റും വീഴ്ത്തി. തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ വെസ്റ്റിൻഡീസ് ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തിട്ടുണ്ട്.
ലീഡ്സിൽ വീറുള്ള ഏറ്
ലീഡ്സ്: ആഷസ് മൂന്നാം ടെസ്റ്രിൽ ബൗളർമാരുടെ വിളയാട്ടം.ജോഫ്ര ആർച്ചറുടെ ആറ് വിക്കറ്റ് നേട്ടത്തിന്റെ പിൻബലത്തിൽ ആസ്ട്രേലിയയെ ഒന്നാം ദിനം ഒന്നാം ഇന്നിംഗ്സിൽ 179 റൺസിന് ആൾഔട്ടാക്കിയ ഇംഗ്ലണ്ടിന് രണ്ടാം ദിനം കംഗാരുക്കളുടെ വക ചുട്ട മറുപടി.
രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ടിനെ ഓസീസ് വെറും 67 റൺസിന് ആൾഔട്ടാക്കി. 5 വിക്കറ്രെടുത്ത ഹാസൽവുഡും 3 വിക്കറ്റ് വീഴ്ത്തിയ കമ്മിൻസും 2 വിക്കറ്രെടുത്ത പാറ്രിൻസണുമാണ് ഇംഗ്ലണ്ടിനെ എറിഞ്ഞ് വീഴ്ത്തിയത്. 12 റൺസെടുത്ത ഡെൻലിക്ക് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടക്കാൻ കഴിഞ്ഞുള്ളൂ.
തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ആസ്ട്രേലിയയും പതർച്ചയിലാണ്. ഇന്നലെ സ്റ്റമ്പെടുക്കുമ്പോൾ അവർ 6 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് എന്ന നിലയിലാണ്. 4 വിക്കറ്റ് കൈയിലിരിക്കേ അവർക്ക് 283 റൺസിന്റെ ലീഡാണുള്ളത്.