കാടും കാട്ടുമൃഗങ്ങളും ആധുനിക മനുഷ്യന് എന്നും അത്ഭുതമാണ്. അത്തരത്തിലൊരു അത്ഭുതത്തിന് പിറകിലാണ് ഇപ്പോൾ ശാസ്‌ത്രലോകം. അധികം സസ്‌പെൻസില്ലാതെ ഇനി കാര്യത്തിലേക്ക് കടക്കാം. ഒരു പുള്ളിപ്പുലിയാണ് ശാസ്‌ത്രകുതുകികളുടെ അത്ഭുതത്തിന് പിറകിൽ. സ്വർണനിറമുള്ള ശരീരം നിറയെ തവിട്ട് നിറമുള്ള പുള്ളികളുള്ള പുലിയുടെ ചിത്രം നിരീക്ഷണത്തിന് വച്ചിരുന്ന ക്യാമറയിലാണ് പതിഞ്ഞത്.
ദക്ഷിണാഫ്രിക്കയിലെ താബോ തോലോ വനമേഖലയിൽ സ്ഥാപിച്ചിരുന്ന ക്യാമറയിലാണ് സ്വർണപ്പുലിയുടെ ചിത്രം പതിഞ്ഞത്. ജിറാഫിനെ തിന്നുന്ന നിലയിലായിരുന്നു പുലി. കടുത്ത തവിട്ട് നിറത്തിലാണ് ഈ പുലിയുടെ പുള്ളികൾ കാണപ്പെട്ടത്.അപൂർവമായിട്ടാണ് ഇത്തരം വ്യത്യാസങ്ങളുണ്ടാവുക.
കടുത്ത മഞ്ഞ നിറത്തിലാണ് പുലിയുടെ ശരീരം കാണപ്പെട്ടത്. അതിനാൽ തന്നെ കൂട്ടത്തിലെ ഇളം മഞ്ഞ ശരീരമുള്ള മറ്റ് പുലികളിൽ നിന്ന് ഈ പുലി വേറിട്ടു നിന്നിരുന്നു. ഇതാണ് ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ക്യാമറ സ്ഥാപിച്ച ബ്ലാക്ക് ലെപഡ് ക്ലബ്ബ് ഈ പുലിയെ ശ്രദ്ധിക്കാൻ കാരണമായതും. തുടർന്നുള്ള നിരീക്ഷണത്തിലാണ് ഈ പുലിയുടെ പുള്ളികളിലുള്ള നിറവ്യത്യാസവും ശ്രദ്ധയിൽ പെട്ടത്.സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ ഈ പെൺ പുള്ളിപ്പുലിയിലും എറിത്രിസം എന്ന ജനിതക വ്യതിയാനമാണ് തവിട്ട് നിറത്തിലുള്ള പുള്ളികൾ രൂപപ്പെടാൻ കാരണമായതെന്നാണ് വിലയിരുത്തൽ.