തിരുവനന്തപുരം: സ്കോൾ കേരളയിൽ സർക്കാർ നടത്താനിരിക്കുന്ന നിയമനത്തിൽ ഡി.വെെ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിമിന്റെ സഹോദരിയടക്കമുള്ളവർ സ്ഥിരനിയമനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് തൃത്താല എം.എൽ.എ വി.ടി ബൽറാം ആരോപിച്ചിരുന്നു. എന്നാൽ ഇതിനെതിരെ എ.എ റഹിം രംഗത്തെത്തിയിരിക്കുകയാണ്. ജോലി സ്ഥിരപ്പെടുത്തിയ കാര്യം സഹോദരി തന്നോട് പറഞ്ഞില്ലെന്നും എന്തോ അനർഹമായത് താൻ ഇടപെട്ട് എന്റെ പെങ്ങൾക്ക് നേടിക്കൊടുക്കാൻ പോകുന്നു എന്ന് തൃത്താലയിൽ നിന്നും ഒരു വിളംബരം വന്നിരിക്കുന്നുവെന്നും റഹിം പരിഹസിച്ചു.
"വർഗീയത വേണ്ട, ജോലി മതി" എന്ന മുദ്രാവാക്യത്തോട് ബൽറാമിന് തോന്നുന്ന അലർജിക്ക് കാരണം കേന്ദ്രസർക്കാരിനെതിരായ മുദ്രാവാക്യമായതിന് കൊണ്ടാണെന്നും റഹിം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
തൃത്താല മഹാരാജാവിന്റെ
വിളംബരത്തിന് നന്ദി.
എന്റെ സഹോദരിയ്ക്ക് ജോലി സ്ഥിരപ്പെടുത്തിപ്പോലും...
ഏതായാലും സഹോദരി എന്നോട് പറഞ്ഞില്ല.
എന്തോ അനർഹമായത് ഞാൻ ഇടപെട്ട് എന്റെ പെങ്ങൾക്ക് നേടിക്കൊടുക്കാൻ പോകുന്നു എന്ന് തൃത്താലയിൽ നിന്നും ഒരു വിളംബരം വന്നിരിക്കുന്നു. രാജാവിന്റെ കൂലിക്കാർ വാട്സാപ്പ് വഴി ഓവർടൈം പണിയെടുത്തു ടി വിളംബരം നാട്ടാരെ അറിയിക്കാൻ നന്നായി
പണിയെടുക്കുന്നുമുണ്ട്.
കാര്യങ്ങൾ നന്നായി നടക്കട്ടെ.
പിന്നെ,
"വർഗീയത വേണ്ട, ജോലി മതി" എന്ന മുദ്രാവാക്യത്തോട് താങ്കൾക്ക് തോന്നുന്ന അലർജി എനിക്ക് മനസ്സിലാക്കാനാകും. കാരണം ഇത് കേന്ദ്രസർക്കാരിനെതിരായ മുദ്രാവാക്യമാണല്ലോ.
വർഗീയതയ്‌ക്കെതിരെ ആരെന്ത് പറഞ്ഞാലും മഹാരാജാവിന് അനിഷ്ടമാകുമെന്നും അറിയാം.
മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരും ആയ എല്ലാ മനുഷ്യരെയും കല്ലെറിഞ്ഞും പുലഭ്യം പറഞ്ഞും ആത്മരതി കൊള്ളുന്ന മഹാ തിരുമനസ്സേ അങ്ങയുടെ ആത്മരതി തുടർന്നാലും....