ന്യൂഡൽഹി: ആർട്ടിക്കിൽ 370 ഭേദഗതി ചെയ്തത് പോലെ ‘മതേതരത്വം’ എന്ന വാക്ക് ഭരണഘടനയിൽ നിന്ന് ഒരു ഭൂരിപക്ഷ സർക്കാരിനും മാറ്റാൻ കഴിയില്ലെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി കുര്യൻ ജോസഫ് പറഞ്ഞു. മതേതരത്വം എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വമാണെന്നും അത് മാറ്റാൻ ഒരു ഭൂരിപക്ഷ സർക്കാരിനും കഴില്ലെന്നും കുര്യൻ ജോസഫ് പറഞ്ഞു. ഡൽഹിയിലെ ഓൾ ഇന്ത്യാ കാത്തലിക്ക് യൂണിയൻ സംഘടിപ്പിച്ച ‘കോൺസ്റ്റിറ്റിയൂഷൻ ആൻഡ് മൈനോറിറ്റി റൈറ്റ്‌സ് ഓഫ് ഇന്ത്യ’ എന്ന വിഷയത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന തത്വമാണ്. ഇത് ഭേദഗതി ചെയ്ത് ചേർത്തത് അടിയന്തരാവസ്ഥയ്ക്ക് ശേഷമാണ്. ഭരണഘടനയുടെ ആമുഖത്തിലല്ലാതെ മറ്റെവിടെയും ഇത് കാണാൻ സാധിക്കില്ല. 13 അംഗ ജഡ്ജിമാരുടെ ബെഞ്ച് വിധിച്ചതാണിത്. അതുകൊണ്ട് തന്നെ ഇത് ഭേദഗതി ചെയ്യാൻ 15 അംഗ ജഡ്ജിമാരുടെ ബെഞ്ച് വേണമെന്നും കുര്യൻ ജോസഫ് പറഞ്ഞു.
മതേതരത്വം ഭേദഗതി ചെയ്തത് അടിയന്തരാവസ്ഥയ്ക്ക് ശേഷം മാത്രമാണ്. ‘ഇന്ത്യയൊരു പരമാധികാര സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കാണ്. ഏതൊക്കെ കാര്യങ്ങളാണ് രാജ്യത്തിന്റെ അടിസ്ഥാനമെന്ന് സുപ്രീംകോടതി പറഞ്ഞാൽ പിന്നെ അത് മാറ്റാൻ സാധിക്കില്ല. ഭൂരിപക്ഷ സർക്കാരിനും പോലും ഭരണഘടനയിൽ നിന്ന് ഇക്കാര്യം മാറ്റാൻ സാധിക്കില്ല. അതുകൊണ്ടാണ് പാർലമെന്റിന് മാറ്റം വരുത്താൻ സാധിക്കുന്നതും എന്നാൽ തീരെ പറ്റാത്തതുമായ കാര്യങ്ങളുണ്ടെന്ന് കോടതി പറഞ്ഞത്. ഭാഗ്യവശാൽ ‘മതേതരത്വം’ എന്നത് മാറ്റാന്‍ പറ്റാത്തവയിൽപ്പെട്ടതാണെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് കൂട്ടിച്ചേർത്തു.