തിരുവനന്തപുരം: കർക്കടകത്തിലെ ദുരിതമഴ പെയ്തൊഴിഞ്ഞ് ചിങ്ങത്തിൻ പൊൻ വെയിൽ പരന്നതോടെ ഓണവിപണി ഉണർന്നു. ഗൃഹോപകരണങ്ങൾ, മൊബൈൽഫോൺ, തുണിത്തരങ്ങൾ, വാഹനങ്ങൾ, സ്വർണം, ഭക്ഷ്യവസ്തുക്കൾ തുടങ്ങി എല്ലാത്തരം വിപണികളും ഓണക്കച്ചവടത്തിന് കോപ്പുകൂട്ടിക്കഴിഞ്ഞു. രാജ്യത്ത് ഉത്സവ സീസൺ ആരംഭിക്കുന്നതുതന്നെ ഓണത്തോടെയാണ്. ഓണ വിപണിയിലാണ് പുത്തൻ ഉത്പന്നങ്ങൾ വിവിധ കമ്പനികൾ അവതരിപ്പിക്കുന്നത്. ഓണത്തിന് പിന്നാലെയാണ് ദുർഗാപൂജ, ദസറ, ദീപാവലി, ക്രിസ്മസ് എന്നീ ആഘോഷങ്ങളെത്തുന്നത്. ഓരോ സംസ്ഥാനത്തും ഓണത്തിന്റെ മാതൃകയിലുള്ള ഓഫറുകളാകും കമ്പനികൾ അവതരിപ്പിക്കുക.
പുതിയതെന്തും തുടങ്ങുന്നതിനും വാങ്ങുന്നതിനും ചിങ്ങമാണ് ബെസ്റ്റ്. ഇത്തവണ ചിങ്ങം 26നാണ് തിരുവോണം. അതുകൊണ്ടുതന്നെ ദൈർഘ്യമേറിയതാണ് ഓണക്കച്ചവട സീസൺ. മുൻവർഷത്തെക്കാൾ 25 മുതൽ 30 ശതമാനം അധികം വില്പനയാണ് കമ്പനികൾ ലക്ഷ്യമിടുന്നത്. സംസ്ഥാനത്താകെ 50,000 കോടി രൂപയുടെ വില്പനയാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വിലക്കയറ്റമുണ്ടാകാത്തതും ഓണവിപണിക്ക് അനുകൂലമാകും. ചില്ലറവില്പന വിലയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയിൽ പണപ്പെരുപ്പവും 3.15 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്. റിസർവ് ബാങ്ക് നിശ്ചയിച്ച സുരക്ഷിത തലമായ നാലു ശതമാനത്തിന് താഴെയാണ് ഇത്. അതുകൊണ്ടുതന്നെ വിലക്കയറ്റഭീഷണി ഈ ഓണക്കാലത്തുണ്ടാകില്ല.
ഗൾഫ് രാജ്യങ്ങളിൽ അവധിയായതിനാൽ ഒട്ടേറെ പ്രവാസിമലയാളികൾ ഇത്തവണ നാട്ടിലുണ്ട്. ഓണം വില്പനയുടെ തോത് വർദ്ധിപ്പിക്കാൻ പ്രവാസി സാന്നിദ്ധ്യം ഇടയാക്കും. ഓണം ഓഫറുകൾ പരമാവധി പ്രയോജനപ്പെടുത്തി വീട്ടുപകരണങ്ങളും ഹോം ഡെക്കർ ഉത്പന്നങ്ങളും വാങ്ങാൻ ശ്രമിക്കുകയാണ് പ്രവാസികളിലേറെപ്പേരും.
ന്യൂജെൻ ഓണക്കച്ചവടം
കച്ചവടത്തിന്റെ പരമ്പരാഗത രീതിയൊക്കെ മാറ്റി പുതിയ മട്ടിലും ഭാവത്തിലുമാണ് പുതിയ തലമുറയുടെ ഓണക്കച്ചവടം. കടകളുടെ പേരു മുതൽ ഇത് വ്യക്തമാണ്. നഗരത്തിൽ മാത്രമല്ല, നഗരത്തിനു പുറത്തും ന്യൂജെൻ കടകൾ ധാരാളം കാണാം. പഠനം കഴിഞ്ഞ് വരുമാനമുണ്ടാക്കാൻ തുടങ്ങിയിരിക്കുന്ന ചെറുപ്പക്കാരാണ് പുതിയ രീതിയിൽ ഓണ വിപണിയിൽ സജീവമാകുന്നത്. സ്മാർട്ട് ഫോണുകൾ, വസ്ത്രങ്ങൾ, ഇരുചക്രവാഹനങ്ങൾ എന്നിവയുടെ വിപണിയാണ് അവർ തുറക്കുന്നത്. മാത്രമല്ല വിപണിയിൽ ഉപഭോക്താക്കളായി എത്തുന്നവരിൽ ഭൂരിഭാഗവും ചെറുപ്പക്കാരാണ്.
വില കുതിച്ച് സ്വർണം
സ്വർണവില റെക്കാഡ് മറികടന്ന് പവന് 28,000ത്തിലെത്തി. പക്ഷേ, ഇന്നലെ 27,920 ആയി കുറഞ്ഞു. വിവാഹങ്ങളുടെ കൂടി മാസമായതിനാൽ ചിങ്ങത്തിൽ ജുവലറികൾ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ഇപ്പോഴത്തെ ആഗോള സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ സ്വർണവിലയിലെ കുതിപ്പ് തുടരാനാണ് സാദ്ധ്യത. ദീർഘകാല അടിസ്ഥാനത്തിൽ ഏറ്റവുമധികം മൂലധനനേട്ടം നൽകുന്ന നിക്ഷേപമാർഗം കൂടിയാണ് സ്വർണം.
2019ൽ ഇതുവരെ പവന് 19 ശതമാനത്തിലേറെ വില വർദ്ധനയാണുണ്ടായത്. 2018 ഡിസംബർ 31ന് പവൻവില 23,440 രൂപയായിരുന്നു. 2005 ഒക്ടോബറിൽ പവന് 5,000 രൂപ മാത്രമായിരുന്നു വില!
അത്തം പിറക്കുന്നതും കാത്ത്
സെപ്തംബർ രണ്ടിനാണ് അത്തം. തലേനാളായ സെപ്തംബർ ഒന്നോടെ ഓണത്തിനായുള്ള പുഷ്പവിപണി സജീവമാകും. നഗരത്തിൽ പ്രധാനമായും ചാലക്കമ്പോളത്തിലാണ് പൂക്കച്ചവടം നടക്കുന്നത്. തോവാളയിൽ നിന്നുമാണ് കൂടുതൽ പൂക്കൾ ചാലയിൽ എത്തുന്നത്. ക്ലബുകളുടെയും അസോസിയേഷന്റെയും പേരിലാണ് അത്തപ്പൂക്കളമൊരുക്കുന്നത്. ഒപ്പം കോളേജുകളിലും സ്കൂളുകളിലുമെല്ലാം അത്തപ്പൂക്കളമൊരുക്കൽ മത്സരവും ഉണ്ടായിരിക്കും. എല്ലായിടത്തേക്കും പൂക്കൾ പോകുന്നത് ചാലയിൽ നിന്നാണ്. കഴിഞ്ഞ വർഷത്തെക്കാൾ മെച്ചപ്പെട്ട കച്ചവടാണ് ചാലയിലെ പുഷ്പ വ്യാപാരികളും പ്രതീക്ഷിക്കുന്നത്.
സർക്കാർ വിപണി അത്ത തലേന്നു മുതൽ
സർക്കാരിന്റെ ഓണവിപണി സെപ്തംബർ ഒന്നിന് ആരംഭിക്കും. പുത്തരിക്കണ്ടം മൈതാനത്ത് വിപുലമായ രീതിയിൽ സപ്ലൈകോ ഓണവിപണി തുറക്കും.
ഓണച്ചന്തകളിൽ നിന്ന് വിലക്കുറവിൽ പ്രമുഖ ബ്രാൻഡുകളുടെ വീട്ടുപകരണങ്ങൾ വാങ്ങാനുളള സൗകര്യവും ഒരുക്കും. ഓണംഫെയറിൽ ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ, ഹാൻടെക്സ്, ഹാൻവീവ്, മത്സ്യഫെഡ്, മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ, കയർഫെഡ്, വനശ്രീ, വ്യവസായവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾ, വനിതാ വികസന കോർപറേഷൻ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളും എത്തിക്കും.ഫുഡ് കോർട്ടും തുറക്കും. കൺസ്യൂമർ ഫെഡ് എൽ.എം.എസ് വളപ്പിൽ ഓണം വിപണി തുറക്കും.