തിരുവനന്തപുരം: ഒാണത്തിനും ക്രിസ്മസിനുമെല്ലാം നഗരവാസികൾക്ക് ഇഷ്ടകേന്ദ്രമായിരുന്ന ശംഖുംമുഖം ബീച്ച് ദുരന്തതീരമായി. ടൂറിസ്റ്റുകളെ ആകർഷിച്ചിരുന്ന തീരത്തേക്ക് ഇപ്പോൾ ആരെയും കടത്തിവിടാറില്ല. ഏതെങ്കിലും വിധത്തിൽ എത്തിപ്പെട്ടാൽ തന്നെ കടലിന്റെ ഭീകരരൂപം കണ്ടും ഗാർഡുമാരുടെ മുന്നറിയിപ്പുകൾ കേട്ടും തിരിച്ചുപോകേണ്ട സ്ഥിതിയാണ്.
ദുരന്തങ്ങൾ തുടർക്കഥയായതോടെ ഇത്തവണത്തെ കർക്കടക അമാവാസി ബലിതർപ്പണത്തിന് പോലും തീരം ഒരുങ്ങിയില്ല. പദ്മനാഭസ്വാമിയുടെ ആറാട്ട്കടവായ ശംഖുംമുഖം ഇപ്പോൾ ഭീതിയുടെ തിരയടികൾ മാത്രം മുഴങ്ങുന്നയിടമായി മാറി. കടലാക്രമണം തുടർന്നാൽ തീരത്തെ മനോഹരമായ കൽമണ്ഡപങ്ങളും പഴയ കൊട്ടാരക്കെട്ടുകളുമെല്ലാം ഒാർമ്മയായി മാറുമെന്ന ആശങ്കയിലാണ് നഗരവാസികൾ. ശംഖുംമുഖത്തെ മനോഹരടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള സർക്കാർ പദ്ധതികളും വെള്ളത്തിലായ മട്ടിലാണ്. ഏറ്റവും ഒടുവിൽ ലൈഫ് ഗാർഡ് ജോൺസണിന്റെ ദുരന്തവുമായതോടെ ശംഖുംമുഖം ഭീതിയുടെ തീരമായി മാറുകയാണ്.
കടലെടുക്കുന്ന ഒരു തീരം
ശക്തമായ തിരമാലകളാണ് ഇപ്പോൾ ശംഖുംമുഖത്തേത്. മണൽത്തിട്ടകളെ പൂർണമായും കടലെടുത്തു. നടപ്പാതകളുടെ അടിഭാഗം തുരന്ന് കടൽ കരയിലേക്കു കയറി. ബീച്ചിലെ നടപ്പാത തകർന്നു. കടലേറ്റം തുടർന്നാൽ ശംഖുംമുഖം റോഡിനു ബലക്ഷയം സംഭവിക്കും. ഇവിടെയെത്തുന്നവരെല്ലാം നിരാശരായാണു മടങ്ങുന്നത്. സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെ ബീച്ചിനെ ആശ്രയിച്ച് ജീവിക്കുന്നവരുടെ ജീവിതങ്ങളും ബുദ്ധിമുട്ടായി.
വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയമായ നിർമ്മാണമാണ് ശംഖുംമുഖം തീരത്തെ ഇത്തരത്തിൽ കടലെടുത്തതിന് പിന്നിലെന്ന് മത്സ്യത്തൊഴിലാളികളും സംഘടനാനേതാക്കളുമൊക്കെ പലതവണ പറഞ്ഞുകഴിഞ്ഞതാണ്. തുറമുഖം പണി തീരുന്നതോടെ ശംഖുംമുഖം ബീച്ച് ഇല്ലാതായിത്തീരുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ബീച്ചിന് മുന്നിലുള്ള റോഡ് വരെ കടലെടുക്കുമെന്നും പറയപ്പെടുന്നു. അങ്ങനെ നോക്കിയാൽ രാജഭരണത്തിന്റെ തിരുശേഷിപ്പുകളായി തലയുയർത്തി നിൽക്കുന്ന കൽമണ്ഡപങ്ങൾ, കൊട്ടാരം, ആറാട്ടുകുളം, കാനായി കുഞ്ഞിരാമന്റെ മാന്ത്രികവിരലൊരുക്കിയ സാഗര കന്യക ശില്പം, മനോഹരമായ പൂന്തോട്ടം, ഇരിപ്പിടം, പാത്രക്കുളം തുടങ്ങിയവയെല്ലാം ഓർമകളാകും. ആയിരക്കണക്കിനാളുകളുടെ ഓർമകളെ സമ്പന്നമാക്കിയ കാഴ്ചകളും സമയങ്ങളുമാകും മറയുന്നത്.
വെള്ളത്തിലാകുന്ന ടൂറിസം പദ്ധതികൾ
ഓരോ വർഷവും കോടികൾ ചെലവിട്ടാണ് ടൂറിസം വകുപ്പ് ശംഖുംമുഖം നവീകരണപദ്ധതികൾ ആവിഷ്കരിക്കുന്നത്. ജൂൺ ആദ്യവാരം മുതൽ ആരംഭിച്ച ശംഖുംമുഖം നവീകരണ പ്രവർത്തനങ്ങൾ കടലാക്രമണം തുടരുന്നതോടെ വെള്ളത്തിലാവുക 14.9 കോടി രൂപയ്ക്ക് വിഭാവനം ചെയ്ത പദ്ധതികളാണ്. കടലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മാസ്റ്റർ പ്ലാനിൽ നിന്നും 50 മീറ്റർ അകലെയായി നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് പുതിയ തീരുമാനമെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സന്തോഷ് ലാൽ പറഞ്ഞു.
ഓഖിയിൽ തകർന്നുപോയ റോഡിനോട് ചേർന്ന നടപ്പാതയുടെ പുനർനിർമ്മാണം, സഞ്ചാരികൾക്ക് ഇരിക്കാൻ കടലിന് അഭിമുഖമായി പുതിയ ഇരിപ്പിടങ്ങൾ, ആധുനിക എൽ.ഇ.ഡി സംവിധാനങ്ങൾ, ബീച്ചിലേക്ക് പ്രവേശന കവാടം, പാർക്കിന്റെ മുഖച്ഛായ മാറ്റി ലാൻഡ് സ്കേപ്പിംഗും ജലാശയവും, കുട്ടികൾക്കായി കളി ഉപകരണങ്ങൾ, സാഗരകന്യകയും കൽമണ്ഡപങ്ങളും കൂടുതൽ ദൃശ്യവത്കരിക്കാനുള്ള സംവിധാനം, ആവശ്യത്തിന് ടോയ്ലെറ്റ് സംവിധാനങ്ങൾ, കംഫറ്റീരിയയുടെ വിപുലീകരണം എന്നിവ പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ചതാണ്. ഭിന്നശേഷിക്കാർക്കും സൗകര്യപ്രദമായി 'ബാരിയർ ഫ്രീ കേരള ടൂറിസം' പദ്ധതിയുടെ ഭാഗമായി നിഷ്കർഷിച്ചിട്ടുള്ള സൗകര്യങ്ങളും പുതിയ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിരുന്നു. നിലവിൽ ചാച്ചാ നെഹ്റു പാർക്കിൽ നവീകരണ പദ്ധതികൾ തുടങ്ങിയതല്ലാതെ മറ്റൊന്നും ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്.
സുരക്ഷയ്ക്കായി നടപടികൾ വേണം
കടൽക്ഷോഭം തുടരുന്ന സാഹചര്യത്തിൽ ബീച്ചിലേക്ക് സന്ദർശകർക്ക് അനുമതി നിഷേധിച്ചിരിക്കുകയാണ്. എങ്കിലും പൊലീസിന്റെയും ലൈഫ് ഗാർഡുകളുടെയും മുന്നറിയിപ്പുകളെ അവഗണിച്ച് നിരവധിപേർ ഇവിടെയെത്തുന്നുണ്ടെന്ന് ലൈഫ് ഗാർഡുകൾ പറയുന്നു. തീരത്തിന് സമാന്തരമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഇരുമ്പ് ബാരിക്കേഡുകൾ സ്ഥാപിച്ചുതുടങ്ങി. കടലെടുക്കാതെ ബാക്കിയുള്ള റോഡിന്റെ ഒരു വശത്തായിരിക്കും ബാരിക്കേഡുകൾ വരിക. നിലവിൽ സഞ്ചാരികളെ തടയാനായി കയർ ഉപയോഗിച്ചാണ് സംവിധാനമൊരുക്കിയിട്ടുള്ളത്. ഇത്തരം കയർ വേലി മറികടന്നാണ് കഴിഞ്ഞ ദിവസം യുവതി കടലിൽ ചാടിയത്. ആ അപകടത്തിൽ ലൈഫ് ഗാർഡ് ജോൺസൺ ജീവൻ വെടിയേണ്ടിയും വന്നു.
വെളിച്ചക്കുറവിന്റെ പ്രശ്നവും ഇവിടെയുണ്ട്. ഹൈമാസ്റ്റ് ലൈറ്റുകളടക്കം തെരുവുവിളക്കുകളെല്ലാം കടലാക്രമണത്തിൽ നശിച്ചു. അവ പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. സഞ്ചാരികളുടെ വരവ് തടയാനും മാർഗനിർദ്ദേശങ്ങൾ നൽകാനും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ വേണമെന്നും ആവശ്യമുയരുന്നുണ്ട്.
ഒാണത്തിനൊരുങ്ങാതെ ശംഖുംമുഖം
ഓണത്തിന് ആഴ്ചകൾ ശേഷിക്കേ ആഘോഷങ്ങളുടെ പ്രധാന വേദിയായിരുന്ന ഒരു മണൽപ്പുറം ഇല്ലാതായതിന്റെ സങ്കടമുണ്ട് നഗരവാസികൾക്ക്. എല്ലാ വർഷവും സർക്കാരിന്റെ ഓണാഘോഷങ്ങളുടെ പ്രധാന വേദിയായിരുന്നു ശംഖുംമുഖം. പ്രധാനമന്ത്രിയടക്കം പ്രമുഖർ പങ്കെടുത്ത സമ്മേളനങ്ങൾ, ചെറുതും വലുതുമായ കൂട്ടായ്മകൾ, ലക്ഷക്കണക്കിനാളുകളെ ഉൾക്കൊണ്ടിരുന്ന മണൽപ്പരപ്പ് എന്നിങ്ങനെ ഓർമകൾ ഏറെയുണ്ട് ശംഖുംമുഖത്തിന്. ആ തീരമാണ് ഇന്ന് കടലെടുത്ത്, ശോഷിച്ച്, സന്ദർശകരുടെ തള്ളിക്കയറ്റമില്ലാതെ പൊട്ടിപ്പൊളിഞ്ഞും അവശേഷിപ്പുകളുന്തിയും പഴയ പ്രതാപത്തെ ഓർമിപ്പിക്കുന്നത്.
കുടുംബത്തിനും സൗഹൃദങ്ങൾക്കുമൊപ്പം കടൽക്കാറ്റേറ്റ് വിശേഷങ്ങൾ പങ്കുവയ്ക്കാത്ത നഗരവാസികളുണ്ടോയെന്ന് സംശയമാണ്. പല ആവശ്യങ്ങൾക്കും ജോലികൾക്കുമായി തലസ്ഥാനത്തെത്തുന്ന പുറംനാട്ടുകാർക്കും ശംഖുംമുഖത്തെ മറക്കാനാവില്ല. തിരകളടങ്ങിയാലും പഴയകാലത്തെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ശംഖുംമുഖം ബീച്ച് തിരികെയെത്തുമോയെന്ന സംശയത്തിലാണ് എല്ലാവരും.