തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന പൈതൃക തെരുവ് പദ്ധതിയും കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന സ്മാർട്ട് സിറ്റിയും ഏകോപിപ്പിച്ച് വികസന വേഗം നൽകാൻ തീരുമാനം.'സിറ്റി കൗമുദി"യിൽ കഴിഞ്ഞ വ്യാഴാഴ്ച 'പദ്ധതികൾ രണ്ടായപ്പോൾ ഇഴയുന്ന വികസനം' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് തീരുമാനം. വാർത്ത വന്ന ദിവസം തന്നെ ടൂറിസം ഡയറക്ടറും സ്മാർട്ട് സിറ്റി സി.ഇ.ഒയുമായ പി. ബാലകിരൺ യോഗം വിളിച്ചുകൂട്ടി. അതിലാണ് രണ്ടു പദ്ധതികളും പരസ്പര പൂരകങ്ങളായി മുന്നോട്ടു കൊണ്ടു പോകാൻ തീരുമാനിച്ചത്.
രണ്ടു പദ്ധതികളും കൂട്ടിമുട്ടിയപ്പോൾ നിർമ്മാണം ആരംഭിച്ച പൈതൃകത്തെരുവ് പദ്ധതിയുടെ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഇഴയുന്നതായി 'സിറ്റികൗമുദി" വാർത്തയിൽ ചൂണ്ടികാണിച്ചിരുന്നു.
ഒന്നാംഘട്ടത്തിൽ നിർമ്മിക്കുമെന്ന് പറഞ്ഞവയൊന്നും ഇതുവരെ നിർമ്മിച്ചിട്ടില്ല. പച്ചക്കറി മാർക്കറ്റിനായുള്ള കെട്ടിടത്തിന്റെ നിർമ്മാണം മാത്രമാണ് അന്തിമഘട്ടത്തിലെത്തിയത്. പച്ചക്കറി മാർക്കറ്റിനു പുറമേ അമിനിറ്റി സെന്റർ, പ്രധാന കവാടം എന്നിവയാണ് ആദ്യം നിർമ്മിക്കുമെന്ന് പറഞ്ഞിരുന്നത്.
കേബിളുകൾ ഭൂമിക്കടിയിലേക്ക് മാറ്റുന്നതുൾപ്പെടെയുള്ള റോഡ് നിർമ്മാണം പൈതൃക തെരുവ് പദ്ധതയിൽ നിന്നു എടുത്തുമാറ്റാനും അത് സ്മാർട്ട് സിറ്റി വഴി നടപ്പിലാക്കാനുമാണ് പുതിയ തീരുമാനം. ചാല ഉൾപ്പെടെയുള്ള സ്മാർട്ട് സിറ്റി പ്രദേശത്തെ റോഡുകളുടെ നിർമ്മാണത്തിനായി എൻ.ഒ.സി കിട്ടുന്നതിനായി ടൂറിസം വകുപ്പ് പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. അത് ലഭിച്ചാലുടൻ ടെൻഡർ നടപടികളിലേക്കു കടക്കും.
റോഡുകളിൽ 22 എണ്ണം പൊതുമരാമത്ത് വകുപ്പിന്റെയും 15 എണ്ണം വകുപ്പിന്റെ തന്നെ കീഴിലുള്ള ടി.ആർ.ഡി.സി.എല്ലിന്റേതുമാണ്. ചാലയിൽ റോഡിന്റെ വശങ്ങളിലുള്ള നടപ്പാതയുടെ അടിവശത്തായി വൈദ്യുത കേബിളുകൾ, വാട്ടർ അതോറിട്ടിയുടെ പൈപ്പുകൾ, ബി.എസ്.എൽ കേബിളുകൾ, ഡ്രെയിനേജ് ലൈൻ എന്നിവയ്ക്ക് സൗകര്യമൊരുക്കും. ഇതെല്ലാം സ്മാർട്ട് സിറ്റി പദ്ധതി വഴി ചെയ്യും. റോഡ് നിർമ്മാണത്തിനു ശേഷമുള്ള സൗന്ദര്യവത്കരണം പൈതൃകത്തെരുവ് പദ്ധതി വഴിയാകും നിർവഹിക്കുക.
110 കടകളുടെ നിർമ്മാണമാണ് ഇപ്പോൾ ചാലയിൽ പൂർത്തിയായി വരുന്നത്. ഓണത്തിനു മുമ്പ് അത് ഉദ്ഘാടനം ചെയ്യും. കടകൾക്കെല്ലാം ഏക രൂപം നൽകും.