തിരുവനന്തപുരം : നഗര വീഥികളെ ഭക്തിസാന്ദ്രമാക്കി ആയിരക്കണക്കിന് ഉണ്ണിക്കണ്ണന്മാർ ഇന്നലെ രാധമാരോടൊപ്പം പിച്ചവച്ചു. അതിരുകളില്ലാത്ത സൗഹൃദം, മതിലുകളില്ലാത്ത മനസ് എന്ന സന്ദേശമുയർത്തി ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശോഭായാത്രകളാണ് വർണാഭമായത്. ചെറുശോഭായാത്രകൾ പ്രധാന കവലകളിൽ സംഗമിച്ച് മഹാശോഭായാത്രകളായി. വീഥികൾ അമ്പാടികളാപ്പോൾ പുരാണ വേഷധാരികളായ ബാലികാബാലന്മാർക്കൊപ്പം അച്ഛനമ്മമാരും യുവതി-യുവാക്കളും അണിനിരന്നു. മഴ ആവേശം കെടുത്താത്ത ശോഭായാത്രകളെ ദ്വാപരയുഗ സ്മരണകളുണർത്തുന്ന നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും വർണാഭമാക്കി.
മ്യൂസിയം, മസ്കറ്റ് ഹോട്ടൽ, എൽ.എം.എസ്, റിസർവ് ബാങ്കിന് മുൻവശം, പ്രസ് ക്ലബ്, ജനറൽ ഹോസ്പിറ്റൽ, ഗോവിന്ദൻസ് ആശുപതിക്ക് മുൻവശം എന്നിവിടങ്ങളിൽ നിന്നു വൈകിട്ട് 3.30 ന് ആരംഭിച്ച ഉപഘോഷയാത്രകൾ പാളയത്ത് എത്തിയപ്പോൾ സംഗമ ഘോഷയാത്ര മാറി. തുടർന്ന് ടി.പി.സെൻകുമാർ സംഗമ ഘോഷയാത്ര ഉദ്ഘാടനം ചെയ്ത ശേഷം കിഴക്കേകോട്ടയിൽ തയ്യാറാക്കിയ ആമ്പാടിയിലേക്ക് ആനയിച്ചു. ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷൻ എൻ. ഉണ്ണികൃഷ്ണൻ ശ്രീകൃഷ്ണ ജയന്തി സന്ദേശം നൽകി. ശ്രീകൃഷ്ണന്റെയും പുരാണ കഥാപാത്രങ്ങളുടെയും വേഷമണിഞ്ഞ കുട്ടികൾ, പഞ്ചവാദ്യം, ചെണ്ടമേളം, യുവതികൾ നയിച്ച ധർമ്മവാഹിനി, കേരളീയ വേഷധാരികളായ സ്ത്രീകൾ, മുത്തുക്കുടകൾ അണിഞ്ഞ യുവതികൾ, ഭജനസംഘം എന്നിവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. കാളിയമർദ്ദനം, ഗോവർദ്ധനോദ്ധാരണം, അനന്തശയനം, സാന്ദീപനി ആശ്രമം, ഗീതോപദേശം, ആലിലക്കണ്ണൻ തുടങ്ങിയ നിശ്ചലദൃശ്യങ്ങൾ ഘോഷയാത്രയെ നയനാന്ദകരമാക്കി. തുടർന്ന് സംഗമഘോഷയാത്ര കിഴക്കേകോട്ടയിൽ സമാപിച്ചപ്പോൾ വീടുകളിലെ പൂജാമുറിയിൽ പൂജിച്ചുകൊണ്ടുവന്ന തൃക്കൈവെണ്ണ കൃഷ്ണവിഗ്രഹത്തിൽ സമർപ്പിച്ച് പൂജ നടത്തി. ശോഭായാത്രയിൽ പങ്കെടുത്ത ഉണ്ണിക്കണ്ണന്മാർക്ക് ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റിന്റെ വകയായി അവൽപ്പൊതി നൽകി.
സ്വാഗതസംഘം ഭാരവാഹികളായ എം.നന്ദകുമാർ, കെ.ജയകുമാർ, പി.സുധാകരൻ, രാജേഷ്, ബാലഗോകുലം ഭാരവാഹികളായ കെ.ബാബു, എസ് .രാജീവ്, കെ.എസ്. ഷാജി, ടി.നന്ദകുമാർ, എസ്.എസ്. സുമി, ദീപ സന്തോഷ് തുടങ്ങിയവർ ശോഭായാത്രയ്ക്ക് നേതൃത്വം നൽകി.
ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേർന്ന ദിവസമായ ഇന്നലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. ശ്രീകൃഷ്ണക്ഷേത്രങ്ങൾ ദീപാലങ്കാരത്തിലും ഭക്തിഘോഷങ്ങളിലും നിറഞ്ഞു. ശ്രീപദ്മനാഭ സ്വാമിക്ഷേത്രം, നെയ്യാറ്റിൻകര, മലയിൻകീഴ്, പേരൂർക്കട ശ്രീകൃഷ്ണക്ഷേത്രങ്ങളിലും പ്രത്യേക പൂജകൾ നടന്നു.