തിരുവനന്തപുരം: അതിർത്തി കടന്ന് ഭീകരർ എത്തുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് തലസ്ഥാനം അതീവ ജാഗ്രതയിലാണ്. അതിർത്തികൾ അടച്ചും കടൽ അരിച്ചുപെറുക്കിയുമുള്ള പരിശോധനകളിലാണ് പൊലീസ്. സിറ്റിയിൽ രാത്രിപരിശോധന കർശനമാക്കിയിട്ടുണ്ട്. നഗരത്തിലെ തമിഴ് ലേബർ ക്യാമ്പുകളിലും തമിഴ് കോളനികളിലും പൊലീസ് തുടർച്ചയായ പരിശോധനകൾ നടത്തുന്നു. തമിഴ്നാട് ബസുകളെത്തുന്ന തമ്പാനൂർ ബസ് സ്റ്റേഷനിലും തമിഴ്നാട്ടിൽ നിന്നുള്ള ട്രെയിനുകളെത്തുമ്പോൾ റെയിൽവേ സ്റ്റേഷനിലുമെല്ലാം പരിശോധനയുണ്ട്. തലസ്ഥാനത്തെ ആരാധനാലയങ്ങൾക്കും പൊലീസ് സുരക്ഷയൊരുക്കും. പാകിസ്ഥാൻ സ്വദേശി അടക്കമുള്ള ആറംഗ ലഷ്കർ തീവ്രവാദി സംഘം ശ്രീലങ്കയിൽ നിന്ന് കടൽമാർഗം തമിഴ്നാട്ടിലെത്തിയതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതിനെ തുടർന്നാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ അതീവജാഗ്രത പ്രഖ്യാപിച്ചത്.
തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന തിരുവനന്തപുരത്ത് പ്രത്യേക ജാഗ്രത പുലർത്തും, പരിശോധന കർശനമാക്കാനുമാണ് ഡി.ജി.പിയുടെ നിർദ്ദേശം. നഗരത്തിലെ എല്ലാ സ്റ്റേഷനുകളിലും ജാഗ്രതാനിർദ്ദേശം നൽകിയെന്ന് സ്പെഷ്യൽബ്രാഞ്ച് അസി. കമ്മിഷണർ എ.പ്രമോദ് കുമാർ സിറ്റികൗമുദിയോട് പറഞ്ഞു. ഹോട്ടലുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കർശന പരിശോധന നടത്തുന്നുണ്ട്. രാത്രിയിൽ എല്ലാ വാഹനങ്ങളും പരിശോധിക്കാൻ നിർദ്ദേശം നൽകി. പഴുതടച്ച സുരക്ഷും ജാഗ്രതയും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പാറശാല, വെള്ളറട, നെയ്യാർഡാം, പൊഴിയൂർ എന്നിവിടങ്ങളിലെ തമിഴ്നാട് അതിർത്തികൾ അടച്ചുള്ള പരിശോധന നടത്താനും നിർദ്ദേശമുണ്ട്. ലോകത്തിനു മുന്നിൽ രാജ്യത്തിന്റെ യശസുയർത്തിയ ഐ.എസ്.ആർ.ഒ, വി.എസ്.എസ്.സി അടക്കം ഒരുപിടി കേന്ദ്ര സ്ഥാപനങ്ങളുള്ള തലസ്ഥാനത്ത് പൊലീസും ഇന്റലിജൻസും അതീവജാഗ്രതയിലാണ്. ഡി.ജി.പിയുടെ ജാഗ്രതാനിർദ്ദേശം ലഭിച്ചെന്നും ഈ ഘട്ടത്തിൽ പാലിക്കേണ്ട പ്രോട്ടോക്കോൾ പാലിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ എം.ആർ.അജിത്കുമാർ പറഞ്ഞു.
കൊല്ലങ്കോട് മുതൽ മരിയനാട് വരെയുള്ള തലസ്ഥാനത്തിന്റെ സമുദ്രമേഖലയിൽ തീരദേശപൊലീസ് പരിശോധന നടത്തുന്നുണ്ട്. മുന്നറിയിപ്പിനെത്തുടർന്ന് നാവികസേനയും തീരസംരക്ഷണസേനയും ജാഗ്രതയിലാണ്. തീരപ്രദേശത്തും ഹാർബറുകളിലും പരിശോധനയുണ്ട്. സംശയകരമായ എന്തെങ്കിലും കണ്ടെത്തിയാൽ തീരസംരക്ഷണസേനയെ അറിയിക്കാൻ മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശം നൽകി. തീരദേശവാസികൾക്കും 74 കടലോര ജാഗ്രതാസമിതികൾക്കും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാനിർദ്ദേശം കൈമാറിയിട്ടുണ്ട്. കോസ്റ്റൽ സ്റ്റേഷനുകളിലെ ഇന്റലിജൻസ് വിഭാഗത്തിനും ജാഗ്രതാ മുന്നറിയിപ്പ് കൈമാറി. തീരദേശത്ത് സുരക്ഷാസംവിധാനങ്ങൾ കർശനമാക്കിയെന്ന് കോസ്റ്റൽ എസ്.പി അലക്സ് കെ. ജോൺ പറഞ്ഞു. തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ വരെയാണ് കടലിൽ ഇന്ത്യയുടെ അധികാരപരിധി. ടെറിറ്റോറിയൽ സീ എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് പരിശോധനയ്ക്ക് തീരദേശസംരക്ഷണ സേനയ്ക്കും പൊലീസിനും അധികാരമുണ്ട്.
തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലേറെ ബോട്ടുകൾ വിഴിഞ്ഞം പുറംകടലിലെത്താറുണ്ട്. പട്രോളിംഗും തീരസുരക്ഷയും കൂടുതൽ ശക്തമാക്കണമെന്ന് നാവികസേനയ്ക്കും തീരസംരക്ഷണ സേനയ്ക്കും കേന്ദ്രം നിർദ്ദേശം നൽകി. കടലിൽ സംശയാസ്പദമായ ബോട്ടുകളോ വള്ളങ്ങളോ കണ്ടെത്തിയാൽ അടിയന്തരമായി തീരത്തുള്ള പൊലീസ് ഉദ്യോഗസ്ഥരെയോ കോസ്റ്റൽ പൊലീസിനെയോ അറിയിക്കാൻ എല്ലാ ബോട്ടുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
കാശ്മീരിൽ നിയന്ത്രണരേഖ മറികടന്ന് സൈന്യം നടത്തിയ മിന്നലാക്രമണത്തിനു ശേഷം, ഇന്ത്യൻ തീരം ലക്ഷ്യമാക്കി പാകിസ്ഥാനിൽ നിന്ന് രണ്ട് ബോട്ടുകൾ പുറപ്പെട്ടെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിനെത്തുടർന്ന് തലസ്ഥാനത്തിന്റെ തീരമേഖലയിലും നിരീക്ഷണവും ജാഗ്രതയും കർശനമാക്കിയിരുന്നു. മുംബയ് ഭീകരാക്രമണത്തിന് തീവ്രവാദികൾ പാകിസ്ഥാനിൽ നിന്ന് കടൽമാർഗമാണ് എത്തിയതെന്നതിനാൽ കേരളമടക്കമുള്ള കടലോരസംസ്ഥാനങ്ങളിൽ അതീവജാഗ്രത പുലർത്താൻ കേന്ദ്രം നിർദ്ദേശിക്കുകയായിരുന്നു. നാവികസേനയും തീരസംരക്ഷണസേനയും തീരദേശപൊലീസും സംയുക്തമായാണ് അന്ന് പഴുതടച്ച സുരക്ഷയും നിരീക്ഷണവുമൊരുക്കിയത്.
വലിയതുറ അടക്കം കടലോര മേഖലയിലുള്ള 72 പൊലീസ് സ്റ്റേഷനുകൾ ശക്തിപ്പെടുത്തണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദ്ദേശിച്ചിട്ടുണ്ട്. പട്രോളിംഗും വിവരശേഖരണവും കാര്യക്ഷമമാക്കും. കടലോരജാഗ്രതാ സമിതിയുടെ പ്രവർത്തനങ്ങളും ഊർജിതമാക്കും.
തലസ്ഥാനം തന്ത്രപ്രധാനം
തന്ത്രപ്രധാനമായ പ്രതിരോധ-ഗവേഷണ സ്ഥാപനങ്ങളുള്ളതിനാലാണ് തലസ്ഥാനത്ത് കൂടുതൽ ജാഗ്രത. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമിക്ഷേത്രം, തുമ്പയിലെ വിക്രംസാരാഭായ് സ്പേസ് സെന്റർ, വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ, വട്ടിയൂർക്കാവ് ഇന്റഗ്രൽ സിസ്റ്റംസ് യൂണിറ്റ്, തിരുവനന്തപുരം കുടപ്പനക്കുന്നിലെ ദൂരദർശൻ കേന്ദ്രം, സെക്രട്ടേറിയറ്റ്, നിയമസഭാമന്ദിരം അടക്കം ഇരുപത്തിയാറ് കേന്ദ്രങ്ങൾ തന്ത്രപ്രധാനമാണെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി വിഭാഗം നേരത്തേ കണ്ടെത്തിയിരുന്നു. വി.എസ്.എസ്.സിക്കും ഐ.എസ്.ആ.ഒയ്ക്കും മാത്രമാണ് സി.ഐ.എസ്.എഫ് സുരക്ഷയുള്ളത്.
ശ്രീലങ്ക നമുക്കും ഭീതി
തിരുവനന്തപുരത്തു നിന്ന് 380.19 കിലോമീറ്റർ മാത്രം അകലെയാണ് ശ്രീലങ്ക. 2015ൽ പാകിസ്ഥാൻ കരസേനാമേധാവി കൊളംബോയിലെ ശ്രീലങ്കൻ സേനാ ആസ്ഥാനത്തെത്തിയതിന് തൊട്ടുപിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ തിരുവനന്തപുരത്തും കന്യാകുമാരിയിലുമെത്തിയിരുന്നു. ശ്രീലങ്ക വഴിയുള്ള ആയുധക്കടത്തിന്റെ മുനമ്പാണ് തമിഴ്നാട്ടിലെ കൊടിയക്കാരൈ മത്സ്യബന്ധന തുറമുഖം. തമിഴ്നാട്ടിനും ശ്രീലങ്കയ്ക്കുമിടയിലെ കൊടിയക്കാരൈ തുറമുഖം വഴി ചൈനീസ് സഹായത്തോടെ ഐ.എസ്.ഐ വൻതോതിൽ ആയുധമെത്തിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ചെറുകിട തുറമുഖങ്ങളിലടക്കം കർശന നിരീക്ഷണവും ജാഗ്രതയും വേണമെന്നും കടലിലെ പട്രോളിംഗ് ശക്തമാക്കണമെന്നും നാവികസേനാ വൈസ് അഡ്മിറലായിരുന്ന ആർ.വി.കാർവെ നിർദ്ദേശിച്ചിരുന്നു.