ന്യൂഡൽഹി: പ്രളയദുരിതാശ്വാസത്തിനായി രാപ്പകലില്ലാതെ ജോലി ചെയ്ത കണ്ണൻ ഗോപിനാഥ് എന്ന മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥനെ കേരളത്തിലെ ജനത അത്ര പെട്ടെന്ന് മറക്കില്ല. തന്റെ പേര് പോലും വെളിപ്പെടുത്താതെയാണ് അന്ന് ആ ഐ.എ.എസുകാരൻ ദുരിതാശ്വാസത്തിനായി ചാക്ക് ചുമന്നത്. എന്നാൽ ഇപ്പോഴിതാ കണ്ണൻ ഗോപിനാഥ് തന്റെ പദവിയിൽ നിന്നും രാജിവച്ചതായി റിപ്പോർട്ട്. രാഷ്ട്രീയ സമ്മർദ്ദമാണ് രാജിക്ക് പിന്നിലെന്ന് സൂചന. കോട്ടയം പുതുപ്പളി സ്വദേശിയാണ് കണ്ണൻ ഗോപിനാഥ്.
2012 ബാച്ചിലെ ഉദ്യോഗസ്ഥനായ കണ്ണൻ ദാദ്ര നഗർ ഹവേലിയിലെ കളക്ടറാണ്. നഗരവികസനം, വൈദ്യുതി, കൃഷി തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ചുമതലയും കണ്ണനുണ്ട്. എന്നാൽ ഐ.എ.എസ് പദവിയിലിരുന്ന് കൊണ്ട് തന്റെ ആശയങ്ങൾ സ്വതന്ത്ര്യമായി ആവിഷ്ക്കരിക്കാൻ സാധിക്കാത്തതിനാലാണ് കണ്ണൻ രാജിക്ക് ഒരുങ്ങുന്നതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. രാജിക്കത്ത് നൽകിയെന്നുള്ളത് കണ്ണൻ ഗോപിനാഥൻ സ്ഥിരീകരിച്ചിട്ടുണ്ട്. രാജി അപേക്ഷ ഇതുവരെ സ്വീകരിച്ചിട്ടില്ല. 'എല്ലാവരുടെയും ശബ്ദമാവാനാണ് ഐ.എ.എസ് എടുത്തത്. എന്നാൽ ഇപ്പോൾ നമ്മുടെ തന്നെ ശബ്ദമില്ലാതാവുന്ന അവസ്ഥയാണുള്ളത്. ഉദ്യോഗസ്ഥനായിരിക്കെ പലതും തുറന്നു പറയാനാവില്ല'- രാജിയെ കുറിച്ച് കണ്ണൻ ഗോപിനാഥ് പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.
ദാദ്രാ ഹവേലി കളക്ടറായിരിക്കെ ജോലിയിൽ നിന്നും ലീവെടുത്താണ് കണ്ണൻ ഗോപിനാഥ് പ്രളയ ദുരിതാശ്വാസത്തിനായി കേരളത്തിലെത്തിയത്. പത്തനംതിട്ടയിലും കൊച്ചിയിലും കണ്ണൻ സന്നദ്ധസേവനം നടത്തിയിരുന്നു. വടക്ക് കിഴക്കൻ ഇന്ത്യയിലെ ഏറ്റവും പ്രിയങ്കരനും ജനസമ്മതനുമായ ഓഫീസറായിരുന്നു കണ്ണൻ ഗോപിനാഥ്. പ്രളയക്കെടുതിക്ക് ശേഷം 10 ദിവസമാണ് വിവിധ കളക്ഷൻ സെന്റെറുകളിലായി കണ്ണൻ ഗോപിനാഥ് സേവനം അനുഷ്ടിച്ചത്.ഇതു കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടലേയ്ക്ക് ഒരുകോടി രൂപ സംഭാവനയും ചെയ്തു. എന്നാൽ തന്റെ ഔദ്യോഗിക പദവികളും സ്ഥാനമാനങ്ങളും അദ്ദേഹം വെളിപ്പെടുത്താൻ അന്ന് അദ്ദേഹം തയ്യാറായിരുന്നില്ല.