തിരുവനന്തപുരം.പ്രശസ്ത പത്രപ്രവർത്തകനും സൈദ്ധാന്തികനും കേരളകൗമുദി മുൻ അസോസിയേറ്റ് എഡിറ്ററുമായിരുന്ന കെ.വിജയരാഘവന്റെ സ്മരണയ്ക്കായി കെ.വിജയരാഘവൻ സ്മാരക സമിതി ഏർപ്പെടുത്തിയിട്ടുള്ള മാധ്വമ പുരസ്കാരം കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബുവിന് മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച സമ്മാനിക്കും.
അന്ന് വൈകിട്ട് 5.30 ന് തിരുവനന്തപുരം പ്രസ്സ് ക്ളബ്ബിലെ ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ വിജയരാഘവൻ സ്മാരക സമിതി പ്രസിഡന്റ് കെ.ജി.പരമേശ്വരൻ നായർ അദ്ധ്യക്ഷത വഹിക്കും.' വിവരാവകാശ നിയമവും മാധ്യമങ്ങളും ' എന്ന വിഷയത്തിൽ സംസ്ഥാന വിവരാവകാശ കമ്മീഷണർ കെ.വി.സുധാകരൻ വിജയരാഘവൻ അനുസ്മരണ പ്രഭാഷണം നിർവഹിക്കും.കേരളകൗമുദി ചീഫ് എഡിറ്റർ ദീപുരവി സന്നിഹിതനായിരിക്കും.
സംസ്ഥാനത്തെ മുതിർന്ന മാധ്യമ പ്രവർത്തകർക്ക് നൽകി വരുന്ന വിജയരാഘവൻ പുരസ്കാരം 20000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ്.