വാഷിംഗ്ടൺ: ചെെനയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനികൾ പ്രവർത്തനം നിറുത്താൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. അമേരിക്കൻ ഉൽപന്നങ്ങൾക്ക് മേൽ ചൈന കൂടുതൽ നികുതി ചുമത്താൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് ട്രംപിന്റെ കടുത്ത നടപടി. ഇതിന് പിന്നാലെ ചൈനീസ് ഉൽപന്നങ്ങൾക്ക് അഞ്ച് ശതമാനം അധിക നികുതി ട്രംപ് ചുമത്തിയിരുന്നു.
ചൈനക്ക് പകരം മറ്റ് വിപണികൾ കണ്ടെത്താനാണ് ട്രംപ് അമേരിക്കൻ കമ്പനികൾക്ക് നൽകിയിരിക്കുന്ന നിർദേശം. ‘നമുക്കിനി ചൈനയെ ആവശ്യമില്ല. അവരെക്കൂടാതെ കാര്യങ്ങൾ ഏറെ മെച്ചമായിരിക്കും’ –ട്രംപ് ട്വിറ്ററിൽ കുറിച്ചു. എന്നാൽ, ഇത് എങ്ങനെയാണ് നടപ്പാക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ചൈനയിൽ നടത്തുന്ന ഉൽപാദനം നാട്ടിലേക്കോ മറ്റു രാജ്യങ്ങളിലേക്കോ മാറ്റാനും ആവശ്യപ്പെട്ടിട്ടുണ്ട്.
യു.എസ് ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവയിൽ 7500 കോടി ഡോളറിന്റെ (5,37,000 കോടിയോളം രൂപ) വർദ്ധനയാണ് ചൈന വരുത്തിയത്. 5% തീരുവ 10 ശതമാനമായി വർദ്ധിപ്പിക്കുന്നത് സെപ്റ്റംബർ ഒന്നിനും ഡിസംബർ 15നും നടപ്പിൽ വരുമെന്നു ചൈനയുടെ വാർത്ത ഏജൻസി അറിയിച്ചു. അമേരിക്ക-ചൈന വ്യാപാര യുദ്ധം ഇരുരാജ്യങ്ങളെയും മാത്രമല്ല ആഗോള സാമ്പത്തിക നിലയെ തന്നെ ബാധിച്ചിട്ടുണ്ട്. അമേരിക്കയിലെയും ചൈനയിലെയും തൊഴിൽ മേഖലയെ വ്യാപാര യുദ്ധം ബാധിച്ചതായാണ് വിവരങ്ങൾ.