കൊച്ചി: സ്വർണവില തുടർച്ചയായ അഞ്ചാം ദിനവും കത്തിക്കയറുന്നു. പവന് ഇന്ന് 320 രൂപ കൂടി. ഇതോടെ സ്വർണവില പവന് 28,320 ആയി. ഗ്രാമിന് 3,5400 രൂപയുമായി. ചൊവ്വാഴ്ച മുതൽ സ്വർണവില ഉയരുകയാണ്. അതേസമയം വെള്ളി വില 60 രൂപ വർദ്ധിച്ച് കിലോ 45,100 രൂപയിലെത്തി. വിവാഹ സീസണിൽ ഡിമാൻഡ് ഉയർന്നതും രൂപയുടെ മൂല്യം ഇടിഞ്ഞതും ഓഹരി കമ്പോളത്തിലെ തിരിച്ചടികളുമെല്ലാം സ്വർണത്തിന് ഡിമാൻഡ് ഉയർത്തുകയാണ്.
ലോക വിപണിയിൽ ഉൾപ്പടെ അവധി വ്യാപാരത്തിൽ പക്ഷേ സ്വർണവില കുറയുകയാണ് ചെയ്തത്. ഒക്ടോബർ വിപണിയിൽ 145 രൂപ ഇടിഞ്ഞ് 38,020 രൂപയായി. കഴിഞ്ഞ ആഴ്ച 38,666 എന്ന റെക്കാഡ് വിലയിൽ സ്വർണത്തിന് അവധി വ്യാപാരം നടന്നതാണ്. ആഗോള വിപണിയിലും ഇതാണ് അവസ്ഥ. വിപണി അനിശ്ചിതത്വങ്ങളും രാഷ്ട്രീയ പ്രശ്നങ്ങളും യു.എസ്, ചൈന വ്യാപാര യുദ്ധവും ഒക്കെ തിരിച്ചടിക്ക് കാരണമാണ്.
അതേ സമയം സ്വർണം അടിസ്ഥാനമാക്കിയ ട്രേഡ് ഫണ്ടുകൾക്ക് ഡിമാൻഡ് ഏറുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക മാന്ദ്യം ആസന്നമെന്ന നിലയിൽ സുരക്ഷിത നിക്ഷേപത്തിനായി ഈ മേഖലയെ നിക്ഷേപകർ തിരഞ്ഞെടുക്കുന്നത് കൊണ്ടാണ് ഈ പ്രതിഭാസം. വിവിധ ട്രേഡ് ഫണ്ടുകളിലെ സ്വർണ നിക്ഷേപം 2,424.9 ടണ്ണായി ഉയർന്നതായാണ് റിപ്പോർട്ട്. മൂന്ന് വർഷം കൊണ്ട് 1,000 ടണ്ണിന്റെ വർദ്ധനവാണിത്.
അമേരിക്ക ചൈന വ്യാപാരയുദ്ധം തുടരുകയും പ്രധാന രാജ്യങ്ങളുടെ സെൻട്രൽ ബാങ്കുകളുടെ വ്യക്തമായ ധനനയങ്ങളിൽ വ്യക്തത വരാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സ്വർണവില ഉയർന്നു തന്നെ നിൽക്കുമെന്നാണ് വിലയിരുത്തൽ.
സ്വർണത്തിന് അന്താരാഷ്ട്ര വിലയിൽ 10 ഡോളർ കുറവ് വന്നിട്ടുണ്ടെങ്കിലും, രൂപയുടെ വിനിമയ നിരക്കിൽ വന്ന വ്യത്യാസമാണ് ഇന്ന് വീണ്ടും റെക്കാഡ് വിലയിലേക്ക് എത്താൻ കാരണം. വ്യാപാര തോതും ഉയർന്നിട്ടുണ്ട്. അഡ്വ.എസ്. അബ്ദുൽ നാസർ. സംസ്ഥാന ട്രഷറർ, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റസ് അസോസിയേഷൻ