തിരുവനന്തപുരം: അതിർത്തി കടന്ന് ഭീകരർ എത്തുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് തലസ്ഥാനം അതീവ ജാഗ്രതയിലാണ്. അതിർത്തികൾ അടച്ചും കടൽ അരിച്ചുപെറുക്കിയുമുള്ള പരിശോധനകളിലാണ് പൊലീസ്. ഇതിനിടെ ലഷ്കർ സംഘത്തിലെ മലയാളിയുമായി ബന്ധമുള്ള ഒരു യുവതിയെ കേരള പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർക്ക് ലഷ്കർ സംഘത്തിലെ മലയാളിയുമായി ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ആറ് ലഷ്‌കറെ തയ്‌ബ ഭീകരർ ശ്രീലങ്കയിൽ നിന്ന് തമിഴ്നാട്ടിലേക്ക് നുഴഞ്ഞുകയറി കോയമ്പത്തൂരിൽ താവളമടിച്ചതായും തൃശൂർ ജില്ലക്കാരനായ ഒരാൾ അവരുടെ കാരിയർ ആയി പ്രവർത്തിക്കുന്നതായും കേന്ദ്ര ഇന്റലിജൻസ് ഏജൻസി ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. തൃശൂർ മാടവന സ്വദേശി അബ്ദുൾ ഖാദർ റഹീമാണ് കാരിയർ എന്നാണ് റിപ്പോർട്ട്. ഇയാളുമായി പിടിയിലായ യുവതിക്ക് ബന്ധമുണ്ടെന്നാണ് സംശയം. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
അതേസമയം, കേരളത്തിലും തമിഴ്നാട്ടിലും ജാഗ്രത തുടരുകയാണ്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാടിന്റെ പടിഞ്ഞാറൻ മേഖലയിലെ എട്ട് ജില്ലകളിൽ 8,000 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. ചെന്നൈ അടക്കമുള്ള നഗരത്തിൽ മുന്നറിയിപ്പിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന കേരളത്തിന്റെ പ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.