തിരുവനന്തപുരം : കഴിഞ്ഞ വർഷം കേരളത്തെ മുക്കിയ മഹാപ്രളയം മനുഷ്യനിർമ്മിതമായിരുന്നു എന്ന ആരോപണം സമൂഹത്തിന്റെ വിവിധതലത്തിൽ പ്രവർത്തിക്കുന്നവർ ഉയർത്തിയിരുന്നു. ഡാംമാനേജുമെന്റിലെ പിഴവാണ് പ്രളയ ദുരന്തം വർദ്ധിപ്പിച്ചതെന്നായിരുന്നു സർക്കാരിനെതിരെ ഉയർന്ന ആരോപണം. എന്നാൽ തുടർച്ചയായി രണ്ടാം വർഷവും കേരളത്തെ ദുരിതത്തിലാഴ്ത്തി പ്രളയമെത്തി. വെള്ളപ്പൊക്കമാണ് കഴിഞ്ഞ വർഷം കൂടുതൽ പേരുടെ ജീനൻ കവർന്നതെങ്കിൽ മലപ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിലാണ് ഇത്തവണ കേരളത്തിൽ കൂടുതൽ ജീവൻ നഷ്ടപ്പെട്ടത്. എന്നാൽ ഇത്തവണയുണ്ടായ പ്രളയദുരന്തവും മനുഷ്യനിർമ്മിതമാണെന്ന് ആരോപിച്ചിരിക്കുകയാണ് മെട്രോമാനായ ഇ.ശ്രീധരൻ. അനധികൃത കരിങ്കൽ കയ്യേറ്റങ്ങളും, അനധികൃത നിർമ്മാണവും, കോൺക്രീറ്റ് കെട്ടിടങ്ങളുടെ ബാഹുല്യവുമാണ് ദുരന്തത്തിന് കാരണമായി തീർന്നത്. പുഴയോരങ്ങളിലെ വ്യാപക കയ്യേറ്റവും പ്രളയത്തിന് കാരണമായി തീരുകയാണ്.
പ്രളയസമാനമായ അവസ്ഥയുണ്ടാവുമ്പോൾ സമർത്ഥരായ ഉദ്യോഗസ്ഥരുണ്ടെണ്ടിലും ഫലപ്രദമായി ഇടപെടാൻ കഴിയാത്തവണ്ണം അവർക്ക് സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട അവസ്ഥയാണ് കേരളത്തിലുള്ളതെന്ന് ഇ ശ്രീധരൻ ഒരു പ്രമുഖ പത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നു. ഒരു ഡാം തുറക്കണമെങ്കിൽ തലസ്ഥാനത്തുനിന്നുള്ള ഉത്തരവ് കാക്കേണ്ട ഗതികേട് നമ്മുടെ സംസ്ഥാനത്ത് മാത്രമാണെന്നും അദ്ദേഹം തുറന്നടിക്കുന്നു. ദുരന്തകാരണം പഠിച്ചു ഫലപ്രദമായ പരിഹാര നടപടികളിലേക്കു നീങ്ങേണ്ടതുണ്ട്. വിദഗ്ധസംഘത്തെ പഠിക്കാൻ നിയോഗിക്കണമെന്ന് അപേക്ഷിച്ചപ്പോൾ മൗനം പാലിച്ചു കൊണ്ടുള്ള മറുപടിയിൽ തനിക്ക് ദുഖമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടുമെന്ന പ്രതീക്ഷയാണ് തനിക്കുള്ളതെന്നും ഇ.ശ്രീധരൻ പ്രത്യാശ പ്രകടിപ്പിക്കുന്നു.