ആലപ്പുഴയിൽ ദുരിതാശ്വാസ ക്യാമ്പിൽ ഓമനക്കുട്ടൻ എന്ന അന്തേവാസിയോട് മാപ്പ് പറയുന്നതിനു മുമ്പ് റവന്യൂ സെക്രട്ടറി ഡോ.വി.വേണു അതിന് കാരണക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയായിരുന്നു വേണ്ടതെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു.
ജില്ലയുടെ ചുമതലക്കാരനായ താൻ ആവശ്യപ്പെട്ടിട്ടും വേണു അതിനു തയാറായിട്ടില്ല. നടപടി സ്വീകരിക്കാൻ ഇനിയും വൈകരുത്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും കൗമുദി ടിവിയിലെ സ്ട്രെയ്റ്റ് ലൈൻ അഭിമുഖ പരിപാടിയിൽ മന്ത്രി സുധാകരൻ തുറന്നു പറഞ്ഞു. അഭിമുഖത്തിന്റെ പുനഃസംപ്രേഷണം ഇന്നു രാവിലെ ഒമ്പത് മണിക്ക് കൗമുദി ടിവി യിൽ കാണാം.
'ഞാൻ ഓമനക്കുട്ടനോട് തട്ടിക്കയറിയെന്ന മട്ടിലായിരുന്നു മാദ്ധ്യമങ്ങൾ പഴിച്ചത്. ഞാൻ ഇതുവരെ ഓമനക്കുട്ടനെ നേരിൽ കണ്ടിട്ടുപോലുമില്ല. പാർട്ടിക്കുവേണ്ടി ധീരമായ നിലപാടെടുത്ത ഓമനക്കുട്ടനെ ഞാൻ വിളിച്ച് അഭിനന്ദിക്കുകയാണ് ചെയ്തത്. ആഗസ്റ്റ് 15 ന് വൈകിട്ടാണ് ഈ സംഭവം. സർക്കാർ ഉദ്യോഗസ്ഥരെല്ലാം ഉച്ചയ്ക്ക് രണ്ടു മണിയായപ്പോഴേക്കും സ്ഥലം വിട്ടു. അങ്ങനെ പോകാമോ? വേണു അതറിഞ്ഞില്ലേ? മൂന്നു ദിവസമായി ക്യാമ്പിൽ അരിയും വെള്ളവുമില്ലെന്ന് കളക്ടറും തഹസീൽദാരുമൊക്കെ അറിയേണ്ടതല്ലേ? ജില്ലയുടെ ചുമതലക്കാരൻ എന്ന നിലയിൽ എന്നോട് പറയേണ്ടിയിരുന്നില്ലേ?
16 ന് രാവിലെ ഏഴുമണി മുതൽ പാർട്ടി ലോക്കൽ കമ്മിറ്റിയംഗം ദുരിതാശ്വാസ ക്യാമ്പിൽ പണം പിരിച്ചെന്ന് പറഞ്ഞ് ചാനലുകൾ പാർട്ടിയെ നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നില്ലേ? എന്തേ റവന്യൂ സെക്രട്ടറി അപ്പോൾ സത്യാവസ്ഥ അന്വേഷിച്ചില്ല. അന്വേഷിക്കാൻ ബാദ്ധ്യതയില്ലേ? ഞാൻ 16 നു ഉച്ചയ്ക്ക് രണ്ടര മണിക്കാണ് അറിയുന്നത്. എന്റെ തലയ്ക്കു മീതെ കേറി മാപ്പ് പറയുന്നതിനു മുമ്പ് എന്നേ വിളിച്ചു പറയാനുള്ള ബാദ്ധ്യത വേണുവിനില്ലേ?
കേരളത്തിൽ മറ്റൊരു ക്യാമ്പിലും ഇങ്ങനെ സംഭവിച്ചിട്ടില്ല. എല്ലാ ദുരിതാശ്വാസ ക്യാമ്പിലും യഥാസമയം ഭക്ഷണവും വെള്ളവും നൽകാൻ സർക്കാർ കാശ് കൊടുത്തിട്ടുണ്ട്. ഐ.എ.എസുകാർ കാര്യം മനസിലാക്കാതെ ഉണ്ടാക്കിയ പ്രശ്നമാണിത്. ഗുരുതരമായ വീഴ്ചയാണിത്. റവന്യൂ സെക്രട്ടറി മാപ്പ് പറയുന്നതിനു മുമ്പേ ഉദ്യോഗസ്ഥരുടെ വീഴ്ച തുറന്നു പറയുകയും അവരെ സസ്പെൻഡ് ചെയ്ത് നടപടി സ്വീകരിക്കുകയും വേണമായിരുന്നു. വേണു ഇനിയും അന്വേഷിച്ചേ മതിയാകൂ. അയാളുടെ ഉദ്യോഗസ്ഥർ എന്നും ഉച്ചയ്ക്ക് രണ്ടു മണിയാകുമ്പോൾ പോവുകയാണെന്ന് ഓമനക്കുട്ടൻ പറഞ്ഞില്ലേ.? എന്നെ കുറ്റക്കാരനാക്കാൻ നോക്കി. ഐ.എ.എസുകാരെക്കണ്ട് പാർട്ടിയിൽ വന്നയാളല്ല ഞാൻ.
ഓമനക്കുട്ടനെ സസ്പെൻഡ് ചെയ്തത് ഞാനല്ല. പാർട്ടി ജില്ലാ കമ്മിറ്റിയാണ്. ഓമനക്കുട്ടൻ നിരപരാധിയാണെന്ന് മനസിലായപ്പോൾ തന്നെ സസ്പെൻഷൻ പിൻവലിക്കുകയും ചെയ്തു. ശരിക്കും ഞാൻ ഈ പ്രശ്നത്തിൽ ഇടപെട്ടില്ലായിരുന്നു എങ്കിൽ ഓമനക്കുട്ടൻ പുറത്താക്കപ്പെടുമായിരുന്നു. അയാൾ ദുരുപയോഗം നടത്തിയില്ലെന്ന് പാർട്ടിക്കു ബോദ്ധ്യമായപ്പോൾ തിരിച്ചെടുക്കുകയും ചെയ്തു. ഒരർത്ഥത്തിൽ ഞാൻ പാർട്ടിയുടെയും ഓമനക്കുട്ടന്റെയും സർക്കാരിന്റെയും മുഖം രക്ഷിക്കുകയാണ് ചെയ്തത്. അതിൽ സന്തോഷമുണ്ടെന്നാണ് ഞാൻ വിളിച്ചപ്പോൾ ഓമനക്കുട്ടൻ പറഞ്ഞത്. എന്നാൽ പാർട്ടി എൽ.സി മെമ്പർ എന്ന നിലയിൽ ക്യാമ്പിൽ അരിയില്ലെന്ന വിവരം എന്നെയോ പാർട്ടി സെക്രട്ടറിയെയോ അറിയിക്കാൻ ഓമനക്കുട്ടന് ബാദ്ധ്യതയുണ്ടായിരുന്നു. അയാൾക്ക് അതറിയില്ലായിരിക്കാം. പക്ഷേ പിരിച്ചത് ശരിയായില്ലെന്ന വാദത്തിൽ ഞാൻ ഉറച്ചു നിൽക്കുന്നു.
ഞാനെന്നും ഇങ്ങനെയാണ് . എനിക്ക് അവാർഡൊന്നും വേണ്ട. സകല മാദ്ധ്യമങ്ങളും തലയും കുത്തി നിന്നാലും ആലപ്പുഴയിലെ ജനങ്ങളുടെ മനസിൽ എന്നെ ഒറ്റപ്പെടുത്താനാവില്ല. അവർക്ക് എന്നെ അറിയാം.
കഴിഞ്ഞ പ്രളയകാലത്ത് കുട്ടനാട്ടിൽ നാലുമാസം നീന്തി നടന്നവനാണ് ഞാൻ. നീന്തി കാവാലത്ത് ചെന്നപ്പോൾ അവിടെ ഭക്ഷണമില്ല. പരാതിയോട് പരാതി. ഉദ്യോഗസ്ഥരുമില്ല. ഞാൻ ആ വെള്ളത്തിൽ നിന്ന് ഫോണിൽ കളക്ടറെ വിളിച്ച് നടപടിയെടുക്കാൻ പറഞ്ഞു. അപ്പോൾത്തന്നെ കളക്ടർ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഒരു ഐ.എ.എസുകാരനെയും റവന്യൂ സെക്രട്ടറിയെയും ഞാൻ അവിടെ കണ്ടില്ല. ഞാൻ 54 വർഷമായി പാർട്ടിയിൽ വന്നിട്ട്. 14 വയസിൽ തുടങ്ങിയതാണ്. ഞാൻ ആരുടെയും കാലുപിടിക്കാൻ പോയിട്ടില്ല. കഴിഞ്ഞ പ്രളയത്തിൽ ജനങ്ങളെ സഹായിക്കുന്നതിൽ സർക്കാർ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. മുഖ്യമന്ത്രി പിണറായി നേരിട്ട് കൃത്യമായിട്ടാണ് എല്ലാം നിരീക്ഷിക്കുന്നത്. പിന്നെയുണ്ടാകുന്ന പരാതികൾക്ക് ഉദ്യോഗസ്ഥരിലെ ഒരു ശതമാനത്തിൽ താഴെ വരുന്നവർ മാത്രമാണ് ഉത്തരവാദികൾ"-സുധാകരൻ പറഞ്ഞു.