ഗുവാഹത്തി: ദേശീയ പൗരത്വ രജിസ്ട്രറിൽ(എൻ.ആർ.സി) ഉൾപ്പെടാത്തതിനെ തുടർന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥനെയും ഭാര്യയെയും അനധികൃത കുടിയേറ്റക്കാരായി ഫോറിനേഴ്‌സ് ട്രിബ്യൂണൽ പ്രഖ്യാപിച്ചു. ഇരുവരെയും അറസ്റ്റ് ചെയ്യാൻ ട്രിബ്യൂണൽ പൊലീസിനോട് ഉത്തരവിട്ടു. ബി.എസ്.എഫ് അസിസ്‌റ്റന്റ് സബ് ഇൻസ്‌പെക്ടർ മുസിബുർ റഹ്മാനെയും അദ്ദേഹത്തിന്റെ ഭാര്യയെയുമാണ് ഫോറിനേഴ്‌സ് ട്രിബ്യൂണൽ വിദേശിയായി പ്രഖ്യാപിച്ചത്.
ബി.എസ്.എഫിന്റെ 144-ാം ബറ്റാലിയന്റെ ഭാഗമായി പഞ്ചാബിലാണ് മുസിബുർ ജോലി ചെയ്യുന്നത്. ട്രിബ്യൂണൽ വിധി വന്നതിന് പിന്നാലെ ഇദ്ദേഹം നാട്ടിലെത്തി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി. മുമ്പ് മുൻ സെെനികനായ മുഹമ്മദ് സനൗള്ളയെ അനധികൃത കുടിയേറ്റക്കാരനായി പ്രഖ്യാപിച്ചിരുന്നു. ഇദ്ദേഹം ഗുവാഹത്തി ഹെെക്കോടതിയിൽ നിന്ന് ജാമ്യം നേടി പിന്നീട് പുറത്തിറങ്ങിയിരുന്നു.
അസാമിൽ ഇതിനകംതന്നെ 100 പേർ അനധികൃത കുടിയേറ്റക്കാരായി ട്രിബ്യൂണൽ പ്രഖ്യാപിച്ചിട്ടുണ്ട്. 200 പേരോളം ഇനി ഇത്തരത്തിൽ പ്രഖ്യാപിക്കപ്പെടുമെന്നാണ് വിവരങ്ങൾ. ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി കുടിയേറിയവരാണ് ഇവരെന്നാണ് ട്രിബ്യൂണൽ പറയുന്നത്. ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്ന നടപടികൾ തുടങ്ങിയതോടെയാണ് നിരവധി ആളുകൾ രാജ്യത്തെ പൗരന്മാരല്ലാതാകുന്നത്.