balabhaskar-

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുന്ന സമയത്ത് കാർ ഓടിച്ചിരുന്നത് ഡ്രെെവർ അർജുനാണെന്ന് ഫൊറൻസിക് റിപ്പോർട്ട്. ഇത് സംബന്ധിച്ച ഫോറൻസിക് പരിശോധനാഫലം ക്രൈം ബ്രാഞ്ചിന് ലഭിച്ചു. അർജുനെതിരെ മന:പൂർവമല്ലാത്ത നരഹത്യ ചുമത്തും. സ്റ്റിയറിംഗിലെയും സീറ്റ് ബെൽറ്റിലെയും വിരലടയാളവും സീറ്റിലുണ്ടായിരുന്ന മുടിയിഴകൾ,​ രക്തം തുടങ്ങിയവ ഫൊറൻസിക് വിദഗ്ധർ പരിശോധിച്ചിരുന്നു. ഇതുസംബന്ധിച്ച് അർജുൻ വാഹനമോടിച്ചത് കണ്ടവരുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. അപകട സമയത്ത് കാർ 120 കിലോ മീറ്റർ വേഗതയിലാകാമെന്നാണ് പരിശോധനാഫലം. നിലവിൽ അപകടത്തിൽ ദുരൂഹത സംശയിക്കുന്നില്ലെന്നും ക്രെെംബ്രാഞ്ച് വ്യക്തമാക്കി.

അതേസമയം,​ അപകടത്തിൽപെടുന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കർ ആയിരുന്നുവെന്ന ഡ്രെെവർ അ‌ർജുന്റെ മൊഴി ഭാര്യ ലക്ഷ്‌മി നേരത്തെ നിഷേധിച്ചിരുന്നു. അപകടസമയത്ത് താനും കുട്ടിയും വാഹനത്തിന്റെ മുൻസീറ്റിൽ ആയിരുന്നുവെന്നും ബാലഭാസ്‌കർ പിൻസീറ്റിൽ വിശ്രമിക്കുകയായിരുന്നുവെന്നും ലക്ഷ്‌മി മൊഴി നൽകിയിരുന്നു. അപകടസമയത്ത് ബാലഭാസ്‌കർ ആണ് വാഹനം ഓടിച്ചതെന്നായിരുന്നു നേരത്തെ അർജുൻ നൽകിയ മൊഴി. എന്നാൽ,​ ദീർഘയാത്രകളിൽ ബാലഭാസ്‌കർ ഡ്രെെവ് ചെയ്യില്ലെന്ന് ലക്ഷ്‌മി പറഞ്ഞു.

ദേശീയപാതയിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാംപിന് സമീപം സെപ്റ്റംബർ 25ന് പുലർച്ചെ നാലോടെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. രണ്ടു വയസുകാരിയായ മകൾ തേജസ്വിനി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറിനെ രണ്ടു ശസ്ത്രക്രിയകൾക്കു വിധേയനാക്കിയെങ്കിലും ദിവസങ്ങൾ കഴിഞ്ഞതോടെ മരണത്തിന് കീഴടങ്ങി.