മലയാളി പ്രേക്ഷകരുടെ മനസിൽ ഗന്ധർവനായി വന്ന് പ്രണയത്തിന്റെ പുതിയ ഒരു അദ്ധ്യായം തീർത്ത നടനായിരുന്നു നിതീഷ് ഭരദ്വാജ്. ഞാൻ ഗന്ധർവൻ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് നിതീഷ് ഭരദ്വാജ് മലയാളത്തിലേക്കെത്തിയത്. മഹാഭാരതത്തിൽ ടെലിവിഷൻ പ്രേക്ഷകർ ഏറെക്കാലം ശ്രീകൃഷ്ണനായും നിതീഷ് ഭരദ്വാജിനെ നെഞ്ചേറ്റിയിരുന്നു. എന്നാൽ പിന്നീട് പ്രിയപ്പെട്ട താരത്തെ മലയാളികൾ കണ്ടത് അടുത്തിടെ പുറത്തുവന്ന ചില അഭിമുഖങ്ങളിലൂടെയായിരുന്നു. ഇപ്പോഴിതാ 30 വർഷങ്ങൾക്ക് ശേഷം വീണ്ടും കൃഷ്ണനായി മാറാൻ ഒരുങ്ങുകയാണ് നിതീഷ്. ജന്മാഷ്ടി നാളിലാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവന്നത്.
ചക്രവ്യൂഹ് എന്ന നാടകത്തിലാണ് നിതിഷ് ഭരദ്വാജ് ശ്രീകൃഷ്ണനായി വേഷമിടുന്നത്. ദൂരദർശനിൽ സംപ്രേഷണം ചെയ്ത മഹാഭാരതം പരമ്പര ആസ്‌പദമാക്കിയിട്ടുള്ളതാണ് നാടകം. 1988 മുതൽ 1990 വരെയായിരുന്നു മഹാഭാരതം സംപ്രേഷണം ചെയ്തത്. ദൂരദർശന്റെ ഏറ്റവും മികച്ച പരമ്പരകളിലൊന്നായിരുന്നു ബി.ആർ ചോപ്രയുടെ മഹാഭാരതം. അതുൽ സത്യ കൗശിക് ആണ് ചക്രവ്യൂഹ് സംവിധാനം ചെയ്യുന്നത്. മഹാഭാരതത്തിലെ കഥകൾ കലിയുഗമായ ഇപ്പോൾ വളരെയധികം പ്രസക്തമാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് നിതീഷ് പറഞ്ഞു.
23-ാം വയസിലാണ് നിധീഷ് "മഹാഭാരതം" ടി.വി പരമ്പരയിൽ ശ്രീകൃഷ്ണനായി വേഷം ഇട്ടത്. പിന്നീടാണ് പത്മരാജന്റെ "ഞാൻ ഗന്ധർവൻ" എന്ന സിനിമയിൽ അഭിനയിച്ചത്. 1996ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജാർഖണ്ഡിലെ ജംഷഡ്പൂരിൽ നിന്നു ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചിരുന്നു.