arun-jaitley-passes-away

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ അരുൺ ജെയ്‌റ്റ്‌ലി (66) അന്തരിച്ചു. ഡൽഹി എയിംസിൽ വച്ചായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടർന്ന് ഈ മാസം ഒമ്പതിനാണ് എയിംസിൽ പ്രവേശിപ്പിച്ചത്. ആദ്യം ചികിത്സകളോട് പ്രതികരിച്ചെങ്കിലും പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ മരണം അൽപ്പനേരം മുമ്പാണ് പുറത്തുവിട്ടത്. ഏറെക്കാലം രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായിരുന്ന ജെയ്‌റ്റ്‌ലി അനാരോഗ്യത്തെ തുടർന്നാണ് രണ്ടാം മോദി സർക്കാരിൽ നിന്നും മാറിനിന്നത്.

വിദ്യാർത്ഥി രാഷ്ട്രീയം മുതൽ തന്നെ സംഘരാഷ്ട്രീയത്തോട് ആഭിമുഖ്യം പുലർത്തിയിരുന്നു ജെയ്‌റ്റ്‌ലി ഡൽഹി സർവകലാശാലയിൽ പഠിക്കുന്നതിനിടെ എ.ബി.വി.പിയിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ഒരു ചാർട്ടേർഡ് അക്കൗണ്ടന്റ് ആകണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും നിയമപഠനത്തിന് ശേഷം അഭിഭാഷകനായാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതികളിലും അഭിഭാഷകനായി അദ്ദേഹം സേവനം അനുഷ്ഠിച്ചു. അടിയന്തരാവസ്ഥാകാലത്ത് 19 മാസത്തോളം തടവുശിക്ഷ അനുഭവിച്ചു. 1989ൽ വി.പി സിംഗിന്റെ മന്ത്രിസഭയുടെ കാലത്ത് അഡീഷണൽ സോളിസിറ്റർ ജനറൽ ആയിരുന്നു. 1991മുതൽ ബി.ജെ.പിയുടെ ദേശീയ നിർവാഹക സമിതി അംഗമായിരുന്ന ജെയ്റ്റ്‌ലി വാജ്‌പേയുടെ മന്ത്രിസഭയിൽ അംഗമായിരുന്നു.

2014ൽ പഞ്ചാബിൽ നിന്നും മത്സരിച്ചെങ്കിലും അമൃത്‌സറിൽ കോൺഗ്രസ് നേതാവ് അമരീന്ദർ സിംഗിനോട് പരാജയപ്പെട്ടു. ആദ്യ മോദിസർക്കാരിൽ പ്രതിരോധം, ധനകാര്യം തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള കാബിനറ്റ് പദവിയുള്ള മന്ത്രിയായി ചുമതലയേറ്റു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ രണ്ട് സാമ്പത്തിക പരിഷ്‌ക്കാരങ്ങൾ, നോട്ടുനിരോധനവും, ചരക്ക് സേവന നികുതിയും, നടപ്പിലാക്കിയത് ജെയ്‌റ്റ്‌ലിയുടെ കാലത്താണ്. വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ ശക്തമായ പ്രതിരോധവുമായി സർക്കാരിന്റെ രക്ഷയ്‌ക്കെത്തുന്ന ജെയ്‌റ്റ്‌ലി വീണ്ടും മന്ത്രിയാകണമെന്ന ആവശ്യം ഉയർന്നിരുന്നുവെങ്കിലും അനാരോഗ്യത്തെ തുടർന്ന് അദ്ദേഹം വിട്ടുനിൽക്കുകയായിരുന്നു.