കൊച്ചി : വീണ്ടുമെത്തിയ മഹാപ്രളയത്തിൽ സർവതും നശിച്ചവരുടെ കണ്ണീരൊപ്പാൻ പ്രദീപിന്റെ 'വീ ഷാൽ ഓവർ കം" രണ്ടാമൂഴത്തിനൊരുങ്ങുന്നു. ചിത്രകാരനും ഫാക്ടിലെ സീനിയർ സയന്റിസ്റ്റുമായ പ്രദീപ് പുരുഷോത്തമൻ ഇതിന്റെ ഭാഗമായി ദുരിതാശ്വാസമായി കാരുണ്യത്തിന്റെ ഉടുപ്പുകൾ വാരിക്കോരി നൽകിയ നൗഷാദിന്റെ ചിത്രമാണ് ആദ്യം വരച്ചത്. പ്രദീപ് കഴിഞ്ഞവർഷം ഒരു വാഗ്‌ദാനം ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ദുരന്ത ബാധിതരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 500 രൂപയിൽ കുറയാത്ത തുകനൽകി രസീത് തന്നാൽ കാരിക്കേച്ചർ വരച്ചുനൽകാം. ഇത്തരത്തിൽ 13 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലെത്തി. കേരളകൗമുദിയുൾപ്പെടെ ഇക്കാര്യം പ്രസിദ്ധീകരിച്ചിരുന്നു. ആ പഴയ വാഗ്‌ദാനമാണ് 'വീ ഷാൽ ഓവർ കം" എന്ന ചലഞ്ചിന്റെ രണ്ടാം ഭാഗത്തിലൂടെ പ്രദീപ് വീണ്ടും സജീവമാക്കുന്നത്.
രണ്ടാമൂഴം
'വീണ്ടുമിങ്ങനെ വേണ്ടിവരുമെന്ന് പ്രതീക്ഷിച്ചില്ല. ദുരന്തം വരുമ്പോൾ ചലഞ്ച് വേണ്ടെന്നു വയ്‌ക്കാനുമാവില്ല. എനിക്കു വിശ്വാസ്യതയോടെ അയക്കാവുന്ന, കണക്കുകൾ പരിശോധിക്കാവുന്ന, അർഹതപ്പെട്ടവർക്ക് കിട്ടുമെന്ന് ഉറപ്പുള്ള, എന്തെങ്കിലും സംഭവിച്ചാൽ ചോദ്യം ചെയ്യാൻ കഴിയുന്ന ഒന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് എന്ന് വിശ്വസിക്കുന്നു. അതിലേക്ക് പണം നൽകാനാണ് ചലഞ്ച് ആവശ്യപ്പെടുന്നത്. ചിത്രങ്ങൾ ഫേസ്ബുക്കിലെ എന്റെ ഇൻബോക്സിലോ മെസഞ്ചറിലോ അയയ്ക്കാം. അല്ലെങ്കിൽ 9446080266 വാട്ട്സ്ആപ്പ് നമ്പരിലും അയയ്‌ക്കാം"- പ്രദീപ് പറയുന്നു.
വരകളിൽ വ്യത്യസ്‌തൻ
പത്തനംതിട്ട ചെന്നീർക്കര സ്വദേശിയായ പ്രദീപ് എറണാകുളം കളമശേരി കുസാറ്റിന് സമീപം വൈശാഖത്തിലാണ് താമസം. ഭാര്യ ജയ എറണാകുളം കളക്‌ടറേറ്റിൽ ഉദ്യോഗസ്ഥയാണ്. സാഹിത്യകാരന്മാരെ അവരുടെ കൃതികളിലെ വാക്യങ്ങളിലൂടെ വരച്ചുകൊണ്ട് 'മൊഴിവര"യെന്ന പേരിൽ ചിത്രപ്രദർശനം നടത്തിയിട്ടുള്ള പ്രദീപ് ഫേസ്ബുക്കിലെ ചങ്ങാതിമാരുടെ മുഖങ്ങൾ ഓരോ ദിവസവും വരച്ച് 'ഫേസ്ബുക്ക് മുഖങ്ങളുടെ നൂറു ദിനങ്ങൾ" എന്ന പേരിലും ചിത്രപ്രദർശനം നടത്തിയിരുന്നു.