കോട്ടയം: സമൂഹമനസാക്ഷിയെ ഞെട്ടിച്ച കെവിൻ വധക്കേസിലെ ശിക്ഷ ചൊവ്വാഴ്ച വിധിക്കും. ശിക്ഷയുമായി ബന്ധപ്പെട്ട വാദം ഇന്ന് കോട്ടയം ജില്ലാ പ്രിൻസിപ്പഷൽ സെഷൻസ് കോടതിയിൽ പൂർത്തിയായി. ഒന്നര മണിക്കൂർ നീണ്ട വാദത്തിനൊടുവിലാണ് ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കാൻ കോടതി തീരുമാനിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് കോടതി നിരീക്ഷിച്ചു. ഇതിനിടെ കേസിലെ പ്രതികൾ കോടതി മുറിയിൽ പൊട്ടിക്കരഞ്ഞു. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
കോടതിയിൽ വാദം തുടങ്ങിയപ്പോൾ ചുമത്തപ്പെട്ട കുറ്റത്തിനുമേലുള്ള മറുപടി സാനു ചാക്കോ എഴുതി നൽകി. പിതാവ് മരിച്ചെന്നും വീട്ടിലെ കാര്യങ്ങൾ നോക്കേണ്ടത് താനെന്നും രണ്ടാംപ്രതി നിയാസ്, എട്ടാംപ്രതി നിഷാദും ഒമ്പതാം പ്രതി ടിറ്റോയും കോടതിയിൽ പൊട്ടിക്കരഞ്ഞു, മാതാപിതാക്കൾക്ക് മറ്റാരും ആശ്രയമില്ലെന്ന് ഇരുവരും കോടതിയെ അറിയിച്ചു.
അതേസമയം, പ്രതികളുടെ വികാരപ്രകടനം ശിക്ഷ കുറയ്ക്കാനുള്ള തന്ത്രമാണെന്ന് കെവിന്റെ പിതാവ് ജോസഫ് പ്രതികരിച്ചു. കേസിന്റെ വിചാരണ വേളയിൽ പ്രതികളുടെ സ്വഭാവം ഇങ്ങനയല്ല. അത് കോടതിക്ക് ബോദ്ധ്യമുണ്ട്. പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ജോസഫ് കൂട്ടിച്ചേർത്തു.
കെവിൻ വധം ദുരഭിമാനക്കൊലപാതകം തന്നെയാണെന്ന് കണ്ടെത്തിയ കോടതി കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനും ഒന്നാം പ്രതിയുമായ ഷാനു ചാക്കോ ഉൾപ്പെടെ 10 പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ചിരുന്നു. ബുധനാഴ്ച പ്രസ്‌താവിച്ച വിധിയിൽ നീനുവിന്റെ പിതാവും അഞ്ചാം പ്രതിയുമായ ചാക്കോ ജോൺ അടക്കം നാലുപേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. സംശയത്തിന്റെ ആനുകൂല്യത്തിലാണ് ചാക്കോയെ വെറുതേവിട്ടത്.
കേരളത്തിൽ ദുരഭിമാനക്കൊലപാതകമായി കോടതി കണ്ടെത്തിയ ആദ്യ കേസാണിത്. നീനുവിന്റെ നിർണായക മൊഴിയിലാണ് കോടതിയുടെ ഈ കണ്ടെത്തൽ. സവർണ ക്രിസ്‌ത്യാനിയായ കൊല്ലം സ്വദേശി നീനുവിനെ ദളിത് ക്രൈസ്തവനായ കെവിൻ ജോസഫ് പ്രണയിച്ച് വിവാഹം കഴിച്ചതിലെ ദുരഭിമാനം കാരണമായിരുന്നു കൊലപാതകം.
ഒന്നാം പ്രതി ഷാനു ചാക്കോ (27), രണ്ടാം പ്രതി നിയാസ് മോൻ (ചിന്നു - 24), മൂന്നാം പ്രതി ഇഷാൻ ഇസ്‌മെയിൽ (21), നാലാം പ്രതി റിയാസ് (27), ആറാം പ്രതി മനു മുരളീധരൻ (27), ഏഴാം പ്രതി ഷിഫിൻ സജാദ് (28), എട്ടാം പ്രതി എൻ. നിഷാദ് (23), ഒമ്പതാം പ്രതി ടിറ്റു ജെറോം (25), പതിനൊന്നാം പ്രതി ഫസിൽ ഷെരീഫ് (അപ്പൂസ്, 26), പന്തണ്ടാം പ്രതി ഷാനു ഷാജഹാൻ (25) എന്നിവരാണ് കുറ്റക്കാർ. പ്രതികളെല്ലാം ബന്ധുക്കളും സുഹൃത്തുക്കളുമാണ്. എല്ലാ പ്രതികൾക്കുമെതിരെ കൊലപാതകം (302), പണത്തിന് വേണ്ടിയല്ലാതെ തട്ടിക്കൊണ്ടുപോയി വിലപേശൽ (364 -എ), ഭീഷണിപ്പെടുത്തൽ (506(2)) എന്നീ കുറ്റങ്ങളും ഒന്ന്, രണ്ട്, നാല് പ്രതികൾക്കെതിരെ പ്രത്യേക ഗൂഢാലോചനയും ചുമത്തിയിട്ടുണ്ട്.
ആകെ 14 പ്രതികളാണുണ്ടായിരുന്നത്. ഏഴ് പ്രതികൾ ഒരു വർഷവും രണ്ടരമാസവുമായി ജാമ്യം ഇല്ലാതെ ജയിലിലാണ്. രണ്ട് പേർക്ക് ആറ് മാസത്തിന് ശേഷം ജാമ്യം ലഭിച്ചെങ്കിലും വിസ്താര സമയത്ത് സാക്ഷിയെ മർദ്ദിച്ച കേസിൽ ജാമ്യം റദ്ദായി.