fire-force

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ആ വാക്കുകൾ ആശ്വാസത്തിനായി പറയുന്നതായിരിക്കും എന്നാണ് പിണറായി വിജയനെ കാണാനെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കരുതിയത്. തീയണയ്ക്കാൻ പ്രത്യേക കുപ്പായമുണ്ടോ എന്നാണ് അദ്ദേഹം തന്നെ കാണാനെത്തിയ കേരള ഫയർസർവീസ് അസോസിയേഷൻ ഭാരവാഹികളോട് ചോദിച്ചത്. എന്നാൽ അത്തരം വേഷങ്ങളൊന്നുമില്ലെന്നും അഗ്നിരക്ഷാസേനാംഗങ്ങളിൽ മിക്കവരുടെയും ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടെന്നും മനസിലാക്കിയ മുഖ്യമന്ത്രി പറഞ്ഞ വാക്കുകകൾ ഇതാണ് 'അത് പാടില്ലല്ലോ, പരിഹാരം വേണ്ടേ, അതുണ്ടാക്കാം...' ഇന്നിതാ ആ പ്രശ്നത്തിന് പരിഹാരമായിരിക്കുന്നു. അഗ്നിരക്ഷാസേനയിലെ എല്ലാ അംഗങ്ങൾക്കും വിലകൂടിയ ചൂടുപ്രതിരോധക്കുപ്പായമെത്തിയിരിക്കുകയാണ് ഗംബൂട്ടും ഹെൽമെറ്റും അടങ്ങുന്ന ഒരുസെറ്റ് കുപ്പായത്തിന്റെ വില മുപ്പതിനായിരത്തിന് അടുത്താണ്. നാലായിരത്തോളം ഉദ്യോഗസ്ഥർക്ക് കുപ്പായം ലഭ്യമാക്കും.

ഈ കുപ്പായം ധരിച്ചാൽ തീയിൽ ചവുട്ടി നിന്ന് വെള്ളം ചീറ്റാനാവും, മുട്ടുലരെ ഉയരമുള്ള ബൂട്ടിന് മൂന്ന് ലെയറാണുള്ളത്. ഇത് തീ ആളിപ്പടരുന്ന് തടയും. ഇതുപോലെ തീ പെട്ടെന്നു പിടിക്കാത്ത സവിശേഷമായ തുണിയാൽ നിർമ്മിച്ച കുപ്പായവും തീ പിടിക്കാത്ത കൈയ്യുറയും സേനയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഈ കൈയ്യുറയാൽ തീപിടിക്കുന്ന സ്ഥലത്തെത്തി ചൂടായ ഇരുമ്പടക്കമുള്ള വസ്തുക്കൾ എടുത്തുമാറ്റാനാവും. ഇതുകൂടാതെ പതിനയ്യായിരം രൂപ വിലമതിക്കുന്ന ഹെൽമറ്റുകളും സേനയ്ക്കായി ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ മുഖം തീപ്പൊള്ളലിൽ നിന്നും സംരക്ഷിക്കുന്ന ഈ ഹെൽമറ്റിന് മുകളിൽ ടോർച്ചും ഘടിപ്പിച്ചിട്ടുണ്ട്.