manju-warrier

കടലിനക്കരെ മറ്റൊരു ലോകമുണ്ടെന്ന് തിരിച്ചറിഞ്ഞ കാലം മുതൽ കൊതിപ്പിക്കുകയും വശീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന തീരമാണ് മണൽഭൂമിയായ ഗൾഫ്. ജോലിക്കായി മലയാളികൾ പലായനം ചെയ്ത മറ്റൊരിടം. അങ്ങനെ ഗൾഫ് കേരളത്തിന്റെ അയൽപക്കക്കാരായി. ഗൾഫ് ജീവിതത്തെ കുറിച്ച് മലയാള സിനിമകളിലും പ്രവാസി ജീവിത കഥകൾ അലയടിച്ചു. ഇവിടെയാണ് 1999ൽ പി.ടി കുഞ്ഞുമുഹമ്മദ് ചിത്രമായ ഗർഷോമിന്റെ പ്രസക്തി. 'മഗ്‌രിബ്'എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് ചുവടുവച്ചത്. തുടർന്ന് ഗർഷോം, പരദേശി, വിശ്വാസപൂർവം മൻസൂർ, തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു.

മലയാള സമാന്തര ചലച്ചിത്രരംഗത്തെ ശ്രദ്ധേയനായ സം‌വിധായകനും നിർമാതാവും സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനുമായ അദ്ദേഹത്തിന്റെ സംവിധാനത്തിൽ പിറന്ന പ്രവാസി സിനിമയാണ് ഗർഷോം. എന്നാൽ,​ ഈ സിനിമയിൽ നായികയായി ഉർവശിക്ക് പകരം മഞ്ജുവാര്യരെയായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ചിത്രത്തിൽ നിന്നും മഞ്ജു പിന്മാറാനുള്ള കാരണം വെളിപ്പെടുത്തുകയാണ് പി.ടി കുഞ്ഞുമുഹമ്മദ്. ഒരു പ്രമുഖ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

"ഉർവശിയേക്കാൾ മുമ്പ് മഞ്ജുവാര്യരെയായിരുന്നു നായികയായി നിശ്ചയിച്ചത്. ഇതിന്റെ ഭാഗമായി ചെറിയ സംഖ്യ മഞ്ജുവിന് അഡ്വാൻസും നൽകിയിരുന്നു. എന്റെ വീടനടുത്തുതന്നെ ആയിരുന്നു മഞ്ജുവിന്റെ താമസവും. അഭിനയിക്കാൻ തയ്യാറാണെന്നും നടി പറ‌ഞ്ഞിരുന്നു. എന്നാൽ,​ പിന്നീടാണ് മഞ്ജു തീരുമാനം മാറ്റിയത്. ഗർഷോമിൽ നായകനായെത്തുന്നത് മുരളിയാണ്. ഇതായിരുന്നു പ്രാധാന കാരണം. ഇതേ വർഷം തന്നെ പുറത്തിറങ്ങിയ ജോഷി ചിത്രമായ "പത്ര"ത്തിൽ മഞ്ജുവിന്റെ അച്ഛനായാണ് മുരളി അഭിനയിച്ചത്. മഞ്ജുവിന് മാനസികമായി ചിത്രത്തിൽ അഭിനയിക്കാൻ പ്രയാസമുള്ളതായി അറിയിച്ചിരുന്നു-അദ്ദേഹം പറ‌ഞ്ഞു.

എന്നാൽ,​ മുരളിയെ ചിത്രത്തിൽ നിന്ന് മാറ്റാ‌ൻ സാധിക്കില്ലെന്നും മഞ്ജുവിന് തീരുമാനമെടുക്കാമെന്നും താൻ അറിയിച്ചതായി അദ്ദേഹം പറ‌ഞ്ഞു. പിന്നീട് അഡ്വാൻസ് നൽകിയ തുക ഒരു പ്രശ്നവുമില്ലാതെ മാന്യമായി തിരികെ ഏൽപ്പിച്ചു. ശേഷം ചിത്രത്തിൽ മഞ്ജുവിന് പകരമായാണ് ഉർവശി നായികയായിട്ട് വരുന്നത്.