modi-in-uae-

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എ.ഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഒഫ് സായിദ് മെഡൽ അബുദാബി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സമ്മാനിച്ചു. അബുദാബിയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ നടന്ന ചടങ്ങിലായിരുന്നു മെഡൽ സമ്മാനിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധം ശക്തമാക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചതിനാണ് ബഹുമതി. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.

കഴിഞ്ഞ വർഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഉൾപ്പെടെ മൂന്ന് പേർക്കായിരുന്നു പുരസ്കാരം. മുൻവർഷങ്ങളിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, എലിസബത്ത് രാജ്ഞി തുടങ്ങിയവരും ഈ ബഹുമതിക്കർഹരായിട്ടുണ്ട്.

റൂപെ കാർഡും പുറത്തിറക്കി

ഇന്ത്യയുടെ റൂപെ കാർഡ് ഗൾഫിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. അബുദാബിയില എമിറേറ്റ്‌സ് പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിലാണ് കാർഡ് പുറത്തിറക്കിയത്. മാസ്റ്റർ കാർഡിനും വിസ കാർഡിനും പകരമായി ഇന്ത്യ അവതരിപ്പിച്ചതാണ് റൂപെ കാർഡ്. ഇതോടെ റൂപേ കാർഡ് ആദ്യമായി എത്തുന്ന ഗൾഫ് രാജ്യമായി യു.എ.ഇ. സിംഗപൂരിലും ഭൂട്ടാനിലും നേരത്തെത്തന്നെ റൂപെ കാർഡ് പുറത്തിറക്കിയിരുന്നു.

ഷെയ്ഖ് മുഹമ്മദും മോദിയും ചേർന്ന് ഗാന്ധി സ്മാരക സ്റ്റാമ്പും പുറത്തിറക്കി. മഹാത്മാഗാന്ധിയുടെ 150–ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് പ്രത്യേക സ്റ്റാമ്പ് ഇറക്കിയത്.

'ഏറെ വിനയത്തോടെയാണ് ഓർഡർ ഒഫ് സായിദ് മെഡൽ സ്വീകരിച്ചത്. പുരസ്കാരം 130 കോടി ഇന്ത്യക്കാർക്ക് സമർപ്പിക്കുന്നു. ഈ അംഗീകാരത്തിന് യു.എ.ഇ സർക്കാരിനോട് നന്ദി പറയുന്നു".

പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്