ന്യൂഡൽഹി: മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാന്റെ ഒരുക്കം അണിയറയിൽ പുരോഗമിക്കുന്നു. യാത്രക്കാർക്ക് സ്പേസ് സ്യൂട്ടും ഇരിപ്പിടങ്ങളും നൽകുന്നതിനെക്കുറിച്ച് ഇന്ത്യയും റഷ്യയും തമ്മിൽ ചർച്ചകൾ നടത്തിയതായാണ് റിപ്പോർട്ട്. റഷ്യയുടെ ബഹിരാകാശ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന റോസ്കോസ്‌മോസ് ആണ് ഇക്കാര്യം പത്രക്കുറിപ്പിലൂടെ പുറത്തുവിട്ടത്. 2022ലേക്കാണ് മിഷൻ ഗഗൻയാനുവേണ്ടി ഇന്ത്യ തയാറെടുക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, റോസ്കോസ്‌മോസ് ഡയറക്ടർ ദിമിത്രി റോഗോഗിൻ എന്നിവർ ഇക്കഴിഞ്ഞ 21നാണ് മോസ്കോയിൽ വച്ച് ചർച്ചകൾ നടത്തിയത്. ഉപഗ്രഹ ഗതിനിയന്ത്രണം, എൻജിൻ സാങ്കേതികവിദ്യ, സുരക്ഷാക്രമീകരണങ്ങൾ, ബഹിരാകാശയാത്രികരെ വഹിക്കുന്ന ജി.എസ്.എൽ.വി മാർക്ക് 3 റോക്കറ്റ് തുടങ്ങിയ വിഷയങ്ങളെല്ലാം ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ചർച്ചചെയ്തതായാണ് റിപ്പോർട്ട്.
അതേസമയം, ഗഗൻയാനിന്റെ ഭാഗമാകുന്ന നാല് ഇന്ത്യാക്കാർക്ക് റഷ്യയിലെ യൂറി ഗഗാറിൻ കോസ്‌മോനട്ട് സെന്ററിൽ പരിശീലനം നൽകും.റോസ്കോസ്‌മോസിന്റെ ഭാഗമായ റഷ്യൻ സ്പേസ് ഏജൻസി ഗ്ലാവ്കോസ്‌മോസും ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനും (ഐ.എസ്.ആർ.ഒ) തമ്മിൽ ജൂൺ 27ന് ഒപ്പുവച്ച കരാർ പ്രകാരമാണ് പരിശീലനം. ഇന്ത്യയുടെ സ്വന്തം പ്രയത്‌നത്തിലാണ് ഗഗൻയാൻ ഒരുങ്ങുന്നതെങ്കിലും സാങ്കേതികമായ കാര്യങ്ങളിൽ റഷ്യപോലെയുള്ള രാജ്യങ്ങളുടെ പിന്തുണ ഐ.എസ്.ആർ.ഒ തേടിയിരുന്നു.
അമേരിക്കയുടെ ബഹിരാകാശ ഏജൻസിയായ നാസയുടെ സഹകരണവും ഈ ഉദ്യമത്തിലുണ്ടായേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇതു സംബന്ധിച്ച് സ്ഥിരീകരണമില്ല.